സൗജന്യ യാത്ര അവസാനിപ്പിക്കാന്‍ കെഎസ്ആര്‍ടിസി

വിദ്യാര്‍ത്ഥികളും അര്‍ഹരായവരും ഒഴികെയുള്ളവരുടെ സൗജന്യ യാത്ര അവസാനിപ്പിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി ആരംഭിച്ചു. ഒരുവര്‍ഷം സൗജന്യ യാത്രയ്ക്കായി കെഎസ്ആര്‍ടിസി മുടക്കുന്ന ശതകോടികളാണ്. സാമ്പത്തികമായി പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ അനര്‍ഹരുടെ സൗജന്യ യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയെ സമീപിക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രം സൗജന്യ പാസ് നല്‍കിയാല്‍ മതിയെന്നാണ് ഹൈക്കോടതി നിര്‍ദേശം .
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എന്തിനാണു കെഎസ്ആര്‍ടിസി സൗജന്യയാത്ര അനുവദിക്കുന്നതെന്നു ചോദിച്ചുകൊണ്ടാണ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പ്രതിവര്‍ഷം ഏകദേശം 310 കോടി രൂപയുടെ സൗജന്യ യാത്രയാണ് കെഎസ്ആര്‍ടിസി നല്‍കുന്നത്. ഇത്രയും ഭീമമായ തുകയ്ക്കുള്ള സൗജന്യ യാത്ര അനുവദിക്കുന്നത് കൊണ്ട് കെഎസ്ആര്‍ടിസിക്ക് എന്ത് നേട്ടമാണുള്ളതെന്നാണ് ഹൈക്കോടതി ചോദിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെ സ്ഥാപനം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സൗജന്യ പാസുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യമാണ് ഹൈക്കോടതി ചോദ്യം ചെയ്തത്.

 

 

Related posts