2047ഓടെ മെട്രോയും ബസുകളും ഉള്‍പ്പടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവന്‍ സാധ്യതകളും പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കൊച്ചിയില്‍ ഇന്നലെ ആരംഭിച്ച അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനം തിരഞ്ഞെടുക്കുന്ന തരത്തില്‍ മാറാനാകണം. സോളാര്‍ പാനലുകളുടെ വില കുറയ്ക്കുന്നതില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പഞ്ചസാരയ്ക്ക് പുറമെ കാര്‍ഷികാവശിഷ്ടങ്ങള്‍, വൈക്കോല്‍, മുള എന്നിവയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കൊച്ചിയിലുള്‍പ്പെടെ സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ നല്ല രീതിയില്‍ മുന്നേറുന്നുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.