മലയാളിയെ ലോകം കാണിയ്ക്കാന്‍ തന്റെ ക്യാമറയും തൂക്കി മുന്‍പേ നടന്ന മനുഷ്യന്. വിദ്യാര്‍ത്ഥികളുടെ പ്രീയപ്പെട്ട പഠന സഹായി ലേബര്‍ ഇന്ത്യയുടെ അമരക്കാരന്. സഞ്ചാര കാഴ്ചാ ദൃശ്യമാധ്യമ സംസ്കാരത്തിന് പുനര്‍ സഫാരി ടിവി സ്ഥാപകന്‍. ഇത് ഓരോ കേരളീയനും അഭിമാനത്തോടെയും ആശ്ചര്യത്തോടെയും നിര്‍വചനം നല്‍കിയപ്രതീക്ഷയോടെയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വിശ്വമലയാളി – സന്തോഷ് ജോര്‍ജ് കുളങ്ങര. സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ എക്സ്പെര്‍ട്ട് മെമ്പര്‍ കൂടിയായ അദ്ദേഹം സര്‍ക്കാരില്‍ നിന്നും പ്രതിഫലമൊന്നും പറ്റാതെ തികച്ചും സൗജന്യമായാണ് തന്റെ സമയവും അധ്വാനവും കേരളത്തിനായി മാറ്റിവെക്കുന്നത്. നൂറ്റിമുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ് ഇനി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കേരളത്തിന്റെ സംരംഭക സംസ്കാരത്തെക്കുറിച്ചും വളരുന്ന സംരംഭക കാലാവസ്ഥയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കുള്ളത്. കേരളം പോലൊരു സംസ്ഥാനത്തിന്റെ ഭാവി ടൂറിസത്തിലാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ഈരംഗത്ത് ഇനിയും പരിഹരിക്കപ്പെടാനുള്ള നിരവധി കാര്യങ്ങളുണ്ടെന്നു അദ്ദേഹം അടിവരയിട്ടു പറയുന്നു.
സംരംഭങ്ങളെന്നാല്‍ ഇവിടെ റെസ്റ്റോറന്റ്
ഒരു ഇന്‍വെസ്റ്റര്‍ ആയി രംഗത്തിറങ്ങണമെന്ന ചിന്ത ആളുകളില്‍ ഉണ്ടാക്കാന്‍ ഇപ്പോഴും കേരളത്തിന് സാധിച്ചിട്ടില്ല. ഇവിടെ സംരംഭങ്ങള്‍ എന്നാല്‍ ഇപ്പോഴും കുഴിമന്തിയോ അല്‍ഫാമോ വിപണനം ചെയ്യുന്ന റെസ്റ്റോറന്റുകള്‍ റോഡരികില്‍ ആരംഭിക്കുന്നതാണ്. റെസ്റ്റോറന്റുകള്‍ക്ക് പൊതുവെ വലിയ എതിര്‍പ്പ് നേരിടേണ്ടി വരുന്നില്ല. അതുകൊണ്ടാകാം കേരളത്തില്‍ സംരംഭമെന്ന നിലയില്‍ ഇത്തരം കടകള്‍ പൊട്ടിമുളയ്ക്കുന്നത്. കുറച്ചാളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നതൊഴിച്ചാല് സംസ്ഥാനത്തിന് യാതൊരു ഗുണവും ഇതുകൊണ്ട് ലഭിക്കുന്നില്ല. വലിയ തോതില്‍ സര്‍ക്കാരിന് വരുമാനമുണ്ടാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇപ്പോഴും സംസ്ഥാനത്ത് സാഹചര്യം അനുകൂലമല്ല. അനുകൂലമാക്കാന്‍ ഗവണ്മെന്റ് ആഗ്രഹിക്കാത്തത് കൊണ്ടല്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രേഡ് യൂണിയന് വിങ് പോലും സംരംഭങ്ങളെ പൂട്ടിക്കാനാണ് ശ്രമിക്കുന്നത്. മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ ഗവണ്മെന്റിനേക്കാള് സാമൂഹ്യമായ പ്രശ്നങ്ങളാണ് ഇപ്പോഴും കേരളത്തില്‍ സംരംഭങ്ങളെ തടയുന്നത്. ചുമട്ടുതൊഴിലാളികളും ട്രേഡ് യൂണിയനുകളും ഉണ്ടാക്കിവെക്കുന്ന പ്രശ്നങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ബിസിനസ് ആരംഭിക്കാന്‍ പറ്റിയ സ്ഥലമല്ല കേരളമെന്ന ചിന്തയാണ് മിക്കവാറും പൊതുജനങ്ങള്‍ക്കുള്ളതെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.
കേരളം ടൂറിസം ഇന്‍വെസ്റ്റ്മെന്റിന് പറ്റിയ ഇടം; പക്ഷേ…..
കേരളത്തില്‍ സംരംഭം ആരംഭിച്ചാല്‍ വിജയിക്കുമെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. മനുഷ്യന്റെ മനസ്സിലാണ് മാറ്റം ഉണ്ടാക്കേണ്ടത്. ഇവിടെ വലിയ തോതില്‍ ഇന്‍വെസ്റ്റ്മെന്റ് നടക്കുന്നത് ഹോസ്പിറ്റല്‍ അല്ലെങ്കില്‍ ഐടി മേഖലയില്‍ മാത്രമാണ്. ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് എല്ലാമേഖലകളിലും സമഗ്രമായ സംരംഭങ്ങള്‍ വേണം. ഉദാഹരണത്തിന് ടൂറിസം പോലുള്ള മേഖലയില്‍ ഇന്‍വെസ്റ്റ്മെന്റിന് പറ്റിയ ഇടമാണ് കേരളം. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇവിടെ ടൂറിസം പ്രോജക്റ്റുകള്‍ ആരംഭിക്കാന്‍ വാങ്ങിച്ച പ്രദേശങ്ങളില്‍ പോലും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ആയിരവും രണ്ടായിരവും കോടി രൂപ മുതല്‍മുടക്കിയവര്‍ സ്ഥലം വെറുതെയിട്ടിരിക്കുകയാണ്. തീരദേശങ്ങളിലും വാട്ടര്‍ ഫ്രണ്ടേജുകളിലും മലമുകളിലുമാണല്ലോ കൂടുതലായും ടൂറിസവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ ആരംഭിക്കുന്നത്. സി ആര് സെഡ് നിയമങ്ങളിലും എന്‍വയോണ്‍മെന്റല്‍ നിയമങ്ങളിലും വ്യക്തത വരുത്താന്‍ ഇതുവരെ സര്‍ക്കാറിന് സാധിച്ചിട്ടില്ല. കോടിക്കണക്കിന് രൂപ മുടക്കിയ നിക്ഷേപകര്‍ നിയമങ്ങളിലെ അവ്യക്തത കാരണം പഞ്ചായത്തുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. പഞ്ചായത്തുകള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. ഇത്തരം നിയമങ്ങളില്‍ വ്യക്തതയുണ്ടെങ്കില്‍ കേരളത്തിന് സാധ്യതയുള്ള ടൂറിസം പോലുള്ള മേഖലയില്‍ ഇന്‍വെസ്റ്റ്മെന്റ് വരും. ഫോക്കസ്ഡ് ആയി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്റ അഭാവവും കേരളം നേരിടുന്നുണ്ട്. പലപ്പോഴും മന്ത്രിമാര്‍ക്കാണെങ്കിലും ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും അവര്‍ നേരിടുന്ന ദൈനംദിന പ്രശ്നങ്ങള്‍ക്കപ്പുറം ഭാവിയിലെ കേരളത്തിനു വേണ്ടി പദ്ധതികള്‍ തയാറാക്കാനോ നടപ്പിലാക്കാനോ താല്പര്യമില്ല. അതിനുളള സമയം അവര്‍ക്ക് കിട്ടുന്നുണ്ടോ എന്നകാര്യത്തിലും സംശയമുണ്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു
കെ റെയില്‍ ഗുണം ചെയ്യുമോ ?
കെ റെയിലില്‍ പോലുള്ള ആധുനിക ഗതാഗതസംവിധാനങ്ങള്‍ ടൂറിസത്തിന് ഗുണം ചെയ്യും. പക്ഷേ കെ റെയിലില്‍ യാത്ര ചെയ്യുന്ന മനുഷ്യര്‍ക്ക് അവിടെ എളുപ്പത്തില്‍ എത്തിച്ചേരാനുള്ള മികച്ച റോഡുകളും ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കണം. കെ റെയിലില്‍ ഒരുമണിക്കൂര്‍ യാത്ര ചെയ്യുന്നയാള്‍ വീട്ടിലെത്താന്‍ പിന്നേയും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നാല്‍ കെ റെയിലിന്റെ ഗുണത്തെ അത് ബാധിക്കും. ടോട്ടാലിറ്റിയിലുള്ള വികസനമാണ് നമുക്കാവാശ്യം. കെ റെയിലിന്റെ സാമ്പത്തിക ബാധ്യത മൊത്തത്തിലുള്ള ബാധ്യതയായി മാറുമോ എന്നതാണ് എല്ലാവരുടേയും സംശയം. അതിനെല്ലാം വ്യക്തമായ ഉത്തരം നല്കാന് സാധിക്കണം. അതിവേഗ ഗതാഗതാസംവിധാനങ്ങള് വരും തലമുറകള്‍ക്ക് ആവശ്യമാണെന്നതില്‍ സംശയമേയില്ലെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര വ്യക്തമാക്കുന്നു.
കെടിഡിസി കേരള ടൂറിസത്തിന് നല്‍കുന്നത്
വകുപ്പുകളും ഉപവകുപ്പുകളും ചേര്‍ന്ന ഒരു കോംപ്ലക്സ് സ്ട്രക്ചറാണ് ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനം. പ്ലാനിങ് ബോര്‍ഡ് മെമ്പറായപ്പോള് മനസ്സിലായ കാര്യമാണിത്. ഒരേ കാര്യത്തിനുവേണ്ടി തന്നെയുള്ള ഒട്ടും ഫോക്കസ്ഡ് അല്ലാത്ത പല സ്ഥാപനങ്ങള്‍, പ്രൊഡക്ടീവല്ലാത്ത ജീവനക്കാര്‍ ഇതാണ് ഇവിടത്തെ സംവിധാനം. ഒരു പ്രദേശത്തെ ടൂറിസം വികസനത്തിന് കമ്പനി രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ മാത്രമായിരിക്കും ഇതുപോലുള്ള പ്രഹസനങ്ങള്‍ നടക്കുന്നത്. അതിനു പകരം ആ മുഴുവന്‍ പ്രദേശവും സ്പെഷ്യല്‍ ടൂറിസം സോണായി പ്രഖ്യാപിച്ച് അവിടെ ഇന്‍വെസ്റ്റ് ചെയ്യാന്‍ താല്പര്യമുള്ളവരെ കണ്ടത്തി ആ പ്രദേശം ഡെവലപ്പ് ചെയ്യുന്നതല്ലേ ഉചിതം ? ഇത്രയേറെ റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ടായിട്ടും കെടിഡിസി സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ എന്ത് സംഭാവനയാണ് നല്‍കുന്നതെന്ന് പരിശോധന നടത്തിയാല്‍ നന്നായിരിക്കും. വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളിലെ പലവിധത്തിലുള്ള റിസോര്‍ട്ടുകളിലും താമസിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് തുക മുടക്കി റിസോര്‍ട്ടുകളുടെ മെയിന്റനന്‍സ് നടത്തുന്നത് ലോകത്തെവിടെയും കേട്ടുകേള്‍വിയുള്ള കാര്യമല്ല. ഇത്രയേറെ റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ടായിട്ടും പ്രവര്‍ത്തനത്തിനാവശ്യമായ സ്വന്തം തുക പോലും അവര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല. ട്രേഡ് യൂണിയന് നേതാക്കളെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപങ്ങളുടെ നടത്തിപ്പ് പ്രൈവറ്റ് ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ സര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യതയെ മറികടക്കാം. നമ്മുടെ റിസോഴ്സ് തിന്നുതീര്‍ക്കാന്‍ കുറെ പ്രസ്ഥാനങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് കെടിഡിസി. അതില്‍നിന്ന് എന്ത് ഔട്ട്പുട്ടാണ് ടൂറിസം മേഖലയ്ക്ക് ലഭിക്കുന്നുവെന്ന് വിലയിരുത്തുവാനുള്ള സംവിധാനം ഇവിടെയില്ല. ഇത്തരം അനാവശ്യ സ്ഥാപനങ്ങളെ നിര്‍ത്തലാക്കാനും സാധിക്കുന്നില്ല. നിര്‍ത്തലാക്കാന്‍ ശ്രമിച്ചാല്‍ പിന്നെ പ്രതിഷേധമായി, സമരമായി അത് ട്രേഡ് യൂണിയനുകള്‍ ഏറ്റെടുത്ത് വലിയ കോലാഹലമാക്കുകയും ചെയ്യും.
യാത്രക്കാര്‍ ഉണ്ടായിട്ടും കെഎസ്ആര്‍ടിസി നഷ്ടം
വളരെയധികം കോംപ്ലക്സായ കാര്യങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന സംസ്ഥാനമാണ് കേരളം. അത്ര പെട്ടെന്ന് ഇവിടെ ഒരു മാറ്റം കൊണ്ടുവരാന്‍ ആരും സമ്മതിക്കില്ല. കെഎസ്ആര്‍ടിസിയുടെ കാര്യം തന്നെ പരിഗണിച്ചാല്‍ മതി. ഇത്രയേറെ യാത്രക്കാരുണ്ടായിട്ടും കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്. ലോകത്തെ എല്ലാം രാജ്യങ്ങളിലേയും പൊതുഗതാഗത സംവിധാനങ്ങള്‍ ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്നകാര്യം വിസ്മരിക്കുന്നില്ല. പക്ഷേ ഒരുപാട് വിജയമാതൃകകള്‍ മുന്നിലുണ്ടായിട്ടും അതൊന്നും അനുകരിക്കാന്‍ ശ്രമിക്കുന്നതു പോലുമില്ല. അതിന് ഒരുപാട് കാരണങ്ങള്‍ വേറെയുമുണ്ട്.
ഗ്രാമങ്ങളില്‍ റിസോര്‍ട്ടുകള്‍ വേണം
ജനസാന്ദ്രത കൂടിയ സംസ്ഥാനമായതു കൊണ്ടുതന്നെ പരമ്പരാഗത വ്യാവസായങ്ങള്‍ ആരംഭിക്കാന്‍ ഇവിടെ പരിമിതികളുണ്ട്. എന്നാല്‍ കേരളത്തിന് വിജയിക്കാന്‍ സാധിക്കുന്ന ടൂറിസം പോലുള്ള ഒരുപാട് മേഖലകളുണ്ട്. ഗ്രാമങ്ങളിലടക്കം ആധുനിക സൗകര്യങ്ങളുള്ള റിസോര്‍ട്ടുകള്‍ വരണം. വന്‍ റിസോര്‍ട്ടുകള്‍ ഉണ്ടായാല്‍ കൂടുതല്‍ പണം വിദേശികള്‍ ഇവിടെ ചെലവഴിക്കും. നികുതിയിലൂടെ അതിന്റെ ഗുണം സര്‍ക്കാരിനും ലഭിക്കും. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യും. ഇതൊക്കെ നല്ല രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കഴിയണം. നാട് കാണാന്‍ എത്തി തിരിച്ചു പോകുന്ന വിദേശികള്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിക്കാന്‍ നമുക്ക് സാധിക്കണം. അതിനായി മികച്ച പൊതുഗതാഗതാസംവിധാനങ്ങളും ശുദ്ധമായ ഭക്ഷണവും സുഖകരമായ താമസവും ഒരുക്കണം. ഇത്തരം കാര്യങ്ങള്‍ ഇഫക്ടീവായി നടപ്പാക്കാന്‍ സാധിക്കാതെ ഉപരിവിപ്ലമായി കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രം കേരളം രക്ഷപ്പെടില്ലെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര കൂട്ടിച്ചേര്‍ക്കുന്നു.
സംരംഭകന് സഞ്ചാരിയാകുമ്പോള്‍
യാത്രയും സഫാരി ടിവിയും ലേബര്‍ ഇന്ത്യയും മറ്റു ടൂറിസം പ്രൊജക്റ്റുകളും ഡെയിലി റുട്ടീന്‍ ലൈഫിന്റെ ഭാഗമാണ്. അതിനാല്‍ ബാലന്‍സ് ചെയ്തു പോകാന്‍ ഒരിക്കലും പ്രയാസമില്ല. അഞ്ചോ ആറോ രാജ്യങ്ങള്‍ ഒന്നിച്ച് കവര്‍ ചെയ്യുന്ന രീതിയിലായിരിക്കും യാത്ര പ്ലാന്‍ ചെയ്യുന്നത്. ഓഫീസിലെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ട കാര്യങ്ങളെല്ലാം യാത്ര ആരംഭിക്കുന്നതിനു മുന്‍പ് പൂര്‍ത്തിയാക്കും. ഒരുപാട് പൈസ പൂര്‍വികരില്‍ നിന്ന് ലഭിച്ചത് കൊണ്ട് യാത്ര ചെയ്യാന്‍ തുടങ്ങിയ ആളല്ല താനെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു. എന്റെ യാത്രയ്ക്കുള്ള പണം സ്വയം കണ്ടെത്തുന്നതാണ്. ലേബര്‍ ഇന്ത്യയും അനുബന്ധ സ്ഥാപനങ്ങളും തന്റെ കൈയ്യില്‍ വരുമ്പോള്‍ തൊഴിലാളി സമരമടക്കമുള്ള പ്രതിസന്ധികള്ക്കിടയിലായിരുന്