നിലവിലുള്ള എല്ലാ വെരിഫൈഡ് അക്കൗണ്ടുകളും ‘നീല ടിക്’ നിലനിര്‍ത്താന്‍ പരമാവധി തുകയായ 8 ഡോളര്‍ (ഏകദേശം 660 രൂപ) പ്രതിമാസം നല്‍കിയാല്‍ ട്വിറ്ററിന് പ്രതിമാസം അധികവരുമാനമായി ലഭിക്കുക ഏകദേശം 28.05 കോടി രൂപ. എന്നാല്‍ ഓരോ രാജ്യത്തിന്റെയും വാങ്ങല്‍ശേഷി തുല്യതയുടെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി- പിപിപി) അടിസ്ഥാനത്തിലായിരിക്കും ചാര്‍ജ് എന്നതിനാല്‍ ഇത്രയും പണം ട്വിറ്ററിന് ലഭിക്കണമെന്നില്ല. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ട്വിറ്ററിലുള്ള വെരിഫൈഡ് പ്രൊഫൈലുകളുടെ എണ്ണം 4.23 ലക്ഷമാണ്.
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രൊഫൈലുകളുടെ ആധികാരികത സാക്ഷ്യപ്പെടുത്താന്‍ നിലവില്‍ ട്വിറ്റര്‍ സൗജന്യമായാണ് നീല ടിക് മാര്‍ക് നല്‍കുന്നത്. എന്നാല്‍ ഈ ‘നീല ടിക്’ അടക്കമുള്ള പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം പരമാവധി 8 ഡോളര്‍ വരെ ഈടാക്കാനാണ് കമ്പനി ഏറ്റെടുത്ത ഇലോണ്‍ മസ്‌കിന്റെ തീരുമാനം. നീല ടിക് അടക്കം ട്വിറ്ററിന്റെ പ്രീമിയം സേവനങ്ങള്‍ അടങ്ങുന്ന ‘ട്വിറ്റര്‍ ബ്ലൂ’ പാക്കേജിനായിരിക്കും ചാര്‍ജ്. റിപ്ലൈ, മെന്‍ഷന്‍, സെര്‍ച് എന്നിവയില്‍ മുന്‍ഗണന, ദൈര്‍ഘ്യമേറിയ വിഡിയോയും ഓഡിയോയും പോസ്റ്റ് ചെയ്യാന്‍ സൗകര്യം, കുറവ് പരസ്യങ്ങള്‍ തുടങ്ങിയവയാണ് സേവനങ്ങള്‍.
വാങ്ങല്‍ശേഷി (പിപിപി) അനുസരിച്ചാണെങ്കില്‍ 660 രൂപ ഇന്ത്യന്‍ ഉപയോക്താക്കള്‍ നല്‍കേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. വിവിധ കറന്‍സികളുടെ വാങ്ങല്‍ശേഷി തുല്യതയാണ് പിപിപി ആയി അളക്കുക. ലോക ബാങ്കിന്റെ 2021ലെ കണക്കനുസരിച്ച് ഒരു ഡോളറിന് പിപിപി നിരക്കായി നിശ്ചയിച്ചിരിക്കുന്നത് 23 രൂപയാണ്. അങ്ങനെയെങ്കില്‍ 8 ഡോളറിന് ഏകദേശം 184 രൂപ നല്‍കിയാല്‍ മതിയാകുമെന്നാണ് വിലയിരുത്തല്‍. ഇതേ രീതി തന്നെയാണോ ട്വിറ്റര്‍ അവലംബിക്കുകയെന്നു വ്യക്തമല്ല.