പ്രകൃതി നല്‍കിയ സംരംഭക വിജയം

 

സ്വപ്നം കണ്ട ലോകം കൈക്കുമ്പിളിലാക്കാന്‍ സീറോ ഇന്‍വെസ്റ്റ്മെന്റുമായി ഹര്‍ഷ പുതുശ്ശേരി എന്ന യുവ സംരംഭക ആരംഭിച്ച യാത്ര ഇന്ന് വിജയവഴിയിലാണ്. സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസില്‍ മുളപൊട്ടിയപ്പോള്‍ കൈയില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം കഴിവും ആത്മവിശ്വാസവും മാത്രമായിരുന്നു. ആ കരുത്തിന്റെ പിന്‍ബലത്തിലാണ് ചുരുങ്ങിയകാലം കൊണ്ട് ‘ഐറാലൂം’ എന്ന ബ്രാന്‍ഡ് ഈ കോഴിക്കോടുകാരി പടുത്തുയര്‍ത്തിയത്. ഈവര്‍ഷം സെപ്തംബറില്‍ ഐറാലൂം മൂന്ന് വര്‍ഷം പിന്നിടുകയാണ്. ഇക്കാലയളവില്‍ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ പ്രചാരമുള്ളതാക്കാന്‍ ഐറയിലൂടെ ഹര്‍ഷയ്ക്ക് സാധിച്ചു. മികച്ച സ്റ്റാര്‍ട്ട്അപ്പ് എന്ന ലേബലിനൊപ്പം തെറ്റില്ലാത്ത വരുമാനം സമ്പാദിക്കാനും കഴിയുന്നു. മികച്ച വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് ആരും വരാന്‍ മടിക്കുന്ന മേഖലയിലേയ്ക്ക് കടന്നുവന്ന ഹര്‍ഷയ്ക്കുമുന്നില്‍ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. എന്നാല്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവുംകൊണ്ട് പ്രതിസന്ധികള്‍ ഓരോന്നോരോന്നായി അവര്‍ മറികടന്നു.

 

ഐറാലൂമിലേയ്ക്കുള്ള യാത്ര

 

എഞ്ചിനിയറിങ് ബിരുദധാരിയായ ഹര്‍ഷ ഐടി മേഖലയില്‍ മികച്ച വരുമാനത്തില്‍ നാല് വര്‍ഷം ജോലി ചെയ്തതിനുശേഷമാണ് സംരംഭകയാകുന്നത്. പെയിന്റിങ്ങിനോടുള്ള പാഷന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലടക്കം ഹര്‍ഷയെ എത്തിച്ചു. ഇതിനിടയിലാണ് സംരംഭകത്വം എന്ന ആശയത്തിലേയ്ക്ക് തിരിയുന്നത്. മനസില്‍ തോന്നിയ ആഗ്രഹം സഹോദരന്‍ നിതിന്‍ രാജിനോട് പങ്കുവെച്ചു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണകൂടി ആയപ്പോള്‍ സ്വപ്ന പദ്ധതിയിലേയ്ക്ക് പതുക്കെ നടന്നു കയറി. അങ്ങനെ നിതിനോടൊപ്പം 2019ല്‍ ഐറാലൂം യാഥാര്‍ത്ഥ്യമായി. ഐറ എന്ന പേരിന് സംസ്‌കൃതത്തില്‍ പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്നാണ് അര്‍ത്ഥം. പേര് അന്വര്‍ത്ഥമാക്കുംപോലെ പ്രകൃതിസൗഹൃദ ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള ഒരു പ്ലാറ്റ്ഫോം ആണ് ഐറാലൂം.

 

പ്രകൃതിസൗഹൃദം

 

പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ കൂടുതല്‍ പ്രചാരത്തിലാക്കുക എന്ന വലിയ ദൗത്യമാണ് ഐറാലൂമിലൂടെ ഹര്‍ഷ ഏറ്റെടുത്തത്. കോട്ടണ്‍ ബാഗുകള്‍, മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഓഫീസ് സാമഗ്രികള്‍, പേനകള്‍, കൂടകള്‍, ചണം കൊണ്ടുള്ള നിത്യോപയോഗ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയാണ് തുടക്കത്തില്‍ വിപണിയിലെത്തിച്ചത്. ബി ടു ബി വിപണനമായിരുന്നു അക്കാലത്ത്.

 

വഴിത്തിരിവായ കോവിഡ്കാലം

 

ആര്‍ട്ടിസ്റ്റ് കൂടിയായ ഹര്‍ഷ ജോലിയ്ക്കിടയില്‍ വീണുകിട്ടുന്ന സമയത്തെല്ലാം ചിത്രങ്ങള്‍ വരച്ചു. നിരവധി എക്സിബിഷനുകളും സംഘടിപ്പിച്ചു. കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം കൂടിയായപ്പോള്‍ കൂടുതല്‍ സമയം അതിനായി ചിലവഴിച്ചു. ആ സമയത്താണ് ജീവിതത്തിലെ പ്രധാന വഴിത്തിരിവുണ്ടായതെന്ന് ഹര്‍ഷ പറയുന്നു. കലാകാരന്മാരായ നിരവധിപേര്‍ക്ക് പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു അത്. ചിത്രകാരന്മാര്‍, കുലത്തൊഴില്‍ ചെയ്യുന്നവര്‍ എല്ലാവരും ഏറെ ബുദ്ധിമുട്ടിലായി. അങ്ങനെ അവരെക്കൂടി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്ന ആശയത്തിലേയ്ക്ക് മാറിച്ചിന്തിച്ചതെന്നു ഹര്‍ഷ പറയുന്നു. ആദ്യം ഹര്‍ഷയുടെ മാത്രം ഉത്പന്നങ്ങളായിരുന്നു ഐറയില്‍ ഉണ്ടായിരുന്നത്. ഇന്ന് ഏതൊരു ചെറുകിട സംരംഭകര്‍ക്കും അവരുടെ പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ ഇവിടെ വില്‍ക്കാന്‍ സാധിക്കും.

 

ഐറയുടെ വിജയം

 

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം രൂപീകരിച്ചതോടെ മികച്ച പ്രതികരമാണ് ഐറാലൂമിന് ലഭിച്ചത്. ആലുവയിലാണ് ഐറയുടെ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ജൂട്ട്, മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍, പേപ്പര്‍, കോട്ടണ്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം നിര്‍മ്മിക്കുന്നുത് ഇവിടെയാണ്. കൂടാതെ എന്‍ജിഒ സൊസൈറ്റികളുമായി ചേര്‍ന്നും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അവര്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതിനുപുറമെ പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഐറയിലൂടെ വിപണിയിലെത്തിക്കുകയും ചെയ്യുന്നു. കൂടാതെ ചക്കകൊണ്ടുള്ള ഉത്പന്നങ്ങള്‍, തേന്‍, ഓര്‍ഗാനിക് ബ്യൂട്ടി പ്രൊഡക്ടുകള്‍ എന്നിവയും ലഭിക്കും.

മികച്ച സ്വീകാര്യത

 

ഐറാലൂമിലൂടെ ഹര്‍ഷയ്ക്കു മാത്രമല്ല, നിരവധി പേര്‍ക്കാണ് അവരുടെ ജീവിതമാര്‍ഗം കണ്ടെത്താന്‍ സാധിച്ചത്. വീട്ടിലിരുന്ന് കരകൗശലവസ്തുക്കളും ഭക്ഷ്യ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്ന അനേകം പേരുടെ ആശ്രയമായി ഐറാലൂം മാറി. സ്വന്തമായി വിപണി കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഐറയിലൂടെ വില്‍ക്കാന്‍ സാധിക്കുമെന്ന് ഹര്‍ഷ പറയുന്നു. എല്ലാ ഉത്പന്നങ്ങളും പ്രകൃതിസൗൃദമായിരിക്കണമെന്നു മാത്രം.

പ്രതിസന്ധികള്‍ തരണം ചെയ്യുമ്പോള്‍

 

നിരവധി ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഹര്‍ഷ ഐറയിലേക്കെത്തിയത്. അതിനിടയില്‍ നേരിട്ടത് പല തരത്തിലുള്ള വെല്ലുവിളികള്‍. മികച്ച ജോലി ഉപേക്ഷിച്ച് ഈ മേഖലയിലേയ്ക്ക് വന്നതിനെ പരിഹസിച്ചവര്‍പോലുമുണ്ട്. കരകൗശല വസ്തുക്കള്‍ എത്രത്തോളം പ്രൊമോട്ട് ചെയ്താലും വിറ്റഴിയാന്‍ പ്രയാസമാണ്. പലതരത്തിലുള്ള പരിമിതികളുമുണ്ട്. തനത് കരകൗശല വിദഗ്ധരുടെ എണ്ണം കുറഞ്ഞു വരുന്നതും അസംസ്‌കൃ വസ്തുക്കളുടെ ലഭ്യതക്കുറവും ഉള്‍പ്പടെയുള്ള നിരവധി വെല്ലുവിളികള്‍ ഉണ്ട്. അതിനെയെല്ലാം അതിജീവിച്ചുവേണം ഇനി മുന്നോട്ടു പോകാനെന്നും ഹര്‍ഷ പറഞ്ഞു വെയ്ക്കുന്നു.

 

വലിയ ലക്ഷ്യത്തിലേയ്ക്ക്

 

പ്ലാസ്റ്റിക് നിരോധനം വന്നിട്ടും അത് പൂര്‍ണമായും നടപ്പാക്കാന്‍ സാധിക്കുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണെന്ന് ഹര്‍ഷ അടിവരയിടുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ബോധവത്ക്കരണം ആവശ്യമാണ്. പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന ധാരണയാണ് പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ആ ചിന്താഗതി തന്നെ മാറണം. ഐറയുടെ ഉദ്ദേശ്യവും അതുതന്നെയാണ്. വാണിജ്യാവശ്യങ്ങള്‍ക്ക് എന്ന നിലയിലേയ്ക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ആലോചനയിലാണ്. അതുതന്നെയാണ് ഇനിയുള്ള സ്വപ്നവും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

അംഗീകാരങ്ങള്‍

ഐറയിലൂടെ നിരവധി നേട്ടങ്ങള്‍ ഹര്‍ഷയെത്തേടി എത്തി. കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നിര്‍മ്മിക്കുന്ന പ്രകൃതിസൗഹൃദ കരകൗശല – കൈത്തറി ഉത്പന്നങ്ങളുടെ ആഗോള വിപണനത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി അടുത്തിടെ ധാരണയായി. ബെസ്റ്റ് സോഷ്യല്‍ ഇംപാക്ട് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിനു പുറമെ, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് സംസ്ഥാനത്തു നിന്നും തെരഞ്ഞെടുത്ത സാമൂഹിക പ്രതികരണമുളവാക്കുന്ന മികച്ച പതിനൊന്ന് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ഐറാലൂം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലൈവ് പ്രോഗ്രാമിലേക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റിന്റെ വുമണ്‍ ഇന്‍ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് എന്റര്‍പ്രെണര്‍ഷിപ്പ് പ്രോഗ്രാമിലേക്കും തെരഞ്ഞെടുത്തതും ഐറാലൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കം കൂട്ടുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന, പ്രകൃതിയുമായി ഇണങ്ങിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ഓരോ സംരംഭകര്‍ക്കും തങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും ഹര്‍ഷ കൂട്ടിച്ചേര്‍ക്കുന്നു.

 

Related posts

Leave a Comment