കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (K-DISC) മുന്‍നിര പദ്ധതിയായ യങ്ങ് ഇന്നവേറ്റര്‍സ് പ്രോഗ്രാം (YIP) 2022, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വ്വകലാശാകളുടെയും മറ്റ് ഏജന്‍സികളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 13 മുതല്‍ 37 വയസ്സ് വരെയുള്ള യുവജനങ്ങളില്‍ യഥാര്‍ത്ഥ ജീവിത പ്രശ്‌ന പരിഹാരത്തിനു വേണ്ടിയുള്ള നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ, സംസ്ഥാനതല വിജയികളാകുന്ന ടീമുകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു. YIP പ്രൊജക്റ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമൈന്‍, സാങ്കേതികവിദ്യ, ബിസിനസ്സ് പ്ലാന്‍ രൂപീകരണം, ബൗദ്ധിക സ്വത്ത് സംരക്ഷണം, പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയില്‍ വിദഗ്ദ്ധരുടെ മെന്ററിങ് ലഭിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ സമാനതകളില്ലാത്ത ഇന്നൊവേഷന്‍ പദ്ധതിയാണ് യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം എന്ന് കെ-ഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.