വിമാനത്താവളത്തിനടുത്ത് 5ജി ടവര്‍ സ്ഥാപിക്കുന്നതിന് വിലക്ക്

വിമാനത്താവളങ്ങളുടെ സമീപം നിശ്ചിത ഫ്രീക്വന്‍സിയിലുള്ള 5ജി ടവറുകള്‍ സ്ഥാപിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് വിലക്കി. സര്‍ക്കാര്‍ നിര്‍ദേശം വന്നതിനു പിന്നാലെ 5 വിമാനത്താവളങ്ങളിലെ 5ജി സേവനങ്ങള്‍ എയര്‍ടെല്‍ നിര്‍ത്തിവച്ചു. 5ജി ടവറുകളില്‍ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മില്‍ കൂടിക്കലര്‍ന്ന് സുരക്ഷാഭീഷണിയുണ്ടാകാതിരിക്കാനാണ് നടപടി. റണ്‍വേയുടെ അറ്റങ്ങളില്‍ നിന്ന് 2.1 കിലോമീറ്റര്‍ ചുറ്റളവിലും, റണ്‍വേയുടെ നടുക്കുള്ള വരയില്‍ നിന്ന് ഇരുവശത്തേക്ക് 910 മീറ്റര്‍ ചുറ്റളവിലും 3.3 മുതല്‍ 3.6 ഗിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലുള്ള (സി-ബാന്‍ഡ്) ടവറുകള്‍ പാടില്ല. മറ്റ് ഫ്രീക്വന്‍സിയിലുള്ള 5ജി ടവറുകള്‍ക്ക് തടസ്സമില്ല.

ഇതു കഴിഞ്ഞുള്ള 540 മീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കാമെങ്കിലും പ്രസരണത്തിന്റെ തോത് കുറയ്ക്കണം. ഒപ്പം ടവറുകളിലെ ആന്റിന പരമാവധി താഴേക്കു ചരിച്ചുവയ്ക്കണമെന്നും നിബന്ധനയുണ്ട്. വിമാനങ്ങള്‍ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരമാണ് റേഡിയോ ഓള്‍ട്ടിമീറ്ററുകളുടെ ഫ്രീക്വന്‍സിയും സി-ബാന്‍ഡ് ടവറുകളില്‍ നിന്നുള്ള ഫ്രീക്വന്‍സിയും അടുത്തടുത്തായതിനാല്‍ ഇവ തമ്മില്‍ കൂടിക്കലരുമെന്നാണ് ആശങ്ക. നിലവിലുള്ള എയര്‍ക്രാഫ്റ്റ് റേഡിയോ ഓള്‍ട്ടിമീറ്ററുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതു വരെ നിയന്ത്രണം തുടരും.

 

Related posts