ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ)സംഘടിപ്പിച്ച ഡെയര്‍ ടു ഡ്രീം മത്സരത്തില്‍ വിജയത്തിളക്കവുമായി കേരളം. പ്രതിരോധ മേഖലയിലെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രോഗ്രാമാണ് ഡെയര്‍ ടു ഡ്രീം. കേരളത്തില്‍ നിന്നുള്ള 4 സംഘങ്ങള്‍ ആകെ 20 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കി. ഗുജറാത്തില്‍ നടന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പുരസ്‌കാരങ്ങള്‍ കൈമാറി. സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ പത്തനംതിട്ടയിലെ കോന്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഐഡ്രോണ്‍ രണ്ടാം സമ്മാനമായ 8 ലക്ഷം രൂപ നേടി. അനി സാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച കൗണ്ടര്‍ ഡ്രോണ്‍ സംവിധാനത്തിനാണ് പുരസ്‌കാരം. കൊച്ചി കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഐറോവ് ടെക്‌നോളജീസ് വ്യക്തിഗത വിഭാഗത്തില്‍ പുരസ്‌കാരം കരസ്ഥമാക്കി. അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വികസിപ്പിച്ചതിനാണ് സിഇഒ ജോണ്‍സ്. ടി. മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. അണ്ടര്‍വാട്ടര്‍ സംവിധാനങ്ങള്‍ക്കുള്ള മെസേജിംഗ്, വോയിസ് സംവിധാനം വികസിപ്പിച്ചതിന്, കൊല്ലം ഏഴുകോണ്‍ സ്വദേശി ബി.സൂര്യസാരഥി രണ്ടാം സമ്മാനമായ 4 ലക്ഷം രൂപ നേടി. തിരുവനന്തപുരം സ്വദേശി രാജേഷ് സിങ്ങും സംഘവും വികസിപ്പിച്ച അനധികൃത ഡ്രോണുകള്‍ തകര്‍ക്കാനുള്ള സംവിധാനം മൂന്നാം സമ്മാനമായ 3 ലക്ഷം രൂപയും നേടി.