ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ അടിയന്തരമായി കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ, സമ്പദ്വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയതിനാല്‍ ഇവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കിയ സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്.
ഇടപാടുകളുടെ നൂലമാലകളും, സാങ്കേതിക തടസ്സങ്ങളും ഇല്ലാതെ ഹ്രസ്വകാല വായ്പകളോ മൈക്രോ ക്രെഡിറ്റുകളോ നല്കുന്ന അനധികൃത ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഇപ്പോള്‍ രാജ്യത്ത് വ്യാപകമാണ്. അമിതമായ പലിശയില്‍ പണം നല്കുന്ന ഇവയ്ക്കെതിരെ ഇന്ത്യയിലുടനീളം ധാരാളം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോണ്ടാക്റ്റുകള്, ലൊക്കേഷന്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പോലുള്ള കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങള്‍ ബ്ലാക്ക്മെയിലിംഗിനും ഉപദ്രവിക്കലിനും കടം കൊടുക്കുന്ന ആപ്പുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിക്കുന്നു. ഈ നിയമവിരുദ്ധമായ വായ്പാ ആപ്ലിക്കേഷനുകള്‍ നടത്തിയ ലോണ്‍ തിരിച്ചടപ്പിക്കാനുള്ള ക്രൂരമായ രീതികള്‍ ഇന്ത്യയിലുടനീളം നിരവധിപേരുടെ ജീവന് അപഹരിച്ചുവെന്നാണ് വിവരം.
ഈ പ്രശ്നം ദേശീയ സുരക്ഷ, സമ്പദ്വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പറയുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണം ഇല്ലാത്ത ഈ നിയമവിരുദ്ധ വായ്പാ ആപ്പുകള്‍ ബള്‍ക്ക് എസ്എംഎസ്, ഡിജിറ്റല്‍ പരസ്യം, ചാറ്റ് മെസഞ്ചറുകള്‍, മൊബൈല്‍ ആപ്പ് സ്റ്റോറുകള്‍ എന്നിവ പരസ്യത്തിനും, പ്രചാരണത്തിനുമായി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇത്തരം ആപ്പുകളില്‍ നിന്നും ലോണുകള്‍ ലഭിക്കുന്നതിന്, കോണ്ടാക്റ്റുകളിലേക്കും ലൊക്കേഷനിലേക്കും ഫോണ്‍ സ്റ്റോറേജിലേക്കും കടം വാങ്ങുന്നയാള്‍ നിര്‍ബന്ധിത ആക്സസ് നല്‍കേണ്ടതുണ്ട്.ആര്‍ബിഐയുടെ ഫെയര്‍ പ്രാക്ടീസ് കോഡ് ലംഘിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള റിക്കവറി ഏജന്റുമാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റ് ദുരുപയോഗ പ്രവര്‍ത്തനങ്ങളും ഉപയോഗിച്ച് പൗരന്മാരെ ഉപദ്രവിക്കാനും ബ്ലാക്ക്മെയില്‍ ചെയ്യാനും ഈ ഡാറ്റ ദുരുപയോഗം ചെയ്യുന്നുണ്ട്.
ഡിസ്പോസിബിള്‍ ഇമെയിലുകള്‍, വെര്‍ച്വല്‍ നമ്പറുകള്‍, മ്യൂള്‍ അക്കൗണ്ടുകള്‍, ഷെല്‍ കമ്പനികള്‍, പേയ്മെന്റ് അഗ്രഗേറ്ററുകള്, എപിഐ സേവനങ്ങള്‍ (അക്കൗണ്ട് മൂല്യനിര്‍ണ്ണയം, ഡോക്യുമെന്റ് വെരിഫിക്കേഷന്), ക്ലൗഡ് ഹോസ്റ്റിംഗ്, ക്രിപ്റ്റോകറന്‍സി തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ സംഘടിത സൈബര്‍ കുറ്റകൃത്യമാണ് ഇതെന്ന് അന്വേഷണത്തിന് ശേഷം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.