ഊബറുമായുളള പാര്‍ട്ണര്‍ഷിപ്പിലൂടെ പാസഞ്ചര്‍ വെഹിക്കിള്‍ ഫ്ളീറ്റുകളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഊബറുമായി അദാനി ഗ്രൂപ്പ് നിരന്തര ചര്‍ച്ചകള്‍ നടത്തിവരികയാണ്. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുളള എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളില്‍ ഫ്ളീറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്കായുള്ള വിവിധ സംരംഭങ്ങള്‍ക്കായി ഊബറും അദാനി ഗ്രൂപ്പും നേരത്തെ പങ്കാളിത്തത്തിലേര്‍പ്പെട്ടിരുന്നു. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ഗുവാഹത്തി, ജയ്പൂര്‍ തുടങ്ങിയ 5 അദാനി വിമാനത്താവളങ്ങളിലാണ് ഊബറിന് പിക്കപ്പ് സോണുകളുള്ളത്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ഈ നിക്ഷേപം വഴി ലക്ഷ്യമിടുന്നത്. മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, തിരുവനതപുരം, ഗുവാഹത്തി, മംഗളുരു തുടങ്ങിയ 7 വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് രാജ്യത്തുള്ളത്. എയര്‍പോര്‍ട്ട് ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി വിവിധ കമ്പനികളിലായി അദാനി ഗ്രൂപ്പ് നിക്ഷേപങ്ങള്‍ നടത്തി വരുന്നു. ഈ മാസം ആദ്യം സ്വതന്ത്ര വിമാന കമ്പനിയായ എയര്‍വര്‍ക്‌സ് കമ്പനിയുമായി 400 കോടിയുടെ കരാര്‍ ഒപ്പിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ലിപ്കാര്‍ട്ടിന്റെ കീഴിലുള്ള ക്ലിയര്‍ട്രിപ്പിന്റെ 20% ഓഹരിയും കഴിഞ്ഞ വര്‍ഷം കമ്പനി വാങ്ങിയിരുന്നു. ഓല, ഊബര്‍ പോലുള്ള സര്‍വീസുകള്‍ക്ക് കോവിഡ് മഹാമാരിക്ക് ശേഷം ബിസിനസ്സ് തിരിച്ചു പിടിക്കാന്‍ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തം വളരെ സഹായകമാണ്.