നോട്ടുബുക്കും കടലാസും ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി കെ.പി.പി.എല്‍ വളരണം : മന്ത്രി ബാലഗോപാല്‍

പത്രക്കടലാസ് മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ളവയും കേരള പേപ്പര്‍ പ്രോഡക്ട്സ് (കെ.പി.പി.എല്‍) ഉത്പാദിപ്പിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന്റെ ഉദ്ഘാടനം വെള്ളൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പേപ്പര്‍ നിര്‍മ്മാണത്തിനാവശ്യമായ മുള വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും വെട്ടാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും. മാര്‍ച്ചോടെ കെ.പി.പി.എല്ലിന്റെ ഉത്പാദനം ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ തൊഴിലാളികള്‍ക്ക് സ്ഥിരംനിയമനം നല്‍കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് അറിയിച്ചു. 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണ് ലക്ഷ്യം. 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും.

കെ.പി.പി.എല്‍ അങ്കണത്തില്‍ ആദ്യ ലോഡുമായുള്ള വാഹനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡി-ഇങ്കിംഗ് ഫാക്ടറിയുടെ സ്വിച്ച് ഓണ്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ഒത്തുചേര്‍ന്ന് പേപ്പര്‍ ഉത്പാദനത്തിന്റെ പ്രതീകാത്മക റോള്‍ ഓണ്‍ നിര്‍വഹിച്ചു. വുഡ് ഫീഡിംഗിന്റെ വിദൂര നിയന്ത്രിത ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ സി.കെ.ആശ, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts