സംരംഭക മേഖലയില്‍ വ്യത്യസ്ത വഴി കണ്ടെത്തിയ കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് ആയ ജെന്‍ റോബോട്ടിക്സിന്റെ വിജയഗാഥ തുടരുകയാണ്.
ചെന്നൈ ആസ്ഥാനമായ ആഗോള ടെക്‌നോളജി കമ്പനിയായ ‘സോഹോ’യില്‍ നിന്ന് 20 കോടി രൂപയുടെ മൂലധന ഫണ്ടിങ് ജെന്‍ റോബോട്ടിക്സ് സ്വന്തമാക്കിയത് അടുത്തിടെയാണ്. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വിജയിക്കുമോ എന്ന ചോദ്യത്തിനുള്ള ഏറ്റവും നല്ല മറുപടിയാണ് ജെന്‍ റോബോട്ടിക്‌സിന് നാള്‍ക്കുനാള്‍ ലഭിക്കുന്ന സ്വീകാര്യത.
‘ബാന്‍ഡിക്കൂട്ട്’ റോബോട്ടുകളുടെ ഉത്പാദനം ഉയര്‍ത്താനും ഗവേഷണ-വികസനം ശക്തിപ്പെടുത്താനും കൂടുതല്‍ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക ജെന്‍ റോബോട്ടിക് വിനിയോഗിക്കുക. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതിയുണ്ട്.
സാമൂഹ്യപ്രതിബദ്ധത ലക്ഷ്യം
കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക് പഠനകാലത്ത് തുടങ്ങിയ സംരംഭമാണ് ജെന്‍ റോബോട്ടിക്‌സായി മാറിയത്. പഠനകാലയളവില്‍ പുത്തന്‍ സാങ്കേതിക വിദ്യ എന്ന ആശയത്തോട് എന്നും തല്‍പ്പരരായിരുന്ന അവര്‍ ജെന്‍ റോബോട്ടിക്സിന് രൂപം നല്‍കി. ‘പഠനത്തിനു ശേഷം ജോലി സമ്പാദിച്ച് സെറ്റില്‍ ആകുക എന്നതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. സമൂഹത്തിന് കൂടി ഉപകാരപ്പെടുന്ന ഒരു ആശയം, അതായിരുന്നു സ്വപ്നം’ ജെന്‍ റോബോട്ടിക് സഹ സ്ഥാപകനായ അരുണ്‍ ജോര്‍ജ്ജ് പറയുന്നു. സാങ്കേതിക വിദ്യയെ സമൂഹത്തിനുവേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയമാണ് ജെന്‍ റോബോട്ടിക്സിന്റെ വിജയത്തിനു കാരണം. ജോലി കഴിഞ്ഞ് സോപ്പിട്ട് എത്രവട്ടം കുളിച്ചാലും ദുര്‍ഗന്ധം പോകാത്തതിനാല്‍ ഭക്ഷണം പോലും വേണ്ടെന്ന് വെക്കുന്ന മാന്‍ഹോള്‍ വൃത്തിയാക്കുന്നവരുടെ കഥകള്‍ നേരിട്ടറിഞ്ഞതോടെ ഇതിനൊരു അറുതിയുണ്ടാക്കണമെന്ന് ഞങ്ങള്‍ മനസ്സിലുറപ്പിച്ചു. ആ സമയത്താണ് കോഴിക്കോട്ട് ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികളും രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറും മരിക്കുന്നത്. ഇതോടെ ബാന്‍ഡിക്കൂട്ടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. അങ്ങനെ 2018 ഫെബ്രുവരിയില്‍ ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ട് തിരുവന്തപുരത്ത് യാഥാര്‍ത്ഥ്യമായി.
ബാന്‍ഡികൂട്ടിന്റെ തുടക്കം
2015 മുതല്‍ സ്റ്റുഡന്റ് സ്റ്റാര്‍ട്ട്അപ്പ് ആയി പ്രവര്‍ത്തിച്ചിരുന്ന ജെന്‍ റോബോട്ടിക്സിന് മികച്ച പ്ലേസ്മെന്റ് ലഭിച്ചെങ്കിലും വേറിട്ടൊരു ആശയം എന്നതായിരുന്നു അവരുടെ സ്വപ്നം. ഇതിനിടെ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന്‍ ജെന്‍ റോബോട്ടിക്സിനെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിനുവേണ്ടി 2018 ല്‍ ആദ്യത്തെ ബാന്‍ഡികൂട്ട് ജന്‍ റോബോട്ടിക്‌സ് വികസിപ്പിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ അത് പുറത്തിറക്കുകയും ചെയ്തു. ഇന്ന് നൂറോളം റോബോട്ടുകള്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മികച്ച ക്യാമറാ സംവിധാനവും സെന്‍സറുകളുമാണ് ബാന്‍ഡിക്കൂട്ടിന്റെ പ്രത്യേകത. വാട്ടര്‍പ്രൂഫ് ക്യാമറ നല്‍കുന്ന ദൃശ്യങ്ങളുടെ സഹായത്താല്‍ ഓപ്പറേറ്റര്‍ക്ക് പ്രവര്‍ത്തനം നിയന്ത്രിക്കാനാകും.
ജെന്‍ റോബോട്ടിക്സ് ആരോഗ്യമേഖലയിലേക്കും
ജെന്‍ റോബോട്ടിക്‌സ് അടുത്തിടെ ആരോഗ്യമേഖലയിലേക്ക് കടക്കുകയും പക്ഷാഘാതം ബാധിച്ചവരെ വീണ്ടെടുക്കാനും നടക്കാനും സഹായിക്കുന്നതിനായി റോബോട്ട് അസിസ്റ്റഡ് ഗെയ്റ്റ് ട്രെയിനിംഗ് സൊല്യൂഷന്‍-ജി ഗെയ്റ്റര്‍ നിര്‍മിക്കുകയും ചെയ്തു. റോഡപകടങ്ങള്‍ മൂലമോ സ്‌ട്രോക്ക് പോലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ മൂലമോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ തളര്‍ന്നവര്‍ക്ക് ഫിസിയോതെറാപ്പി സേവനം നല്‍കുന്ന റോബോട്ടാണിത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തളര്‍ന്നവര്‍ക്ക് ആ ഭാഗത്തിന്റെ ചലനങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള ഒരു വഴിയാണ് ഫിസിയോതെറാപ്പി. രോഗിക്കും ഫിസിയോതെറാപ്പിസ്റ്റിനും ഒരുപോലെ ആയാസമുണ്ടാക്കുന്ന ഒന്നാണിത്. തളര്‍ന്നുപോയ കൈയ്യോ കാലോ വീണ്ടും ചലിപ്പിക്കുന്നതിന് ആ ഭാഗങ്ങള്‍ നിരന്തരമായി ചലിപ്പിച്ച് തലച്ചോറും ആ ഭാഗവും തമ്മിലുള്ള ബന്ധം വീണ്ടെടുക്കേണ്ടതുണ്ട്. എന്നാലിത് രോഗിക്ക് തനിയെ ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല. മിക്ക ഘട്ടങ്ങളിലും പരസഹായം ആവശ്യമായി വരും. ഒരു റോബോട്ടിന്റെ സഹായമുണ്ടെങ്കില്‍ ഇത് വളരെ എളുപ്പമാകും. ഈ ആശയമാണ് ജി- ഗെയ്റ്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.
വില്‍പവര്‍
ഏറെ അപകടം നിറഞ്ഞ റിഫൈനറികള്‍, പ്രോസസിംഗ് പ്ലാന്റുകള്‍ എന്നിവ വൃത്തിയാക്കാനായി ജെന്‍ റോബോട്ടിക്സ് കണ്ടെത്തിയ റോബോട്ടാണ് വില്‍പവര്‍. ബാന്‍ഡികൂട്ട് പോലെയണെങ്കിലും ടാങ്കിന്റെ അകത്ത് ആഴത്തിലിറങ്ങി പൂര്‍ണമായും വൃത്തിയാക്കാന്‍ കഴിയുന്നതരത്തിലുള്ള സ്പെഷ്യല്‍ റോബോട്ടാണ് വില്‍പവര്‍.
പുരസ്‌കാരനിറവില്‍
ബെസ്റ്റ് ക്യാമ്പസ് ഇന്‍ഷിയേറ്റഡ് സ്റ്റാര്‍ട്ട് അപ്പ് എന്ന വിഭാഗത്തില്‍ സറ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ 2020- 2021 ലെ പുരസ്‌കാരം, കേന്ദ സര്‍ക്കാരിന്റെ അമൃത് പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ ജെന്‍ റോബോട്ടിക്സ് സ്വന്തമാക്കിയിട്ടുണ്ട്.
പണിപ്പുരയില്‍
വലിയ ഗ്ലാസ് കെട്ടിടങ്ങളുടെ ജനാലകള്‍ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും പെയിന്റിംഗിനും ഒക്കെ ആളുകളെ ഉപയോഗിക്കുന്നത് ഏറെ അപകടം നിറഞ്ഞതാണ്. ഇതിന് ഒരു പരിഹാരമായി ഇത്തരം ജോലികള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു റോബോട്ടിന്റെ നിര്‍മ്മിതിയിലാണ് ജെന്‍ റോബോട്ടിക്.