പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. 2007ന് ശേഷം ബാങ്കുകളില്‍ ജോലി ലഭിച്ച ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സമ്പ്രദായത്തില്‍ പെന്‍ഷന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള സംസ്ഥാന ഭരണകൂടങ്ങളുടെ തീരുമാനം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം.

പഞ്ചാബിലെ ആംആദ്മി സര്‍ക്കാരടക്കം ബിജെപി ഇതര രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പഴയ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ, പന്ത്രണ്ടാമത് ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന ആവശ്യം ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് മുന്നില്‍ വെച്ചിട്ടുണ്ട്. വിപണിയില്‍ രൂക്ഷമായ വിലക്കയറ്റം ആണെന്നും, ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ വിലക്കയറ്റത്തിന് ആനുപാതികമായ രീതിയില്‍ വര്‍ദ്ധനവ് ഉണ്ടാകണമെന്ന ആവശ്യമാണ് സംഘടനകള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമില്ലാത്ത പെന്‍ഷന്‍ പദ്ധതി റദ്ദാക്കി പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലും ആവശ്യമുയര്‍ന്നിരുന്നു. ഉറപ്പില്ലാത്ത പെന്‍ഷന്‍ പദ്ധതിയായ എന്‍പിഎസിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പോരാട്ടത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്നു.

Related posts