ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴില്‍ മേഖലകളേയും സ്വീകരിക്കുന്നതാകണം വര്‍ക്ക് നിയര്‍ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പാക്കുന്ന വര്‍ക്ക് നിയര്‍ ഹോമുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സിലും (കെ-ഡിസ്‌ക്) കേരള നോളഡ്ജ് ഇക്കണോമി മിഷനും ചേര്‍ന്നു സംഘടിപ്പിച്ച കണ്‍സള്‍ട്ടേഷന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐടിക്കു പുറമേ ഇലക്ട്രോണിക്‌സ്, ഫിനാന്‍സ്, ബാങ്കിങ്, അഗ്രികള്‍ച്ചര്‍ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്ത് ഒന്നോ രണ്ടോ വര്‍ക്ക് നിയര്‍ ഹോമുകള്‍ തുടങ്ങിക്കാണിക്കുക വഴിയാണ് ഈ പദ്ധതിയിലേക്കു കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ കഴിയുന്നത്. ഇതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പ്രാദേശിക സൗകര്യങ്ങളുണ്ടെങ്കില്‍ വര്‍ക്ക് നിയര്‍ ഹോമുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. കമ്പനികള്‍ തയാറായാല്‍ ആറു മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാകും.
വിജയിക്കുന്ന മോഡലുകളാണ് തൊഴില്‍ മേഖലയ്ക്ക് ഇനി ആവശ്യമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലിന്റെ സ്വഭാവത്തില്‍ ലോകമാകെ വലിയ മാറ്റങ്ങള്‍ വരികയാണ്. ഇപ്പോഴത്തെ ജോലികള്‍ പലതും ഇല്ലാതാകും. പുതിയ ജോലികള്‍ വരും. സ്വപ്നം കാണാനാകാത്ത മാറ്റമാണ് ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല മേഖലയിലും ആദ്യം എത്തുന്നവര്‍ക്കാണ് ഗുണഫലങ്ങള്‍ ഏറെ കിട്ടുക. വര്‍ക്ക് നിയര്‍ ഹോമുകളുടെ കാര്യത്തിലും ആദ്യം എത്തുന്നവര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഹൈസിന്ദ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കെ-ഡിസ്‌ക് എക്‌സിക്യൂട്ടിവ് ചെയര്‍പേഴ്‌സണ്‍ ഡോ. കെ.എം. ഏബ്രഹാം, മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.