ബൈജൂസ് തൊഴിലാളികളെ പിരിച്ചുവിടില്ല: തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

  എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റമില്ലെന്നും കമ്പനി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ മാറ്റാന്‍ തീരുമാനിച്ച 140 ജീവനക്കാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാര്‍ക്ക് ബംഗളൂരു ഓഫീസിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം. മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബൈജൂസ് വിശദീകരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റര്‍ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാന്‍ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വളരെ വൈകിയാണ്…

നോട്ടുബുക്കും കടലാസും ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി കെ.പി.പി.എല്‍ വളരണം : മന്ത്രി ബാലഗോപാല്‍

പത്രക്കടലാസ് മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ളവയും കേരള പേപ്പര്‍ പ്രോഡക്ട്സ് (കെ.പി.പി.എല്‍) ഉത്പാദിപ്പിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന്റെ ഉദ്ഘാടനം വെള്ളൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പേപ്പര്‍ നിര്‍മ്മാണത്തിനാവശ്യമായ മുള വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും വെട്ടാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും. മാര്‍ച്ചോടെ കെ.പി.പി.എല്ലിന്റെ ഉത്പാദനം ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ തൊഴിലാളികള്‍ക്ക് സ്ഥിരംനിയമനം നല്‍കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് അറിയിച്ചു. 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണ് ലക്ഷ്യം. 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും. കെ.പി.പി.എല്‍ അങ്കണത്തില്‍ ആദ്യ ലോഡുമായുള്ള വാഹനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡി-ഇങ്കിംഗ് ഫാക്ടറിയുടെ സ്വിച്ച് ഓണ്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ഒത്തുചേര്‍ന്ന് പേപ്പര്‍ ഉത്പാദനത്തിന്റെ പ്രതീകാത്മക റോള്‍ ഓണ്‍ നിര്‍വഹിച്ചു. വുഡ് ഫീഡിംഗിന്റെ വിദൂര…

ഇന്ത്യയുടെ സ്റ്റീല്‍മാന്‍ വിട വാങ്ങി

ടാറ്റാ സ്റ്റീല്‍ മുന്‍ എംഡിയായിരുന്ന ജംഷദ് ജെ ഇറാനി അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെട്ട അദ്ദേഹം 43 വര്‍ഷമായി ടാറ്റ സ്റ്റീലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 2011 ജൂണിലാണ് ഇറാനി ടാറ്റാ സ്റ്റീല്‍ ബോര്‍ഡില്‍ നിന്ന് വിരമിച്ചത്. 1990 കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഉദാരവല്‍ക്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ മുന്‍നിരയില്‍ നിന്ന് നയിക്കുകയും, ഇന്ത്യയിലെ സ്റ്റീല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന നല്‍കുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള നേതാവായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. ടാറ്റ സ്റ്റീലിനും, ടാറ്റ സണ്‍സിനും പുറമെ, ടാറ്റാ സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992-93 കാലഘട്ടത്തില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ദേശീയ പ്രസിഡന്റായിരുന്നു. 1996-ല്‍ റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ഇന്റര്‍നാഷണല്‍ ഫെലോ ആയി നിയമിക്കപ്പെട്ടിട്ടുണ്ട്.

ടാറ്റാ മോട്ടേഴ്‌സ് ഒക്ടോബറില്‍ വിറ്റത് അരലക്ഷത്തോളം കാറുകള്‍

ടാറ്റാ മോട്ടേഴ്‌സ് കഴിഞ്ഞ മാസം വിറ്റത് അരലക്ഷം കാറുകള്‍. ഒക്ടോബര്‍ മാസത്തിലെ വില്‍പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇവികള്‍ ഉള്‍പ്പെടെ മൊത്തം 45,423 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഇത് 33 ശതമാനം വില്‍പന വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 34,155 യൂണിറ്റുകളാണ് വാഹന നിര്‍മാതാക്കള്‍ റീട്ടെയില്‍ ചെയ്തത്. അതേസമയം 2022 സെപ്റ്റംബര്‍ മാസത്തിലെ 47,000 യൂണിറ്റ് എന്ന വില്‍പന സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍, യാത്രാ വാഹന വിഭാഗത്തില്‍ ടാറ്റയുടെ പ്രതിമാസ വില്‍പന അഞ്ച് ശതമാനം ഇടിഞ്ഞു. കമ്പനിയുടെ പൂനെ ആസ്ഥാനമായുള്ള പ്ലാന്റ് കഴിഞ്ഞ മാസം ഉല്‍പാദനം കുറയുന്നതിന് കാരണമായ പ്രതിരോധ അറ്റകുറ്റപ്പണികള്‍ക്കും ഡീബോറ്റില്‍നെക്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുമായി അടച്ചുപൂട്ടാന്‍ പദ്ധതിയിട്ടിരുന്നു. ഇതും വില്‍പനയെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഡിജിറ്റല്‍ കറന്‍സി; ഇ- റുപ്പിയുടെ പരീക്ഷണ ഇടപാട് ഇന്ന്

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ‘ഇ-റുപ്പി’യുടെ ആദ്യ പരീക്ഷണ ഇടപാട് ഇന്ന്. ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോള്‍സെയില്‍ ഇടപാടുകളില്‍ മാത്രമാണ് ഇന്നു പരീക്ഷണം. പൊതുജനങ്ങള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-റുപ്പിയുടെ പരീക്ഷണ ഇടപാട് ഒരു മാസത്തിനകം നടക്കും. നിലവിലുള്ള കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി). ഇതിലൂടെ കറന്‍സിയുടെ അച്ചടി, വിതരണം, സൂക്ഷിക്കല്‍ എന്നിവയിലുള്ള ചെലവു ലാഭിക്കാം. സര്‍ക്കാര്‍ കടപ്പത്ര ഇടപാടുകളിലായിരിക്കും ഇ-റുപ്പി ഇന്നു പരീക്ഷിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടക്കം 9 ബാങ്കുകള്‍ ഇതില്‍ പങ്കാളികളാണ്.

‘സ്മാര്‍ട്ട് വയര്‍’ അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്

രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐ.സി.ഐ.സി.ഐ ബാങ്ക് ‘സ്മാര്‍ട്ട് വയര്‍’ എന്ന പുതിയ ഓണ്‍ലൈന്‍ സൊല്യൂഷന്‍ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ താമസക്കാര്‍ക്കും ഓണ്‍ലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. ഇത്തരത്തില്‍ വേഗത്തില്‍ പണം സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സൊല്യൂഷന്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഒരേപോലെ എളുപ്പത്തിലും വേഗത്തിലും തടസരഹിതമായും അതിര്‍ത്തിക്കപ്പുറത്തേക്ക് പണം കൈമാറ്റം ചെയ്യാന്‍ ബാങ്കിംഗ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ ‘സ്മാര്‍ട്ട് വയര്‍’ സൗകര്യമൊരുക്കുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രീറാം എച്ച് അയ്യര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ‘സ്മാര്‍ട്ട് വയര്‍’ സൗകര്യം ഉപയോഗിക്കാം. ഗുണഭോക്താവിന് മുന്‍കൂട്ടി പൂരിപ്പിച്ച വയര്‍ ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന ഫോം ഓണ്‍ലൈനില്‍ സൃഷ്ടിക്കാം. തടസമില്ലാതെ ഇടപാടിന്റെ…

മൂണ്‍ലൈറ്റിംഗ്; വടിയെടുത്ത് കേരളത്തിലെ ഐ.ടി കമ്പനികള്‍

ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായിരിക്കെ മറ്റു സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ജോലി ചെയ്യുന്ന ‘മൂണ്‍ലൈറ്റിംഗ് ‘ സംവിധാനത്തെ കര്‍ശനമായി നേരിടാനൊരുങ്ങി കേരളത്തിലെ ഐ.ടി കമ്പനികള്‍. വന്‍കിട ഐ.ടി കമ്പനികളാണ് മൂണ്‍ലൈറ്റിംഗ് പിടികൂടി നടപടി ആരംഭിച്ചത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് കേരളത്തിലും മൂണ്‍ലൈറ്റിംഗ് ആരംഭിച്ചത്. ലോക്ക് ഡൗണിന് ശേഷം ഓഫീസുകളിലേയ്ക്ക് തിരിച്ചെത്താന്‍ ജീവനക്കാര്‍ വിമുഖത കാണിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂണ്‍ലൈറ്റിംഗ് വെളിച്ചത്തായത്. വര്‍ക്ക് ഫ്രം ഹോം കാലത്ത് നല്‍കിയ ഹൈബ്രിഡ് സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വന്തം കമ്പനിയുടെ ജോലിസമയത്തിന് ശേഷം മറ്റുള്ളവര്‍ക്ക് കരാര്‍ ജോലി ചെയ്യുന്നത് കണ്ടെത്തി. ഒന്നു മുതല്‍ മൂന്നു ശതമാനം ഐ.ടി പ്രൊഫഷണലുകള്‍ മൂണ്‍ലൈറ്റിംഗ് നടത്തുന്നതായാണ് വിലയിരുത്തല്‍. ഐ.ടി ഭീമനായ ഇന്‍ഫോസിസാണ് നടപടി ആരംഭിച്ചത്. വിപ്രോ, ടെക് മഹീന്ദ്ര, യു.എസ്.ടി, ടി.സി.എസ് തുടങ്ങിയവയും മുന്നറിയിപ്പ് നല്‍കി. ബംഗളൂരുവില്‍ 200 ലേറെപ്പേരെ വിവിധ കമ്പനികള്‍ പിരിച്ചുവിട്ടു.

ലാഭട്രാക്കില്‍ കുതിക്കാന്‍ കേരള ബാങ്കുകള്‍

കിട്ടാക്കട പ്രതിസന്ധി മറികടക്കാനും ലാഭട്രാക്കില്‍ കുതിക്കാനും കേരളം ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യബാങ്കുകള്‍ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2022-23) രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ/കിട്ടാക്കടനിരക്ക്) 3.24 ശതമാനത്തില്‍ നിന്ന് 24 പാദങ്ങളിലെ ഏറ്റവും കുറഞ്ഞനിരക്കായ 2.46 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 1.12 ശതമാനത്തില്‍ നിന്ന് 0.78 ശതമാനത്തിലേക്കും കുറഞ്ഞു. കഴിഞ്ഞ 34 പാദങ്ങളിലെ ഏറ്റവും മികച്ച നിരക്കാണിത്. കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 53 ശതമാനം വര്‍ദ്ധിച്ച് എക്കാലത്തെയും ഉയരമായ 704 കോടി രൂപയിലുമെത്തി. തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 6.65 ശതമാനത്തില്‍ നിന്ന് 5.67 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.85 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലേക്കും കഴിഞ്ഞപാദത്തില്‍ മെച്ചപ്പെട്ടു. ബാങ്കിന്റെ ലാഭം 187.06 കോടി…

ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രം

  ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ അടിയന്തരമായി കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ, സമ്പദ്വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയതിനാല്‍ ഇവയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇടപാടുകളുടെ നൂലമാലകളും, സാങ്കേതിക തടസ്സങ്ങളും ഇല്ലാതെ ഹ്രസ്വകാല വായ്പകളോ മൈക്രോ ക്രെഡിറ്റുകളോ നല്‍കുന്ന അനധികൃത ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഇപ്പോള്‍ രാജ്യത്ത് വ്യാപകമാണ്. അമിതമായ പലിശയില്‍ പണം നല്‍കുന്ന ഇവയ്‌ക്കെതിരെ ഇന്ത്യയിലുടനീളം ധാരാളം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പോലുള്ള കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങള്‍ ബ്ലാക്ക്മെയിലിംഗിനും ഉപദ്രവിക്കലിനും കടം കൊടുക്കുന്ന ആപ്പുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിക്കുന്നു. ഈ നിയമവിരുദ്ധമായ വായ്പാ ആപ്ലിക്കേഷനുകള്‍ നടത്തിയ ലോണ്‍ തിരിച്ചടപ്പിക്കാനുള്ള ക്രൂരമായ രീതികള്‍ ഇന്ത്യയിലുടനീളം നിരവധിപേരുടെ…

വിലക്കയറ്റം: ഇറ്റലിയില്‍ 40 വര്‍ഷത്തെ ഉയരം, ജര്‍മ്മനിയില്‍ 32

കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവും മൂലമുണ്ടായ വിലക്കയറ്റത്തിന്റെ കെടുതിയില്‍ വലയുകയാണ് ലോക രാജ്യങ്ങള്‍. ഒട്ടുമിക്ക രാജ്യങ്ങളും നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ അടിസ്ഥാന പലിശനിരക്ക് കൂട്ടുന്നതുള്‍പ്പെടെ നടപടികളിലേക്ക് കടന്നെങ്കിലും നിയന്ത്രണാതീതമായി അവശ്യവസ്തുവില കുതിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയില്‍ നാണയപ്പെരുപ്പം സെപ്തംബറില്‍ 7.3 ശതമാനമാണ്. 32 വര്‍ഷത്തെ ഏറ്റവും ഉയരമാണിത്. ടര്‍ക്കിയില്‍ 24 വര്‍ഷത്തെ ഉയരമായ 186.27 ശതമാനം. ബ്രിട്ടന്റെ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരമായ 10.1 ശതമാനം. പ്രധാനമന്ത്രി ഋഷി സുനകിന്റെ മുന്നിലുള്ള പ്രധാനദൗത്യവും നാണയപ്പെരുപ്പ നിയന്ത്രണമാണ്. കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ കൂട്ടുകയാണെങ്കിലും അമേരിക്കയിലും നാണയപ്പെരുപ്പം പതിറ്റാണ്ടുകളുടെ ഉയരമായ 8.1 ശതമാനത്തിലാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനിയില്‍ നാണയപ്പെരുപ്പം 32 വര്‍ഷത്തെ ഉയരമായ 10.4 ശതമാനം. ഇറ്റലിയില്‍ 40 വര്‍ഷത്തെ ഉയരമായ 11.9 ശതമാനം.