സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷ പദ്ധതിയാരംഭിച്ച് 200 ദിവസത്തിനകം പുതുതായി തുടങ്ങിയത് 75,000 സംരംഭങ്ങള്‍. ഇതുവഴി 4,694 കോടി രൂപ നിക്ഷേപവും ലഭിച്ചു. 1,65,301 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. പുതിയസംരംഭങ്ങളുടെ രജിസ്ട്രേഷനില്‍ മുന്നില്‍ മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവയാണ്. 7,000ലേറെ പുതിയസംരംഭങ്ങള്‍ വീതം ഈ ജില്ലകളിലുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പുതിയസംരംഭങ്ങള്‍ 5,000ലേറെ.
ആലപ്പുഴ, കൊല്ലം, തൃശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പതിനായിരത്തിലേറെ തൊഴിലവസരങ്ങളുണ്ടായി. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലായി സൃഷ്ടിക്കപ്പെട്ടത് 13,000ലേറെ തൊഴിലുകള്‍. കൃഷി-ഭക്ഷ്യസംസ്‌കരണമേഖലയില്‍ 12,700 പുതിയ സംരംഭങ്ങളും 1,450 കോടി രൂപയുടെ നിക്ഷേപവുമുണ്ടായി. 45,705 പേര്‍ക്ക് തൊഴിലും ലഭിച്ചു. വസ്ത്രമേഖലയിലുണ്ടായത് 8,849 സംരംഭങ്ങളും 421 കോടി രൂപയുടെ നിക്ഷേപവും 18,764 തൊഴിലും. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മേഖലയില്‍ പുതിയസംരംഭങ്ങള്‍ 3,246. നിക്ഷേപം 195 കോടി രൂപ. തൊഴില്‍ 6,064. സേവനമേഖലയില്‍ 5731 സംരംഭങ്ങള്‍. 359 കോടി രൂപ നിക്ഷേപവും 13,331 തൊഴിലുമുണ്ടായി. വ്യാപാരമേഖലയില്‍ 24,687 സംരംഭങ്ങളും 1,450 കോടിയുടെ നിക്ഷേപവും 45705 തൊഴിലും സൃഷ്ടിച്ചു.