സംസ്ഥാനത്ത് 7 മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴു മാസത്തിനിടെ സംസ്ഥാനത്തു പുതുതായി നിലവില്‍ വന്നത് 72091 സംരംഭങ്ങള്‍. ഇക്കാലയളവില്‍ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ കഴിഞ്ഞതായി മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണു സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. നാലു ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പയും ഹെല്‍പ് ഡെസ്‌ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ലക്ഷ്യമിട്ടതിനെക്കാള്‍ വേഗതയിലാണ് സംരംഭകവര്‍ഷാചരണം മുന്നേറുന്നതെന്നു മന്ത്രി പറഞ്ഞു.

ഇതിനിടെ, എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യുഎസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു വ്യവസായ വകുപ്പിനെ അറിയിച്ചു. മന്ത്രി സംഘടിപ്പിച്ച ‘മീറ്റ് ദ ഇന്‍വെസ്റ്റര്‍’ പരിപാടിയുടെ ധാരണ പ്രകാരം വെന്‍ഷ്വറിന്റെ പുതിയ ഓഫിസ് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവിടെ മന്ത്രി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോഴാണു നിക്ഷേപ വാഗ്ദാനം അറിയിച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ 2500 പേര്‍ക്കു ജോലി ലഭിക്കുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ കൂടുതല്‍ സ്ഥലം ഒരുക്കി നല്‍കാന്‍ തയാറാണെന്നു കിന്‍ഫ്ര അറിയിച്ചിട്ടുണ്ട്.

 

Related posts