ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി 26 വര്‍ഷത്തിന് ശേഷം ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നു

ടാറ്റയുടെ നടപ്പാക്കാതെ പോയ പദ്ധതിക്കുവേണ്ടി നേരത്തെ ഏറ്റെടുത്തിരുന്ന ഭൂമി മുന്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒഡീഷ സര്‍ക്കാരിന്റെ തീരുമാനം. ടാറ്റാ ഗ്രൂപ്പിന് കീഴില്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റ് തുടങ്ങുന്നതിനു വേണ്ടിയാണ് 1996 ല്‍ ഒഡീഷ സര്‍ക്കാര്‍ ഗഞ്ചം ജില്ലയിലെ ഗോപാല്‍പുര്‍ തീരത്തിന് അടുത്തുള്ള ഭൂമി ഏറ്റെടുത്തത്. ഇപ്പോള്‍ 26 വര്‍ഷത്തിനു ശേഷമാണ് ഈ ഭൂമിയില്‍ 206 ഏക്കര്‍ സ്ഥലം തിരികെ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കലിപള്ളി അടക്കം ഏകദേശം 12 ഓളം ഗ്രാമപ്രദേശങ്ങള്‍ അടങ്ങുന്ന 6900 ഏക്കര്‍ സ്ഥലമാണ് 1996 ടാറ്റാ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയതും ഏറ്റെടുത്തതും.

എന്നാല്‍ രണ്ടര പതിറ്റാണ്ടിനിപ്പുറവും പദ്ധതി വെളിച്ചം കണ്ടില്ല. തീര്‍ത്തും കടലാസില്‍ ഒതുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന ഒഡീഷ മന്ത്രിസഭായോഗം അന്നത്തെ സ്ഥലം ഉടമകളുടെ അവകാശികള്‍ക്ക് ഏറ്റെടുത്ത് ഭൂമിയിലെ 206 ഏക്കര്‍ സ്ഥലം തിരികെ കൊടുക്കാന്‍ തീരുമാനിച്ചത്. അന്ന് സ്ഥലം ഏറ്റെടുക്കാന്‍ സ്ഥലം ഉടമകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയിരുന്നു. എന്നാല്‍ ഈ പണം ഭൂമി തിരികെ നല്‍കുമ്പോള്‍ തിരികെ വാങ്ങില്ല. ഈ തുക ഇളവുചെയ്തു നല്‍കാനാണ് സംസ്ഥാനത്തെ നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയായ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 206 ഏക്കര്‍ ഭൂമി നിയമാനുസൃത അവകാശികള്‍ക്ക് തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്. പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഉപയോഗിക്കാതെ കിടന്ന 206.685 ഏക്കര്‍ ഭൂമി തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി എസ് സി മൊഹപത്ര അറിയിച്ചു. റൂള്‍ 20 പ്രകാരം ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്കോ അവരുടെ നിയമപരമായ അവകാശികള്‍ക്കോ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

L

 

Related posts