സംസ്ഥാനത്ത് 7 മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴു മാസത്തിനിടെ സംസ്ഥാനത്തു പുതുതായി നിലവില്‍ വന്നത് 72091 സംരംഭങ്ങള്‍. ഇക്കാലയളവില്‍ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ കഴിഞ്ഞതായി മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണു സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. നാലു ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പയും ഹെല്‍പ് ഡെസ്‌ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ലക്ഷ്യമിട്ടതിനെക്കാള്‍ വേഗതയിലാണ് സംരംഭകവര്‍ഷാചരണം മുന്നേറുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനിടെ, എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യുഎസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു വ്യവസായ വകുപ്പിനെ അറിയിച്ചു. മന്ത്രി സംഘടിപ്പിച്ച ‘മീറ്റ് ദ ഇന്‍വെസ്റ്റര്‍’ പരിപാടിയുടെ ധാരണ പ്രകാരം വെന്‍ഷ്വറിന്റെ പുതിയ ഓഫിസ് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവിടെ മന്ത്രി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍…

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 223.10 കോടി രൂപയുടെ ലാഭം

2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 246.43 കോടി രൂപയാണ് നികുതി അടവുകള്‍ക്കു മുന്‍പുള്ള ലാഭം. ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ്. പലിശ വരുമാനം 726.37 കോടി രൂപ; ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ പലിശ വരുമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 14.10% വര്‍ധിച്ച് 30,548 കോടി രൂപയായി. റീട്ടെയ്ല്‍ നിക്ഷേപം 5.71% വര്‍ധിച്ച് 87,111 കോടി രൂപയിലും എന്‍ആര്‍ഐ നിക്ഷേപം 2.52% വാര്‍ഷിക വളര്‍ച്ചയോടെ 27,500 കോടി രൂപയിലുമെത്തി.  

ഗൂഗിള്‍ വിപണി മര്യാദ ലംഘിച്ചു; പിഴ രൂപ 1337 കോടി

വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴയിട്ടു. ഇന്ത്യയില്‍ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്. ഇന്ത്യയില്‍ ഗൂഗിള്‍ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായുള്ള ആന്‍ഡ്രോയ്ഡ് ലൈസന്‍സിങ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നല്‍കല്‍ തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്. പല ആപ്പുകളും ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ഡ് ആണ്. ഇതെല്ലാം വിപണിയിലെ ആധിപത്യത്തിന്റെ ദുരുപയോഗമെന്നാണ് വിലയിരുത്തല്‍. ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് 30 ദിവസമാണ് ഗൂഗിളിന് നല്‍കിയിരിക്കുന്ന സാവകാശം. ദക്ഷിണ കൊറിയയില്‍ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വര്‍ഷമാണ്. സാംസങ് പോലെയുള്ള സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം…

100 കോടി ക്ലബ്ബിലെത്തിയ കാന്താരയുടെ മലയാളം പതിപ്പുമായി പൃഥ്വിരാജ്

മേക്കിംഗില്‍ ഫൈവ് സ്റ്റാറുമായി 100 കോടി ക്ലബ്ബിലേക്ക് എളുപ്പത്തിലെത്തിയ കന്നഡ ചിത്രം ഇന്ന് മലയാളത്തിലേക്ക് എത്തി. കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തെ മലയാളികള്‍ക്ക് മുന്‍പിലെത്തിച്ച് പൃഥ്വിരാജ്. ഹോംബാലെയ്ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെ തിയേറ്ററുകളില്‍ കാന്താരയുടെ വിതരണം നടത്തുന്നത്. എ ഡിവൈന്‍ ബ്ലോക്ക് ബസ്റ്റര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ മൊഴിമാറ്റ ചിത്രത്തിന്റെ അവകാശമാണ് ഹോംബാലെയ്ക്കൊപ്പം പൃഥ്വിരാജിന്റെ നിര്‍മാണക്കമ്പനി പങ്കിട്ടിട്ടുള്ളത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ബോക്സോഫീസില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 100 കോടി ക്ലബിലെത്തി കന്നഡ സിനിമ കാന്താര. റിഷഭ് ഷെട്ടി നായകനായ സിനിമയ്ക്ക് ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത സിനിമയുടെ ഹിന്ദി പതിപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിനോടകം എട്ടുകോടിയിലധികം ഹിന്ദിയില്‍നിന്നു മാത്രമായി സിനിമ കലക്ട് ചെയ്തുകഴിഞ്ഞു. തെലുങ്കില്‍ ആദ്യ ദിനം നാലുകോടിക്കു…

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്

കഴിഞ്ഞ മാസം ഇന്ത്യയ്ക്കുള്ളിലെ വിമാനയാത്രക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലേതിനെക്കാള്‍ 46.54% ഉയര്‍ന്ന് 1.04 കോടിയായി. ആകെ സീറ്റുകളുടെ 77.5% ഉപയോഗപ്പെടുത്താന്‍ വ്യോമയാനകമ്പനികള്‍ക്കു കഴിഞ്ഞു. 59.72 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഇന്‍ഡിഗോയ്ക്ക് 57% വിപണിവിഹിതമുണ്ട്. ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ ആയ വിസ്താരയ്ക്ക് 9.6% വിപണിവിഹിതത്തോടെ രണ്ടാം സ്ഥാനമുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയ്ക്ക് ആകെ 24.7% വിപണിവിഹിതമുണ്ട്.  

സംസ്ഥാനത്ത് നിക്ഷേപിക്കാന്‍ താല്‍പര്യമറിയിച്ച് ബ്ലാക്ക്‌സ്റ്റോണ്‍

കേരളത്തിലെ സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ബ്ലാക്ക്‌സ്റ്റോണിന്റെ സീനിയര്‍ മാനേജിങ് ഡയറക്ടര്‍ മുകേഷ് മേത്ത. ഐബിഎസ് സോഫ്റ്റ്വെയറിന്റെ രജത ജൂബിലി ആഘോഷച്ചടങ്ങിനിടെ വേദിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഇതു പറഞ്ഞത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവ-നൈപുണ്യ ശേഷിയുമൊരുക്കി കൂടുതല്‍ സംരംഭകരെ കേരളത്തിലേക്കു സ്വാഗതം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മറുപടിയായിട്ടാണു മേത്ത ഇതു പറഞ്ഞത്. കേരളത്തിലെ അടിസ്ഥാനസൗകര്യ മേഖലയിലെ വ്യാപ്തി, മനുഷ്യശേഷി, മലയാളികളുടെ തൊഴിലിനോടുള്ള അര്‍പ്പണ ബോധം എന്നിവ വലുതാണെന്നും ഐബിഎസിന്റെ വളര്‍ച്ച ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.  

ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകള്‍ക്ക് പിഴ

വിപണി മര്യാദ ലംഘിച്ചതിന് ഓണ്‍ലൈന്‍ ബുക്കിങ് സേവനം നല്‍കുന്ന മെയ്ക് മൈ ട്രിപ്, ഗോഐബിബോ, ഓയോ എന്നീ സൈറ്റുകള്‍ക്ക് 392.36 കോടി രൂപയുടെ പിഴ. മെയ്ക് മൈ ട്രിപ്പിന്റെ ഉപകമ്പനിയാണ് ഗോഐബിബോ. ഇരുകമ്പനികളും കൂടി 223.48 കോടി രൂപയാണ് അടയ്‌ക്കേണ്ടത്. ഓയോ 168.88 കോടി രൂപ നല്‍കണം. മെയ്ക് മൈ ട്രിപ്പും ഗോഐബിബോയും അവരുമായി കരാറിലുള്ള ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ചട്ടമാണ് ശിക്ഷാനടപടിക്ക് കാരണമാക്കിയത്. ഹോട്ടലുകള്‍ക്ക് ഈ സൈറ്റുകള്‍ നിശ്ചയിച്ച നിരക്കിനു താഴെ മറ്റൊരു പ്ലാറ്റ്‌ഫോമിലോ സ്വന്തം വെബ്‌സൈറ്റിലോ ബുക്കിങ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു വ്യവസ്ഥ. മെയ്ക് മൈ ട്രിപ് ഓയോ പ്ലാറ്റ്‌ഫോമിന് അവിഹിതമായ തരത്തില്‍ മുന്‍ഗണന നല്‍കിയിരുന്നുവെന്നും സിസിഐ കണ്ടെത്തി. ഇത് മറ്റ് കമ്പനികളുടെ അവസരത്തെ ബാധിച്ചു. 2019ലാണ് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചത്.  

ആക്രി വിറ്റ് റെയില്‍വേ നേടിയത് 2587 കോടി

സ്‌ക്രാപ്പ് വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വേ. ആക്രി വില്പനയിലൂടെ ഇന്ത്യന്‍ റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപയുടെ വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ സ്‌ക്രാപ്പ് വില്പനയിലെ വരുമാനം 2,587 കോടി രൂപയായി. ഈ കാലയളവിലെ സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 28.91 ശതമാനം കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസത്തില്‍ 2003 കോടി രൂപയായിരുന്നു റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്. 2022-23 ല്‍, സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള മൊത്ത വരുമാനം 4,400 കോടി രൂപയായാണ് റെയില്‍വേ കണക്കാക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് സ്‌ക്രാപ്പ് വില്പന. 2021-22 ലെ 3,60,732 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 2022-23 ല്‍ ഇതുവരെ 3,93,421 മെട്രിക് ടണ്‍ ഇരുമ്പ് വിറ്റുപോയി. 2022-23ല്‍ ഇതുവരെ 1,751 വാഗണുകളും 1,421…

വന്‍ വികസനത്തിനൊരുങ്ങി എയര്‍ ഇന്ത്യ

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയിലും ഇവിടെനിന്നുള്ള വിദേശസര്‍വീസുകളിലും 30% വിഹിതം ലക്ഷ്യമിടുന്നതായി എയര്‍ ഇന്ത്യയുടെ മേധാവി ക്യാംബെല്‍ വില്‍സണ്‍ അറിയിച്ചു. ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ ‘വിഹാന്‍.എഐ’ എന്ന പേരില്‍ ബിസിനസ് പുനഃസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ആഭ്യന്തര വിപണിവിഹിതം 10 ശതമാനവും വിദേശ വിപണി വിഹിതം 12 ശതമാനവുമാണ്. പുതിയ വിമാനങ്ങള്‍ വാങ്ങുകയും നിലവിലുള്ളവയില്‍ പറക്കല്‍ നടത്താത്തവ പൂര്‍ണമായും അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുകയും ചെയ്യും. 5 ബോയിങ് വൈഡ്‌ബോഡി വിമാനങ്ങള്‍ വാങ്ങി രാജ്യാന്തര സര്‍വീസ് മെച്ചപ്പെടുത്തും. 25 എയര്‍ബസ് നാരോ-ബോഡി വിമാനങ്ങള്‍ വാങ്ങി ആഭ്യന്തര സര്‍വീസും ശക്തമാക്കും. നിലവില്‍ 70 നാരോ-ബോഡി വിമാനങ്ങളും 43 വൈഡ്‌ബോഡി വിമാനങ്ങളുമാണുള്ളത്.

സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്

5ജിയിലേക്ക് കുതിപ്പു തുടങ്ങിയ ഇന്ത്യയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ ലൈസന്‍സ് തേടി ഇലോണ്‍ മസ്‌ക്കിന്റെ സ്‌പെയ്‌സ്എക്‌സ് കമ്പനി. സ്റ്റാര്‍ലിങ്ക് എന്ന് പേരിട്ടിട്ടുള്ള പദ്ധതി നടപ്പിലാക്കാന്‍ ഗ്ലോബല്‍ മൊബൈല്‍ പഴ്‌സനല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് സര്‍വീസസ് (ജിഎംപിസിഎസ്) എന്ന ലൈസന്‍സ് ആവശ്യമാണ്. മുന്‍പ് സ്റ്റാര്‍ലിങ്ക് ഈ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു. നിലവില്‍ ഭാരതി ഗ്രൂപ്പിന്റെ വണ്‍ വെബ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഈ ലൈസന്‍സുണ്ട്. ലൈസന്‍സ് ലഭിക്കുന്നതോടെ കമ്പനിക്ക് ബഹിരാകാശവകുപ്പില്‍ നിന്നുള്ള അനുമതിക്ക് അപേക്ഷിക്കാം. അതിനും ശേഷമാണ് സ്പെക്ട്രം വാങ്ങാനാകുക.