ടെസ്ല ഉടമസ്ഥന് ഇലോണ്‍ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തു. ഏറ്റെടുത്ത ഉടന്‍തന്നെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ മസ്ക് പുറത്താക്കി. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി യുഎസ് മാധ്യമങ്ങളായ വാഷിങ്ടണ്‍ പോസ്റ്റും സിഎന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തു.
44 ബില്യണ്‍ ഡോളറിനാണ് മസ്ക് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഓഹരി ഒന്നിന് 52.78 ഡോളര്‍ നിരക്കിലാണ് ഇടപാട്. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്റര്‍ ഡീലിനായി 13 ബില്യണ്‍ ഡോളറാണ് മസ്കിന് ബാങ്കുകള്‍ വായ്പ നല്‍കുന്നത്.
ട്വിറ്ററിനെ മസ്ക് എങ്ങനെയാവും പൊളിച്ചുവാര്‍ക്കുകയെന്ന് ലോകം ഉറ്റുനോക്കുകയാണ്. സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് വരുമാനം ഉയര്‍ത്താനാവും മസ്ക് ശ്രമിക്കുക. ഇടപാട് പൂര്‍ത്തിയാവുന്ന മുറയ്ക്ക് ട്വിറ്ററിലെ ജീവനക്കാരില്‍ 75 ശതമാനം പേരെയും പിരിച്ചുവിട്ടേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിയാല്‍ മൂന്ന് മില്യണ്‍ ഡോളര്‍ ലാഭിക്കാമെന്ന് മസ്ക് പറഞ്ഞിരുന്നു. അതിനാല്‍ ട്വിറ്ററില്‍ ഒരു കൂട്ടുപിരിച്ചുവിടല്‍ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.