കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ കേരളത്തിലെ പ്രമുഖ സംരംഭക മേഖലയായ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും ഇന്നൊവേറ്റീവ് ആയ വിവിധ പദ്ധതികളും കടന്നുവരുന്നു. തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഡെസ്റ്റിനേഷനുകളും കേരളത്തില്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്ത് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാരവന് ടൂറിസവും കോണ്‍ഷ്യസ് ട്രാവലും പോലെയുള്ള വ്യത്യസ്തരം ആശയങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതാകട്ടെ, സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രകടനവുമായി ജനകീയ അംഗീകാരം നേടിയെടുത്ത ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും. കേരളത്തിലെ ടൂറിസം മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് മുന്നേറുന്ന, ടൂറിസ്റ്റുകള്‍ക്കും ടൂറിസം സംരംഭകര്‍ക്കും ഫലപ്രദമാകുന്ന നിരവധി പദ്ധതികളിലൂടെ കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിമുഖത്തില്‍ നിന്ന്.
ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 100 പുതിയ ടൂറിസം ഇടങ്ങള്‍
കോവിഡിന് ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഉണ്ടാകുന്നത്. നമുക്ക് നിലനില്‍ക്കുന്ന ഡെസ്റ്റിനേഷനുകള്‍ പരിപാലിക്കുന്നതിനൊപ്പം തന്നെ പുതിയ ഡെസ്റ്റിനേഷനുകളെ കണ്ടെത്താനും വികസിപ്പിക്കുവാനും സാധിക്കണം. ഡെസ്റ്റിനേഷന്‍ ചലഞ്ചിന്റെ ലക്ഷ്യം അതാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലും ഒന്നില്‍ കുറയാത്ത ഒരു പുതിയ വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചാണ് ടൂറിസം വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനോടകം തന്നെ നിരവധി അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. വിശദമായ പ്രോജക്ട് പരിശോധനകള്‍ നടക്കുകയാണ്.
ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ കൃത്യമായ പരിപാലനവും ശുചിത്വവും
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം പ്രാഥമികമായി അതത് ഡിടിപിസി (District Tourism Promotion Council) കളുടെ മേല്‍നോട്ടത്തിലാണ്. കൂടാതെ ചില പ്രധാന ഡെസ്റ്റിനേഷനുകള്‍ക്ക് ഡിഎംസി (Destination Management Committee)കളുമുണ്ട്. കാലനുസൃതമായ പരിപാലനത്തിനായി ടൂറിസം വകുപ്പ് ആവശ്യമായ ഫണ്ടുകള്‍ അനുവദിച്ചു നല്കുന്നു. ശുചിത്വം എന്നത് ഒരു ജീവിതചര്യയായി മാറേണ്ടതുണ്ട്. ടൂറിസത്തിന്റെ ജനകീയവത്ക്കരണമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച നാടിന്റെ പൊതു വികസത്തിനു ഗുണകരമാകുമെന്ന തിരിച്ചറിവ് ജനങ്ങളില്‍ എത്തിക്കുക എന്നത് മുഖ്യമാണ്. സഞ്ചാരികളുടെ വരവ് തങ്ങളുടെ കൂടെ ജീവിത സൗകര്യങ്ങളെയും നിലവാരത്തേയും ഉയര്‍ത്തുമെന്ന ബോധ്യമുള്ള ഒരു ജനത കേരളീയ ടൂറിസം വികസനത്തിന് അത്യന്താപേക്ഷിതമാണ്. ടൂറിസം ക്ലബ്ബുകള്‍ സജ്ജമാക്കി, ഡെസ്റ്റിനേഷനുകളുടെ പരിപാലനം നടത്താനും ആലോചിക്കുന്നുണ്ട്. ഓരോ ഡെസ്റ്റിനേഷന്റേയും ചുമതല ഓരോ ടൂറിസം ക്ലബ്ബുകള്‍ക്ക് നല്‍കാനാണ് ആലോചിക്കുന്നത്. ശുചിത്വം, പരിപാലനം തുടങ്ങിയവ ടൂറിസം ക്ലബ്ബുകളുടെ ചുമതലയിലാകും.
കോണ്‍ഷ്യസ് ട്രാവല്‍ കേരളത്തിലേക്കും
സംസ്ഥാനത്ത് കോണ്‍ഷ്യസ് ട്രാവല്‍ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിനോദ സഞ്ചാരികള്‍ കൂടുതല്‍ ദൂരമുള്ള ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യുകയും സാധാരണയിലും നീണ്ട കാലത്തേക്ക് ആ സ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. പ്രാദേശിക ജീവിത രീതികളെയും ദൈനംദിന ഉത്പന്നങ്ങളേയും പൂര്‍ണമായി അടുത്തറിയുന്ന ഉപഭോക്താക്കളായി തന്നെ സഞ്ചാരികള്‍ അവിടങ്ങളില്‍ ഒരു നിശ്ചിത കാലത്തേക്ക് ജീവിക്കുന്ന രീതി കൂടിയാണ് കോണ്‍ഷ്യസ് ട്രാവല്‍. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി നമ്മള് മുന്നോട്ടു വെയ്ക്കുന്ന എക്സ്പീരിയന്‍സ് ടൂറിസം ഇത്തരം യാത്രികരെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതാണ്.
ടൂറിസം സംരംഭകരെ ആകര്‍ഷിക്കാന്‍
ടൂറിസം കേരളത്തിന്റെ ഏറ്റവും നിര്‍ണായകമായ വികസന പദ്ധതിയാണ്. പതിനഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് നേരിട്ടോ അല്ലാതെയോ തൊഴില്‍ നല്കുന്ന മേഖലയാണ്. കോവിഡിനു മുന്‍പ് പ്രതിവര്‍ഷം നാല്പതിനായിരം കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് ടൂറിസം വഴി ലഭ്യമായിരുന്നു. ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ സംരംഭങ്ങളും നിക്ഷേപങ്ങളും അനിവാര്യമാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിന്റെ പ്രാഥമികമായ ചുവട് വെപ്പ് ടൂറിസത്തെ ഒരു വ്യവസായമാക്കി പ്രഖ്യാപിക്കുക എന്നതാണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും പരിഗണനയിലുള്ള ഒരു വിഷയമതാണ്. അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ടൈം മാഗസിന്റെ അംഗീകാരവും വിദേശ ടൂറിസ്റ്റുകളുടെ കടന്നുവരവും
കോവിഡ് മഹാമാരിയേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും വിനോദ സഞ്ചാര മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തിയ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്കുള്ള ഒരു അഭിനന്ദനം കൂടിയായാണ് ടൈം മാഗസിന് അംഗീകാരത്തെ കാണുന്നത്. നമ്മള് തുടക്കമിട്ട കാരവാന് ടൂറിസവും കാരവാന് പാര്‍ക്കും ടൈം മാഗസിന് എടുത്തുപറഞ്ഞു. കോവിഡിനു മുന്‍പുള്ള രീതിയിലേക്ക് വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഉയര്‍ന്നിട്ടില്ല എന്നത് ശരിയാണ്. കോവിഡിന്റെ പരിക്കുകളില്‍ നിന്ന് ലോകം പൂര്‍ണമായി മോചിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീങ്ങുന്നതോടെ കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നതില്‍ സംശയം വേണ്ട.
ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകള്‍
കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ വികസനമാണ്. സുസ്ഥിരവും ജനങ്ങളുടെ ജീവനോപാദികളുടെ വികാസം ലക്ഷ്യമിട്ടുള്ളതുമാണ് ഈ പ്രവര്‍ത്തനങ്ങള്‍. ഗ്രാമീണ ജീവിത രീതികള്‍, പ്രാദേശിക ഉത്പാദന മേഖലകള്‍, ഭക്ഷണ ശൈലികള്‍ എല്ലാം ടൂറിസത്തിന്റെ അനന്തമായ സാധ്യതകളെ ഉള്‍ക്കൊള്ളുന്നവയാണ്. പരസ്പരപൂരിതമായ ഒരു സാംസ്കാരിക വിനിമയം ലോക സഞ്ചാരികളുമായി പങ്കുവെയ്ക്കാന്‍ പ്രാപ്തമാണ് നമ്മുടെ ഗ്രാമീണ ടൂറിസം മേഖല. എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം, എത്നിക്ക് ക്യൂസിന്‍സ് സംരംഭങ്ങള്‍, ഫാം ടൂറിസം, അഗ്രി ടൂറിസം തുടങ്ങിയ പദ്ധതികള്‍ വിപുലപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഉത്തരവാദിത്ത ടൂറിസം സാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്നതിലൂടെ ഗ്രാമീണ ടൂറിസം സാധ്യതകളും എക്സ്പ്ളോര്‍ ചെയ്യപ്പെടും. സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി വിവിധ സ്ട്രീറ്റുകള്‍ സജ്ജമാക്കി പ്രത്യേക ടൂറിസം പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ഡെസ്റ്റിനേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടണം
കേരളത്തില്‍ നിലനില്‍ക്കുന്ന ഡെസ്റ്റിനേഷനുകളുടെ പരിപാലനവും വികസനവും അത്യന്താപേക്ഷിതമാണ്. ടൂറിസം വകുപ്പ് ഇതിനു പ്രഥമ പരിഗണന നല്‍കുന്നുണ്ട്. കേരളത്തെ അന്താരാഷ്ട്ര ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളുടെ ടോട്ടല്‍ റീവാംപിങ്ങിനായി പ്രത്യേക പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് കോവളത്ത് കിഫ്ബി സഹായത്തോടെ 93 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്.
ആയുര്‍വേദ ടൂറിസം പദ്ധതികള്‍
ആയുര്‍വേദം കേരളത്തിന്റെ ട്രേഡ് മാര്‍ക്കാണ്. ആയുര്‍വേദത്തെ കുറിച്ച് മനസിലാക്കാനും ആയുര്‍വേദ ചികിത്സയ്ക്കും ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. വെല്‍നസ് ടൂറിസം ഇപ്പോള്‍ ആഗോള തലത്തില്‍ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്ന ഒന്നാണ്. കേരളത്തിലും ഇത് പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആയുര്‍വേദം വെല്‍നസ് ടൂറിസത്തില്‍ ഏറ്റവും സാധ്യതയുള്ള മേഖലയാണ്.
കാരവാന് ടൂറിസത്തിന് ലഭിച്ച സ്വീകാര്യത
ഹൗസ്ബോട്ടിനു ശേഷം, അതായത് ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു പുതിയ ടൂറിസം ഉത്പന്നം കേരളം അവതരിപ്പിച്ചതാണ് കാരവാന്. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര, സ്ഥിരം താമസ സൗകര്യങ്ങള്‍ നിര്‍മിക്കുവാന്‍ പ്രയാസകരമായ ഡെസ്റ്റിനേഷനുകളെ എക്സ്പ്ലോര്‍ ചെയ്യാനുള്ള സൗകര്യം ഇതെല്ലാം കാരവാനെ ഈ കാലഘട്ടത്തിലെ ഏറ്റവും ആകര്‍ഷകമായ ടൂറിസം പ്രൊഡക്ട് ആക്കി മാറ്റുന്നു. ടൈം മാഗസിന് ഈ നേട്ടത്തെ എടുത്തു പറയുകയും ചെയ്തു. കേരള ടൂറിസത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് കാരവാന്.
വരാനിരിക്കുന്നത് ആകര്‍ഷകമായ പദ്ധതികള്‍
കേരളത്തെയാകെ ഒരു ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. കേരള ടൂറിസത്തിന് സന്തുലിതമായ വളര്‍ച്ച ഉറപ്പാക്കും. അതിനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ്. കേരളത്തിന്റെ സാധ്യതകളെ മുഴുവന്‍ എക്സ്പ്ളോര്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഫുഡ് ടൂറിസത്തിന്റെ സാധ്യത തുറക്കുന്ന ഫുഡ് സ്ട്രീറ്റുകള്‍ തയ്യാറാക്കും. നൈറ്റ് ലൈഫ് ആസ്വദിക്കുന്നതിനുള്ള പദ്ധതി ഉണ്ടാകും. സിനിമാ ടൂറിസം വികസിപ്പിക്കും. ക്രൂയിസ് ടൂറിസവും ഹെലികോപ്റ്റര്‍ ടൂറിസവും സജ്ജമാക്കും. ഈ തരത്തില്‍ പുതിയ പദ്ധതികളും പുതിയ ഡെസ്റ്റിനേഷനുകളുമായി കേരള ടൂറിസത്തെ വളര്‍ത്താനാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി കേരള ടൂറിസം മാറും.