മദ്യത്തിനു 4% വില്‍പന നികുതി വര്‍ധന; മന്ത്രിസഭയുടെ അംഗീകാരം

വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനും ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വില്‍പന നികുതി 4% വര്‍ധിപ്പിക്കുന്നതിനുമുള്ള പൊതുവില്‍പന നികുതി നിയമ ഭേദഗതി ബില്ലിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്യുന്നതോടെ മദ്യ വില ഉയരും. നിലവില്‍ മദ്യത്തിന്റെ നികുതി 247 % ആണ്. ഇത് 251 % ആയി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ 5% വിറ്റുവരവു നികുതിയാണ് ഒഴിവാക്കിയത്.

ഇതു മൂലം മദ്യക്കമ്പനികള്‍ക്ക് വര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. ഇതു മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താന്‍ മദ്യ ഉപഭോക്താക്കളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പിക്കാനാണ് തീരുമാനം. വില്‍പന നികുതി 4% ഉയര്‍ത്തുന്നതിനൊപ്പം ബവ്‌റിജസ് കോര്‍പറേഷന്റെ കൈകാര്യച്ചെലവ് ഇനത്തിലുള്ള തുകയില്‍ 1% വര്‍ധന വരുത്താനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മതി. ഇതും മദ്യവില വര്‍ധനയ്ക്ക് ഇടയാക്കും.എന്നാല്‍ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാന്‍ വില്‍പന നികുതി നിയമത്തില്‍ ഭേദഗതി വരുത്തണം. ഇതിന്റെ ഭാഗമായി 2022ലെ കേരള പൊതുവില്‍പന നികുതി നിയമ (ഭേദഗതി) ബില്ലിന്റെ കരടിനാണ് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കിയത്.

 

Related posts