അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും

രാജ്യത്തെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ അമുലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്ന സഹകരണ സ്ഥാപനത്തെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് അമിത് ഷാ അറിയിച്ചു. ലയനത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്. ലാഭം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നും അമിത് ഷാ പറഞ്ഞു. ആഭ്യന്തര വിപണിയിലെ ആവശ്യം മാത്രമല്ല, അയല്‍രാജ്യങ്ങളുടെയും പാല്‍ ലഭ്യത ഉറപ്പാക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പാല്‍ ഉത്പാദനം ഇരട്ടിയാക്കും. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാല്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും ലോക വിപണിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പാല്‍ എത്തിക്കാന്‍ ഒരു മള്‍ട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സ്ഥാപിക്കുകയാണ് എന്നും അത് കയറ്റുമതി കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്ന സഹകരണ സ്ഥാപനമാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നത്.

 

Related posts