ഗ്രീസ് നിര്‍മ്മാണത്തിലൂടെ സംരംഭകരാകാം

ബൈജു നെടുങ്കേരി

കേരളം വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ചെറുകിട ഉല്‍പാദന യൂണിറ്റുകളുടെ കേന്ദ്രമായി മാറും സംരംഭകത്വത്തിലേക്ക് കേരളത്തിന്റെ പരിവര്‍ത്തനം വളരെ വേഗത്തിലാണ് .തൊഴിലിടങ്ങളെല്ലാം അരക്ഷിതമായതോടെ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കേണ്ടത് മലയാളിയുടെ നിലനില്പിന്റെ തന്നെ പ്രശ്‌നമായി മാറിക്കഴിഞ്ഞു. വ്യവസായം സുഗമമാക്കല്‍ നിയമം വഴിയും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചും സംരംഭകത്വത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഗവണ്‍മെന്റും മുന്‍കൈയെടുക്കുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചെറുകിട ഉല്പന്നങ്ങളില്‍ ഭൂരിഭാഗവും നമുക്ക് കേരളത്തില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നവയാണ്. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ വീടുകളില്‍ പോലും ആരംഭിക്കാന്‍ അനുമതി ലഭിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് ഉല്‍പാദന രംഗത്തേക്ക് കടന്ന് വരാന്‍ അവസരങ്ങളുണ്ട് .കേരളത്തില്‍ കൂടുതലായി വിറ്റഴിയപ്പെടുന്നതും എന്നാല്‍ അന്യസംസ്ഥാനത്ത് നിര്‍മ്മിക്കപ്പെടുന്നതുമായ മറ്റൊരു ഉല്പന്നമാണ് ഗ്രീസ്.

ഗ്രീസ് നിര്‍മ്മാണം

ചലിക്കുന്ന വസ്തുക്കള്‍ തമ്മില്‍ ഉരസുമ്പോള്‍ സൃഷ്ടിക്കപെടുന ഘര്‍ഷണവും താപവും നിയന്ത്രിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന അര്‍ദ്ധഖരാവസ്ഥയിലുള്ള ലൂബ്രിക്കന്റാണ് ഗ്രീസ്. വാഹനങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങി ലോകത്തിന്റെ ചലനത്തിനൊപ്പം ലൂബ്രിക്കന്റുകളുമുണ്ട്. ഖരാവസ്ഥയിലും അര്‍ദ്ധഖരാവസ്ഥയിലും എണ്ണകളുടെ രൂപത്തിലുമെല്ലാം ലൂബ്രിക്കന്റുകള്‍ ലഭ്യമാണ്. ഉപയോഗപ്പെടുത്തുന്ന യന്ത്രഭാഗത്തിന്റെ പ്രത്യേകതകള്‍കനുസരിച്ച് ലൂബ്രിക്കന്റുകള്‍ തിരഞ്ഞെടുക്കുന്നു. ആവണക്കെണ്ണ, മൃഗക്കൊഴുപ്പ്, പാം ഓയില്‍ എന്നിവയെല്ലാം ലൂബ്രിക്കന്റുകളാണ്. പെട്രോളിയം ഓയിലുകളെക്കാള്‍ വഴുവഴുപ്പ് പ്രസ്തുത ഓയിലുകകള്‍ക്കുണ്ട്. ഈ ഓയിലുകള്‍ തനിയെ ഉപയോഗിക്കുമ്പോഴുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ മറ്റു ചില ചേരുവകള്‍ കൂടി ചേര്‍ത്താണ് ഗ്രീസ് നിര്‍മ്മിക്കുന്നത്.

ഗ്രീസുകള്‍ പലവിധം

സോഡിയം ഗ്രീസ്, കാല്‍സിയം ഗ്രീസ്, ഗ്രാഫൈറ്റ് ഗ്രീസ്, ലിഥിയം ഗ്രീസ്, സിലിക്കോണ്‍ ഗ്രീസ് എന്നിങ്ങനെ പോകുന്നു ഗ്രീസുകളുടെ വേര്‍തിരിവുകള്‍. ചേരുവകളുടെ വ്യത്യാസം അനുസരിച്ചാണ് ഈ തരംതിരിവ്. ഇവയില്‍ സിലിക്കോണ്‍ ഗ്രീസ് ഒഴികെ മറ്റെല്ലാം ഗ്രീസിലും ആവണക്കെണ്ണ, മൃഗക്കൊഴുപ്പ്, മിനറല്‍ ഓയില്‍ എന്നിവയാണ് മുഖ്യ ചേരുവകള്‍. സിലിക്കോണ്‍ ഗ്രീസില്‍ സിലിക്കോണ്‍ ഓയിലാണ് പ്രധാനഘടകം.

യന്ത്രഭാഗങ്ങളുടെ വേഗം, താപം, മര്‍ദ്ദം എന്നിവയ്ക്ക് അനുസൃതമായാണ് ഗ്രീസുകള്‍ തിരഞ്ഞെടുക്കുന്നത്. ഈ രംഗത്തെ ദേശീയ സ്ഥാപനമാണ് നാഷണല്‍ ലൂബ്രിക്കേറ്റിങ് ഗ്രീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (NLGI). കാഠിന്യം അനുസരിച്ച് ഗ്രീസുകളെ ഒന്‍പതായി തരം തിരിച്ചിട്ടുണ്ട്. 000 മുതല്‍ 06 വരെയുള്ള സൂചകങ്ങളായാണ് ഈ വേര്‍തിരിവ്. (ഫ്ളൂയിഡ് മുതല്‍ വെരിഹാര്‍ഡ് വരെയുള്ള ഒന്‍പത് സൂചകങ്ങള്‍). പൂജ്യം മുതല്‍ മൂന്നു വരെയുള്ള സൂചകങ്ങളില്‍ ഉള്‍പ്പെടുന്ന ഗ്രീസുകളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

മാര്‍ക്കറ്റിംഗ്

ചെറിയ മുതല്‍ മുടക്കില്‍ സംരംഭം ആരംഭിച്ച് വിതരണക്കാര്‍ വഴിയും നേരിട്ടും ഉല്‍പ്പന്നം വിറ്റഴിക്കാം. ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, യന്ത്രങ്ങളുടെ നിര്‍മ്മാണവും റിപ്പയറിംഗും നടത്തുന്ന കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, സ്പെയര്‍ പാര്‍ട്സ് വില്പന കേന്ദ്രങ്ങള്‍, ാര്‍ഡ് വെയര്‍ ഷോപ്പുകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം വില്പനയ്ക്കായി തിരഞ്ഞെടുക്കാം. ജെസിബി, ഹിറ്റാച്ചി, ക്രയിനുകള്‍ തുടങ്ങി ഭാരയന്ത്രങ്ങള്‍ ദിവസവും ഗ്രീസിംഗ് ആവശ്യമുള്ളവയാണ്. ഇത്തരം യന്ത്രഉടമകള്‍ക്ക് നേരിട്ടുള്ള വിതരണവും ആവാം.

മൂലധനനിക്ഷേപം

പ്രാദേശിക വിപണിയെ ലക്ഷ്യം വെച്ച് ചെറുകിട യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിദിനം 200kg ഗ്രീസ് നിര്‍മ്മിക്കുന്ന യൂണിറ്റ് ആരംഭിക്കുന്നതിന് 5,00,000/ – രൂപ മൂലധന നിക്ഷേപമായി ആവശ്യം വരും. നിര്‍മാണകേന്ദ്രം ആരംഭിക്കുന്നതിന് 500 സ്‌ക്വയര്‍ ഫിറ്റ് സ്ഥലസൗകര്യവും സിംഗിള്‍ ഫേസ് കണ്‍ക്ഷനും ഉറപ്പാക്കണം.

വരവ് ചെലവ് കണക്ക്

എല്ലാ അസംസ്‌കൃത വസ്തുക്കളും പായ്ക്കിംഗ് മെറ്റീരിയലുകളും തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെ പ്രതിദിനം 200 kg ഉല്‍പാദിപ്പിക്കുന്നതിനുള്ള ചെലവ് എത്രയാണെന്നു നോക്കാം.

ചിലവ്
200 kg *100 = 20,000.00

വരവ്
1 kg ഗ്രീസ് മാര്‍ക്കറ്റ് വില = 300 /-

കമ്മീഷന്‍ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 200/kg

200kg*200kg =40000/-

ലാഭം
വരവ് = 40000/-

ചിലവ് = 20000/-

ലാഭം =20000/-

സാങ്കേതികവിദ്യ പരീശീലനം
ഗ്രീസ് നിര്‍മ്മാണം വിദഗ്ധ പരീശീലനം നേടി ആരംഭിക്കേണ്ട സംരംഭമാണ് ,വിദഗ്ദരുടെ കീഴില്‍ ഗ്രീസ് നിര്‍മ്മാണത്തിന്റെ സാങ്കേതിക വിദ്യ ആര്‍ജിക്കുന്നതിനും പരീശീലനത്തിനുമുള്ള അവസരം പിറവം അഗ്രോപാര്‍ക്കിലുണ്ട് 0485-2242310

വായ്പ – സബ്സിഡി
സംരംഭകത്വത്തിന് സഹായിക്കുന്ന വിവിധ വായ്പ പദ്ധതികള്‍ നേടിയെടുക്കുന്നതിന് വ്യവസായ വകുപ്പിന്റെ പ്രാദേശിക ഓഫീസുകള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ നേടാം. പ്രൊജക്ടിന്റെ വ്യാപ്തിക്ക് അനുസൃതമായി സബ്സിഡികളും ലഭിക്കും.

(പിറവം അഗ്രോപാര്‍ക്ക് ചെയര്‍മാനും പ്രമുഖ സംരംഭക പ്രോത്സാഹകനുമാണ് ലേഖകന്‍)

 

 

Related posts