ഇന്ത്യയുടെ സ്റ്റീല്‍മാന്‍ വിട വാങ്ങി

ടാറ്റാ സ്റ്റീല്‍ മുന്‍ എംഡിയായിരുന്ന ജംഷദ് ജെ ഇറാനി അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെട്ട അദ്ദേഹം 43 വര്‍ഷമായി ടാറ്റ സ്റ്റീലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 2011 ജൂണിലാണ് ഇറാനി ടാറ്റാ സ്റ്റീല്‍ ബോര്‍ഡില്‍ നിന്ന് വിരമിച്ചത്. 1990 കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഉദാരവല്‍ക്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ മുന്‍നിരയില്‍ നിന്ന് നയിക്കുകയും, ഇന്ത്യയിലെ സ്റ്റീല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന നല്‍കുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള നേതാവായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. ടാറ്റ സ്റ്റീലിനും, ടാറ്റ സണ്‍സിനും പുറമെ, ടാറ്റാ സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992-93 കാലഘട്ടത്തില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ദേശീയ പ്രസിഡന്റായിരുന്നു. 1996-ല്‍ റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ഇന്റര്‍നാഷണല്‍ ഫെലോ ആയി നിയമിക്കപ്പെട്ടിട്ടുണ്ട്.

ഓഹരിവിപണി കുതിച്ചു; 60000 കടന്ന് സെന്‍സെക്‌സ്

തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനവും ഓഹരിവിപണി കുതിച്ചതോടെ സെന്‍സെക്‌സ് 60000 പോയിന്റും നിഫ്റ്റി 18000 പോയിന്റും തിരിച്ചുപിടിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് ഈ ആഴ്ച പലിശ ഉയര്‍ത്തുമെന്ന ആശങ്കയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. സെന്‍സെക്‌സ് 786.74 പോയിന്റ് കുതിച്ച് 60,746.59ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 225.40 പോയിന്റ് ഉയര്‍ന്ന് 18,012.20ലും വ്യാപാരം അവസാനിപ്പിച്ചു. അള്‍ട്രാടെക്ക് സിമന്റ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സെര്‍വ് എന്നിവ മികച്ച നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 1568.75 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരിവിപണികള്‍ തകര്‍ച്ച നേരിട്ടു. അതേസമയം, രൂപയുടെ മൂല്യം 34 പൈസ താഴ്ന്ന് 82.81 രൂപയിലെത്തി.

മസ്‌കിന്റെ ട്വിറ്റര്‍ ടീമില്‍ ശ്രീറാം കൃഷ്ണനും

ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌കിനെ സഹായിക്കാനുള്ള കോര്‍-ടീമില്‍ ചെന്നൈയില്‍ നിന്നുള്ള ശ്രീറാം കൃഷ്ണനും. ട്വിറ്ററിന്റെ മുന്‍ പ്രോഡക്റ്റ് മേധാവി കൂടിയായ ശ്രീറാം നിലവില്‍ എ16സെഡ് എന്ന പ്രമുഖ യുഎസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയുടെ ജനറല്‍ പാര്‍ട്ണറാണ്. തന്റെ പഴയകാല സുഹൃത്തു കൂടിയായ ശ്രീറാം അടക്കം 5 പേരെയാണ് സഹായത്തിനായി മസ്‌ക് ഒപ്പം കൂട്ടിയിരിക്കുന്നത്. താല്‍ക്കാലികമായിട്ടാണ് സേവനമെന്ന് ശ്രീറാം തന്നെ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും കമ്പനിയുടെ തലപ്പത്തെ പ്രധാന പദവികളിലൊന്നില്‍ അദ്ദേഹം എത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ എ16സെഡിലെ നിലവിലെ ജോലി വിടാന്‍ ആലോചനയില്ലെന്നാണ് ശ്രീറാമുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഭാര്യ ആര്‍തി ഫെയ്‌സ്ബുക്കിന്റെ മുന്‍ പ്രോഡക്ട് ഡയറക്ടറും ക്ലബ്ഹൗസിന്റെ ഇന്ത്യ മേധാവിയുമായിരുന്നു.

ഡിജിറ്റല്‍ കറന്‍സി; ഇ- റുപ്പിയുടെ പരീക്ഷണ ഇടപാട് ഇന്ന്

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ‘ഇ-റുപ്പി’യുടെ ആദ്യ പരീക്ഷണ ഇടപാട് ഇന്ന്. ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോള്‍സെയില്‍ ഇടപാടുകളില്‍ മാത്രമാണ് ഇന്നു പരീക്ഷണം. പൊതുജനങ്ങള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-റുപ്പിയുടെ പരീക്ഷണ ഇടപാട് ഒരു മാസത്തിനകം നടക്കും. നിലവിലുള്ള കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി). ഇതിലൂടെ കറന്‍സിയുടെ അച്ചടി, വിതരണം, സൂക്ഷിക്കല്‍ എന്നിവയിലുള്ള ചെലവു ലാഭിക്കാം. സര്‍ക്കാര്‍ കടപ്പത്ര ഇടപാടുകളിലായിരിക്കും ഇ-റുപ്പി ഇന്നു പരീക്ഷിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടക്കം 9 ബാങ്കുകള്‍ ഇതില്‍ പങ്കാളികളാണ്.

തൊഴില്‍ സഭ സംരംഭകര്‍ക്കുള്ള ജനകീയ പദ്ധതി: മന്ത്രി എ.കെ ശശീന്ദ്രന്‍

സംരംഭകരെ സൃഷ്ടിക്കുന്ന ജനകീയ പദ്ധതിയാണ് തൊഴില്‍ സഭകളെന്നും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ മികച്ച സംരംഭകരാകാന്‍ പുതുതലമുറ ശ്രമിക്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ തൊഴില്‍സഭകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍ വിളിച്ചു ചേര്‍ക്കുന്നത്. റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ചാണ് തൊഴില്‍ സഭയുടെ പ്രവര്‍ത്തനം നടക്കുന്നത്. വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ സഭയിലൂടെ ഉറപ്പാക്കും. പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച്, തൊഴില്‍ സാധ്യകള്‍ കൂട്ടി, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ബദല്‍ ഇടപെടലാണ് തൊഴില്‍സഭയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിനും രാജ്യത്തിന്…

‘സ്മാര്‍ട്ട് വയര്‍’ അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്

രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐ.സി.ഐ.സി.ഐ ബാങ്ക് ‘സ്മാര്‍ട്ട് വയര്‍’ എന്ന പുതിയ ഓണ്‍ലൈന്‍ സൊല്യൂഷന്‍ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ താമസക്കാര്‍ക്കും ഓണ്‍ലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. ഇത്തരത്തില്‍ വേഗത്തില്‍ പണം സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സൊല്യൂഷന്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഒരേപോലെ എളുപ്പത്തിലും വേഗത്തിലും തടസരഹിതമായും അതിര്‍ത്തിക്കപ്പുറത്തേക്ക് പണം കൈമാറ്റം ചെയ്യാന്‍ ബാങ്കിംഗ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ ‘സ്മാര്‍ട്ട് വയര്‍’ സൗകര്യമൊരുക്കുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രീറാം എച്ച് അയ്യര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ‘സ്മാര്‍ട്ട് വയര്‍’ സൗകര്യം ഉപയോഗിക്കാം. ഗുണഭോക്താവിന് മുന്‍കൂട്ടി പൂരിപ്പിച്ച വയര്‍ ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന ഫോം ഓണ്‍ലൈനില്‍ സൃഷ്ടിക്കാം. തടസമില്ലാതെ ഇടപാടിന്റെ…

മൂണ്‍ലൈറ്റിംഗ്; വടിയെടുത്ത് കേരളത്തിലെ ഐ.ടി കമ്പനികള്‍

ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായിരിക്കെ മറ്റു സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ജോലി ചെയ്യുന്ന ‘മൂണ്‍ലൈറ്റിംഗ് ‘ സംവിധാനത്തെ കര്‍ശനമായി നേരിടാനൊരുങ്ങി കേരളത്തിലെ ഐ.ടി കമ്പനികള്‍. വന്‍കിട ഐ.ടി കമ്പനികളാണ് മൂണ്‍ലൈറ്റിംഗ് പിടികൂടി നടപടി ആരംഭിച്ചത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് കേരളത്തിലും മൂണ്‍ലൈറ്റിംഗ് ആരംഭിച്ചത്. ലോക്ക് ഡൗണിന് ശേഷം ഓഫീസുകളിലേയ്ക്ക് തിരിച്ചെത്താന്‍ ജീവനക്കാര്‍ വിമുഖത കാണിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂണ്‍ലൈറ്റിംഗ് വെളിച്ചത്തായത്. വര്‍ക്ക് ഫ്രം ഹോം കാലത്ത് നല്‍കിയ ഹൈബ്രിഡ് സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വന്തം കമ്പനിയുടെ ജോലിസമയത്തിന് ശേഷം മറ്റുള്ളവര്‍ക്ക് കരാര്‍ ജോലി ചെയ്യുന്നത് കണ്ടെത്തി. ഒന്നു മുതല്‍ മൂന്നു ശതമാനം ഐ.ടി പ്രൊഫഷണലുകള്‍ മൂണ്‍ലൈറ്റിംഗ് നടത്തുന്നതായാണ് വിലയിരുത്തല്‍. ഐ.ടി ഭീമനായ ഇന്‍ഫോസിസാണ് നടപടി ആരംഭിച്ചത്. വിപ്രോ, ടെക് മഹീന്ദ്ര, യു.എസ്.ടി, ടി.സി.എസ് തുടങ്ങിയവയും മുന്നറിയിപ്പ് നല്‍കി. ബംഗളൂരുവില്‍ 200 ലേറെപ്പേരെ വിവിധ കമ്പനികള്‍ പിരിച്ചുവിട്ടു.

ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസില്‍ 14 ശതമാനം വളര്‍ച്ച

ഇന്ത്യയില്‍ കഴിഞ്ഞമാസം കടകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ ആഗസ്റ്റിനേക്കാള്‍ 14 ശതമാനം വര്‍ദ്ധന. ഉപഭോക്തൃസംതൃപ്തി മെച്ചപ്പെട്ടതും ഉത്സവകാലവുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങലുകളില്‍ വളര്‍ച്ച 0.7 ശതമാനം. 77,267 കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകളാണ് സെപ്തംബറില്‍ കടകളില്‍ നടന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആഗസ്റ്റില്‍ വാങ്ങല്‍ച്ചെലവ് 67,414 കോടി രൂപയായിരുന്നു. 45,287 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലുകളും സെപ്തംബറില്‍ നടന്നു. ആഗസ്റ്റില്‍ ഇത് 44,943 കോടി രൂപയായിരുന്നു. കഴിഞ്ഞമാസം മൊത്തം ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് മൂല്യം 1.22 ലക്ഷം കോടി രൂപയാണ്. 2021 സെപ്തംബറില്‍ 80,227 കോടി രൂപയായിരുന്നു.  

എയര്‍ഇന്ത്യ എക്സ്പ്രസിന് വിജയവാഡ-ഷാര്‍ജ സര്‍വീസ്

  എയര്‍ഇന്ത്യ എക്സ്പ്രസ് വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള ആദ്യ സര്‍വീസിന് തുടക്കമിടുന്നു. ഇന്ന് വൈകിട്ട് 6.35നാണ് കന്നിപ്പറക്കല്‍. 13,669 രൂപയാണ് ടിക്കറ്റ് നിരക്ക്. ഷാര്‍ജയില്‍ നിന്ന് തിരികെപ്പറക്കുമ്പോള്‍ നിരക്ക് 339 ദിര്‍ഹം. വിജയവാഡയിലേക്കും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകളുള്ള ഏക വിമാനക്കമ്പനി എയര്‍ഇന്ത്യ എക്സ്പ്രസാണ്  

വിലക്കയറ്റം: ഇറ്റലിയില്‍ 40 വര്‍ഷത്തെ ഉയരം, ജര്‍മ്മനിയില്‍ 32

കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവും മൂലമുണ്ടായ വിലക്കയറ്റത്തിന്റെ കെടുതിയില്‍ വലയുകയാണ് ലോക രാജ്യങ്ങള്‍. ഒട്ടുമിക്ക രാജ്യങ്ങളും നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ അടിസ്ഥാന പലിശനിരക്ക് കൂട്ടുന്നതുള്‍പ്പെടെ നടപടികളിലേക്ക് കടന്നെങ്കിലും നിയന്ത്രണാതീതമായി അവശ്യവസ്തുവില കുതിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയില്‍ നാണയപ്പെരുപ്പം സെപ്തംബറില്‍ 7.3 ശതമാനമാണ്. 32 വര്‍ഷത്തെ ഏറ്റവും ഉയരമാണിത്. ടര്‍ക്കിയില്‍ 24 വര്‍ഷത്തെ ഉയരമായ 186.27 ശതമാനം. ബ്രിട്ടന്റെ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരമായ 10.1 ശതമാനം. പ്രധാനമന്ത്രി ഋഷി സുനകിന്റെ മുന്നിലുള്ള പ്രധാനദൗത്യവും നാണയപ്പെരുപ്പ നിയന്ത്രണമാണ്. കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ കൂട്ടുകയാണെങ്കിലും അമേരിക്കയിലും നാണയപ്പെരുപ്പം പതിറ്റാണ്ടുകളുടെ ഉയരമായ 8.1 ശതമാനത്തിലാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനിയില്‍ നാണയപ്പെരുപ്പം 32 വര്‍ഷത്തെ ഉയരമായ 10.4 ശതമാനം. ഇറ്റലിയില്‍ 40 വര്‍ഷത്തെ ഉയരമായ 11.9 ശതമാനം.