വാള്‍സ്ട്രീറ്റിലെ കമ്പനിയില്‍ നിന്നും ജോലി ഉപേക്ഷിച്ച് പടിയിറങ്ങുമ്പോള്‍ തുടങ്ങാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായൊരു ധാരണയൊന്നും ആ ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ്, ലോകമാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഇന്റര്‍നെറ്റിന്റെ അപാരമായ സാധ്യതകളെക്കുറിച്ച് അയാള്‍ മനസ്സിലാക്കുകയും അതാണ് തന്റെ ബിസിനസ് ലോകമെന്ന് അയാള്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
ജെഫ് ബെസോസ് എന്ന ആ ദീര്‍ഘദര്‍ശി വാഷിങ്ടണിലേക്ക് തന്നെ പറിച്ചു നട്ടു. പോക്കറ്റില്‍ മാതാപിതാക്കളില്‍ നിന്നും കടം വാങ്ങിയ കുറച്ച് പണമുണ്ട്. വാടക വീടിനോട് ചേര്‍ന്ന ചെറിയൊരു ഗ്യാരേജില്‍ ഒരു മേശയും കസേരയും ഡെസ്‌ക്ടോപ്പും കമ്പ്യൂട്ടറും ഒരുക്കി മറ്റേതൊരു സ്റ്റാര്‍ട്ടപ്പിനേയും പോലെ അയാള്‍ തന്റെ ആദ്യ ഓഫീസ് സ്ഥാപിച്ചു. വാള്‍സ്ട്രീറ്റിലെ തികച്ചും സുരക്ഷിതമായ ജോലി വലിച്ചെറിഞ്ഞ് അരക്ഷിതത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഭാവിയെ അയാള്‍ സ്വയം തെരഞ്ഞെടുത്തു. അയാളുടെ സ്വപ്നങ്ങള്‍ തീഷ്ണമായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ മുന്നിലെ ദിനങ്ങളെ അയാള്‍ ഭയപ്പെട്ടില്ല.
ജെഫ് ബെസോസ് കമ്പനിക്ക് നല്‍കിയ ആദ്യത്തെ പേരായിരുന്നു കഡാബ്രാ.ഇന്‍ക് (Cadabra.Inc). എന്നാല്‍ ആ പേര് കേള്‍ക്കുമ്പോള്‍ മറ്റുള്ളവരിലുണ്ടാകുന്ന ആശയക്കുഴപ്പം ഒരു പ്രശ്‌നമായി മാറി. കമ്പനിയുടെ പേര് മാറ്റണം. ജെഫ് ബെസോസ് ഡിക്ഷ്ണറിയില്‍ മുങ്ങിത്തപ്പി. ആമസോണ്‍ (Amazon) എന്ന വാക്കില്‍ കണ്ണുകളുടക്കി. ലോകത്തിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ് ആമസോണ്‍. ശരിയാണ്, തന്റെ സ്വപ്നം ലോകത്തിലെ ഏറ്റവും വലിയ റീറ്റെയില്‍ സ്റ്റോര്‍ ഇന്റര്‍നെറ്റില്‍ ഒരുക്കുക എന്നതാണല്ലോ. അതുകൊണ്ട് ഈ പേര് തന്നെ ഉചിതം. അങ്ങിനെ ഇന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസ് സാമ്പത്തിക ശക്തികളില്‍ ഒന്നായ ആമസോണ്‍ പിറവിയെടുത്തു.
ഒരു ഇ-കൊമേഴ്‌സ് സൈറ്റ് ആയിരുന്നല്ലോ ജെഫ് ബെസോസിന്റെ ലക്ഷ്യം. പക്ഷേ എന്ത് വില്‍ക്കും? തുടക്കത്തില്‍ പല ഉത്പന്നങ്ങളും കണ്ടെത്തിയെങ്കിലും ഒടുവില്‍ ഒരു ഓണ്‍ലൈന്‍ ബുക്ക്സ്റ്റോര്‍ എന്ന ആശയത്തില്‍ മനസ്സുടക്കി. പുസ്തകങ്ങള്‍ സംഘടിപ്പിക്കുവാനും പാക്ക് ചെയ്യുവാനും വിതരണം ചെയ്യുവാനുമുള്ള സൗകര്യവും ഈ തീരുമാനത്തിന് പ്രേരണയായി. ആമസോണ്‍ ഇന്റര്‍നെറ്റില്‍ പുസ്തകങ്ങള്‍ വില്‍ക്കാനുള്ള ഒരു വിപണിയിടമായി രംഗപ്രവേശം ചെയ്തു.
കാലതാമസമില്ലാതെ പുസ്തകപ്രേമികള്‍ക്ക് ആമസോണ്‍ പ്രിയപ്പെട്ട സ്റ്റോറായി മാറി. പുസ്തകം കസ്റ്റമറുടെ ലോകത്തെവിടെയുമുള്ള അഡ്രസ്സില്‍ നേരിട്ട് കാലതാമസമില്ലാതെ എത്തിച്ചു നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടു. ഇത്തരമൊരു അടിപൊളി ബിസിനസ് മോഡല്‍ ആമസോണിന്റെ അതിവേഗതയിലുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഓണ്‍ലൈനിലെ ആദ്യത്തെ ബുക്ക്സ്റ്റോര്‍ ആമസോണ്‍ ആയിരുന്നില്ല. എങ്കിലും തങ്ങളുടെ മുന്‍ഗാമികള്‍ക്ക് സാധിക്കാന്‍ കഴിയാതിരുന്നത് ആമസോണിന് കഴിഞ്ഞു.
ഒന്നൊന്നര ഭാവനയായിരുന്നു ജെഫ് ബെസോസിന്റേത്. വെറുമൊരു ബുക്ക്സ്റ്റോറില്‍ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല അത്. യുകെ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറുകള്‍ ആമസോണ്‍ വിലയ്ക്കു വാങ്ങി തങ്ങളുടെ വല ആഗോള തലത്തില്‍ വിരിക്കാന്‍ ശ്രമം തുടങ്ങി. ഇതേ സമയത്തു തന്നെ കമ്പ്യൂട്ടര്‍ ഗെയിമുകളും സംഗീതവും തങ്ങളുടെ ഉത്പന്നങ്ങളിലേക്ക് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഉത്പന്നശ്രേണിയില്‍ ഇലക്ട്രോണിക്‌സ്, വീഡിയോ ഗെയിംസ്, സോഫ്റ്റ്വെയര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി മറ്റനവധി ഉത്പന്നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഏതു നിമിഷവും പൊട്ടാവുന്ന ബോംബായി മാത്രം ആമസോണിനെ തുടക്കത്തില്‍ കണ്ടവരുണ്ട്. കേവലമൊരു ബുക്ക്സ്റ്റോര്‍ എവിടെയെത്താന്‍ എന്ന് സംശയം പ്രകടിപ്പിച്ചവര്‍ക്കും ബിസിനസ് മോഡലിനെ കളിയാക്കിയിരുന്നവര്‍ക്കും ബെസോസിന്റെ തീവ്രവിമര്‍ശകര്‍ക്കും അയാളുടെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് കണ്ണയയ്ക്കാന്‍ സാധിച്ചിരുന്നില്ല. സാങ്കേതികതയോട് അതിയായ ഭ്രമമുണ്ടായിരുന്ന ജെഫ് ബെസോസ് കമ്പനി അടിക്കടി നഷ്ടം നേരിട്ടുകൊണ്ടിരുന്നപ്പോഴും മനസ്സിലുള്ള ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു.
അതിവേഗതയിലും ഒപ്പം തന്നെ വലുപ്പത്തിലും വളര്‍ന്ന് പന്തലിക്കുക എന്നതായിരുന്നു ജെഫ് ബെസോസിന്റെ തത്വശാസ്ത്രം. സാങ്കേതിക നവീനതയെ ആമസോണ്‍ എത്ര ബുദ്ധിപരമായും ഫലപ്രദമായുമാണ് വിനിയോഗിച്ചതെന്ന് നമുക്ക് കാണാം. നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ എല്ലാ ആധുനിക സാങ്കേതികത വിദ്യകളേയും ബിസിനസിന്റെ അതിദ്രുത വളര്‍ച്ചക്കായി ഈ വമ്പന്‍ ഉപയോഗിക്കുന്നു.
ജെഫ് ബെസോസിന്റെയും ആമസോണിന്റെയും യാത്ര സംരംഭകര്‍ പഠിക്കേണ്ടതുണ്ട്. ആധുനിക യുഗത്തിലെ സമാനതകളില്ലാത്ത അത്ഭുതമായി തലയുയര്‍ത്തി നിന്ന് ആമസോണ്‍ സംരംഭകരെ പ്രചോദിപ്പിക്കുന്നു.
(പ്രശസ്ത സംരംഭക ലേഖകനും മാനേജ്മെന്റ് വിദഗ്ധനും കൊച്ചി ആസ്ഥാനമായ ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സ് മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)