ജിഎസ്ടി: കേരളത്തിലെ സമാഹരണത്തില്‍ ഇടിവ്

ജി.എസ്.ടി സമാഹരണത്തില്‍ മുന്‍മാസങ്ങളില്‍ മികച്ച വളര്‍ച്ച കാഴ്ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്ടം. 2021 നവംബറിലെ 2,?129 കോടി രൂപയില്‍ നിന്ന് 2,094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളര്‍ച്ച നെഗറ്റീവ് രണ്ടുശതമാനം. ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയോടെ 2,485 കോടി രൂപയും സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും നേടിയിരുന്നു. ജൂലായില്‍ 2,161 കോടി രൂപ (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപ (വളര്‍ച്ച 26 ശതമാനം) എന്നിങ്ങനെ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് (12 ശതമാനം) പഞ്ചാബ് (10 ശതമാനം) ചണ്ഡീഗഢ് (3 ശതമാനം) രാജസ്ഥാന്‍ (2 ശതമാനം) ഗുജറാത്ത് (2 ശതമാനം) ഗോവ (14 ശതമാനം) ലക്ഷദ്വീപ് (79 ശതമാനം) ആന്‍ഡമാന്‍ നിക്കോബാര്‍ (7 ശതമാനം) എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളര്‍ച്ചയാണ്.

സര്‍ക്കാരിന് ലാഭവിഹിതം കൈമാറി കേരഫെഡ്

പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് ലാഭവിഹിതമായി 1.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി. മന്ത്രി പി.പ്രസാദ്, കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ.ശ്രീധരന്‍, മാനേജിംഗ് ഡയറക്ടര്‍ അശോക് എന്നിവര്‍ ചേര്‍ന്നാണ് ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2019-20 സാമ്പത്തികവര്‍ഷം കേരഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ 288.93കോടി രൂപയും മറ്റിനങ്ങളില്‍ നിന്നുള്ള 24.64 കോടി രൂപയും ഉള്‍പ്പെടെ 313.57കോടി രൂപ വരവും 289.70കോടിയുടെ ചെലവും 23.87കോടി രൂപ മൊത്ത ലാഭവും കുറിച്ചിരുന്നു. ആകെ 6.58 കോടി രൂപയായിരുന്നു അറ്റലാഭം. സര്‍ക്കാരിന് കേരഫെഡിലുള്ള ഓഹരി മൂലധനത്തിന്റെ 5 ശതമാനം തുകയായ 1.80 കോടി രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കേരഫെഡിലെ ഓഹരി മൂലധനമായ 86.4 ലക്ഷം രൂപയും ലാഭവിഹിതമായി നല്‍കും.  

കെ.എഫ്.സി വായ്പാ ആസ്തി 10,000 കോടിയാക്കും

രണ്ട് വര്‍ഷത്തിനകം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി 10,000 കോടി രൂപയായി ഉയര്‍ത്തുമെന്ന് സി.എം.ഡി സഞ്ജയ് കൗള്‍ പറഞ്ഞു. കെ.എഫ്.സിയുടെ 70-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിലൂന്നിയായിരിക്കും ലക്ഷ്യം കൈവരിക്കുക. സമയബന്ധിത ഉപഭോക്തൃസേവനം ഉറപ്പാക്കാന്‍ കൂടുതല്‍ ബ്രാഞ്ച് ഓഫീസുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ചില്ലറ ഇടപാട് തുടങ്ങി: 1.71 കോടിയുടെ ഡിജിറ്റല്‍ രൂപയുമായി ആര്‍ബിഐ

രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.  

മദ്യത്തിനു 4% വില്‍പന നികുതി വര്‍ധന; മന്ത്രിസഭയുടെ അംഗീകാരം

വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനും ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വില്‍പന നികുതി 4% വര്‍ധിപ്പിക്കുന്നതിനുമുള്ള പൊതുവില്‍പന നികുതി നിയമ ഭേദഗതി ബില്ലിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്യുന്നതോടെ മദ്യ വില ഉയരും. നിലവില്‍ മദ്യത്തിന്റെ നികുതി 247 % ആണ്. ഇത് 251 % ആയി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ 5% വിറ്റുവരവു നികുതിയാണ് ഒഴിവാക്കിയത്. ഇതു മൂലം മദ്യക്കമ്പനികള്‍ക്ക് വര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. ഇതു മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താന്‍ മദ്യ ഉപഭോക്താക്കളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പിക്കാനാണ് തീരുമാനം. വില്‍പന നികുതി 4% ഉയര്‍ത്തുന്നതിനൊപ്പം ബവ്‌റിജസ് കോര്‍പറേഷന്റെ കൈകാര്യച്ചെലവ് ഇനത്തിലുള്ള തുകയില്‍ 1% വര്‍ധന വരുത്താനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയര്‍ത്താന്‍…