വിപണി മര്യാദ ലംഘിച്ചതിന് ഓണ്‍ലൈന്‍ ബുക്കിങ് സേവനം നല്‍കുന്ന മെയ്ക് മൈ ട്രിപ്, ഗോഐബിബോ, ഓയോ എന്നീ സൈറ്റുകള്‍ക്ക് 392.36 കോടി രൂപയുടെ പിഴ. മെയ്ക് മൈ ട്രിപ്പിന്റെ ഉപകമ്പനിയാണ് ഗോഐബിബോ. ഇരുകമ്പനികളും കൂടി 223.48 കോടി രൂപയാണ് അടയ്‌ക്കേണ്ടത്. ഓയോ 168.88 കോടി രൂപ നല്‍കണം.
മെയ്ക് മൈ ട്രിപ്പും ഗോഐബിബോയും അവരുമായി കരാറിലുള്ള ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ചട്ടമാണ് ശിക്ഷാനടപടിക്ക് കാരണമാക്കിയത്. ഹോട്ടലുകള്‍ക്ക് ഈ സൈറ്റുകള്‍ നിശ്ചയിച്ച നിരക്കിനു താഴെ മറ്റൊരു പ്ലാറ്റ്‌ഫോമിലോ സ്വന്തം വെബ്‌സൈറ്റിലോ ബുക്കിങ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു വ്യവസ്ഥ. മെയ്ക് മൈ ട്രിപ് ഓയോ പ്ലാറ്റ്‌ഫോമിന് അവിഹിതമായ തരത്തില്‍ മുന്‍ഗണന നല്‍കിയിരുന്നുവെന്നും സിസിഐ കണ്ടെത്തി. ഇത് മറ്റ് കമ്പനികളുടെ അവസരത്തെ ബാധിച്ചു. 2019ലാണ് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചത്.