എണ്ണ വില കൂടുന്നു, ലോകം വിലക്കയറ്റ ഭീതിയില്‍

പ്രതിദിനം 20 ലക്ഷം ബാരലിന്റെ(ആഗോള വിതരണത്തിന്റെ രണ്ടുശതമാനം) കുറവുവരുത്താനുള്ള തീരുമാനം പുറത്തുവന്നതോടെ എണ്ണ വിലയില്‍ ഒരു ശതമാനം വര്‍ധനവുണ്ടായി. വിതരണം കുറച്ച് ആഗോളതലത്തില്‍ ഡിമാന്റ് കൂട്ടുകയെന്ന ലക്ഷ്യമാണ് ഒപെക് രാജ്യങ്ങള്‍ക്കുള്ളത്. 2020നുശേഷം ഇതാദ്യമായാണ് ഉത്പാദനം കുറച്ച് ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2022 നവംബര്‍ മുതല്‍ 2023 ഡിസംബര്‍വരെ ഉത്പാദനം കുറയ്ക്കാനാണ് നിലവിലെ തീരുമാനം. യുക്രൈന്‍ അധിനിവേശത്തിനുശേഷം, ഉപരോധം ഏര്‍പ്പെടുത്തി റഷ്യയുടെ എണ്ണയില്‍നിന്നുള്ള വരുമാനം നിയന്ത്രിക്കാന്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ ശ്രമിച്ചവരികയാണ്. അതിനെ മറികടക്കാനുള്ള നീക്കം റഷ്യയുടെ ഭാഗത്തുനിന്നും തുടരുന്നു. യുദ്ധം തുടങ്ങിയതിനുശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 123 ഡോളറിന് മുകളിലെത്തിയിരുന്നു. ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് 82 ഡോളറിലേയ്ക്ക് വില കുറഞ്ഞെങ്കിലും പിന്നീട് 14ശതമാനത്തിലധികം വര്‍ധനവുണ്ടായി. ബാരലിന് 94 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

ഇന്ത്യയിലേയ്ക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യ രണ്ടാമത്

റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. ഇതോടെ സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം റഷ്യയായി. ഇന്ത്യയുടെ മൊത്തം ആവശ്യത്തില്‍ 18.5ശതമാനമാണ് ഇപ്പോള്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം. 8,79,000 ബാരല്‍ ക്രൂഡ് ഓയിലാണ് സെപ്റ്റംബറില്‍ റഷ്യയില്‍നിന്ന് വാങ്ങിയത്. രാജ്യത്തെ ഉപഭോഗം കൂടിയതും യൂറോപ്പില്‍നിന്നുള്ള ഉയര്‍ന്ന കയറ്റുമതി ഡിമാന്റും പരിഗണിച്ചാണ് വര്‍ധന. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനുമുമ്പ് രാജ്യത്തെ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമായിരുന്നു റഷ്യന്‍ എണ്ണയുടെ വിഹിതം. റഷ്യയില്‍നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ യുഎസ്, ഇറാഖ്, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള വിഹിതത്തില്‍ കാര്യമായ ഇടിവുണ്ടായി. രാജ്യത്തേയ്ക്കുള്ള എണ്ണ ഇറക്കുമതിയില്‍ സൗദിയായിരുന്നു സെപ്റ്റംബറില്‍ മുന്നില്‍. ഇറാഖും, യുഎഇയും മൂന്നും നാലും സ്ഥാനത്തുമാണ്. അഞ്ചാം സ്ഥാനത്തുള്ള യുഎസിന്റെ വിഹിതം ഒരുവര്‍ഷം മുമ്പത്തെ 10ശതമാനത്തില്‍നിന്ന് നാലു ശതമാനമായി.