റേഷന്‍ വിതരണത്തിലെ തടസം നീക്കാന്‍ ശ്രമം

സംസ്ഥാനത്ത് റേഷന്‍ ഇ-പോസ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) ഹൈദരാബാദിലെ ഒതന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി (എയുഎ) സെര്‍വര്‍ കൂടി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം തേടി. സംസ്ഥാനത്തെ എയുഎ സര്‍വറില്‍ ഉണ്ടാകുന്ന നെറ്റ്വര്‍ക് തകരാര്‍ കാരണം റേഷന്‍ വിതരണം മുടങ്ങാതിരിക്കാനാണ് ഇത്. തകരാര്‍ കാരണം മൂന്നാഴ്ചയിലെറെയായി സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം ജില്ലാ അടിസ്ഥാനത്തില്‍ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അടിക്കടി ഇ-പോസ് സംവിധാനത്തിലെ തകരാറിനു കാരണം കഴക്കൂട്ടത്തെ ഐടി വകുപ്പിന്റെ സര്‍വറിന്റെ പ്രശ്‌നമല്ല എന്ന നിലപാടിലാണു ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷന്‍ കടയില്‍ എത്തുന്ന കാര്‍ഡ് ഉടമയുടെയോ അംഗത്തിന്റെയോ ആധികാരികത ബയോമെട്രിക് വിവരശേഖരണത്തിലൂടെ ഉറപ്പാക്കാനാണ് ഇ പോസ് സംവിധാനം. സര്‍ക്കാരിന്റെതിനു പുറമേ ഓഥന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി (എയുഎ), ഓഥന്റിക്കേഷന്‍ സര്‍വീസ് ഏജന്‍സി (എഎസ്എ), യുഐഡിഎഐ (ആധാര്‍) എന്നിവയുടെ 4 സെര്‍വറുകള്‍ ഒരുമിച്ചു…

സി. എസ്. ആര്‍ ഫണ്ട്; കമ്പനികള്‍ ചെലവാക്കിയത് 36,145 കോടി

രാജ്യത്തെ വിവിധ കമ്പനികള്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച സി.എസ്. ആര്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിളിറ്റി) ഫണ്ട് 36,145കോടി രൂപ. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലോക്‌സഭയില്‍ അറിയിച്ചത്. 17,672.40 കോടി രൂപയാണ് 2020-21 കാലയളവില്‍ സി. എസ്. ആര്‍ ഫണ്ടായി ചെലവഴിച്ചത്. 18,473.41കോടി രൂപ 2019-20 വര്‍ഷക്കാലയളവില്‍ ചെലവഴിച്ചു. കമ്പനികള്‍ സി. എസ്. ആര്‍ ഫണ്ട് ചെലവഴിക്കുന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ലഭ്യമാകുന്ന കമ്പനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സി. എസ്. ആര്‍ നിബന്ധനകളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. അതത് കമ്പനികളുടെ ബോര്‍ഡുകളാണ് സി. എസ്. ആര്‍ ഫണ്ടുകള്‍ ഏതൊക്കെ മേഖലകളില്‍ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതെന്നും സര്‍ക്കാരിന് അത്തരം വിഷയങ്ങളില്‍ നിയന്ത്രണം ചെലുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.  

യു.പി.ഐ ഇടപാടുകളില്‍ ഇടിവ്

കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്.  

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിച്ചു

മലേഷ്യ എയര്‍ലൈന്‍സ് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.ദിനേശ് കുമാര്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, മലേഷ്യ എയര്‍ലൈന്‍സ് മാനേജര്‍ ഷജീര്‍ സുല്‍ത്താന്‍, സെലിബി മാനേജര്‍ മാത്യൂ തോമസ് എന്നിവര്‍ സംസാരിച്ചു. ഞായര്‍, തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.35ന് ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനം അടുത്ത ദിവസങ്ങളില്‍ പുലര്‍ച്ചെ 12.35ന് മടങ്ങും. നിലവില്‍ എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ലൈനുകള്‍ളും കൊച്ചി-ക്വാലാലംപൂര്‍ സര്‍വീസ് നടത്തുന്നുണ്ട്. മലേഷ്യ എയര്‍ലൈന്‍സും പ്രവര്‍ത്തനം തുടങ്ങിയതോടെ കൊച്ചിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 20 സര്‍വീസുകളായി.  

ജലവൈദ്യുത പദ്ധതികള്‍ക്ക് ഇളവുമായി കേന്ദ്ര സര്‍ക്കാര്‍

5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ നീക്കം. 2025 ജൂണ്‍ 30ന് മുന്‍പ് നിര്‍മാണ കരാര്‍ നല്‍കുന്ന പുതിയ ജലവൈദ്യുത പദ്ധതികള്‍ക്ക് സംസ്ഥാനാന്തര പ്രസരണ ചാര്‍ജ് (ഐഎസ്ടിഎസ്)കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കി.പൂര്‍ണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാര്‍ വയ്ക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. 2028നു ശേഷമുള്ള പദ്ധതികള്‍ക്ക് ഇളവില്ല.  

നിരന്തരം അപ്‌ഡേറ്റാകാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പില്ല: ടൈ കേരള

വിപണിയില്‍ എത്ര മുന്നിലായാലും നിരന്തരം നവീകരിക്കാതെ കമ്പനികള്‍ക്ക് നിലനില്‍പ്പ് ഇല്ലെന്ന് കോഗ്‌നിസെന്റ് ഇന്ത്യ സിഎംഡി രാജേഷ് നമ്പ്യാര്‍. സാങ്കേതിക വിദ്യകളും ഉപഭോക്തൃ ശീലങ്ങളും വളരെ വേഗം മാറുന്ന സാഹചര്യത്തില്‍ കമ്പനികള്‍ മത്സരത്തിലെ മുന്നേറ്റം നില നിര്‍ത്തിയില്ലെങ്കില്‍ നശിച്ചുപോകും.ദ് ഇന്‍ഡസ് ഒന്‍ട്രപ്രനര്‍ (ടൈ) കേരളയുടെ സമ്മേളനത്തില്‍ ‘ വിജയത്തിന് സ്വയം നവീകരണം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടില്‍ ഫോര്‍ച്യൂണ്‍ 500 ലിസ്റ്റില്‍ പെട്ട കമ്പനികളില്‍ 88% നാമാവശേഷമായി. 12% മാത്രമാണ് കാലത്തെ അതിജീവിച്ചത്. കൊഡാക് ഫിലിം കമ്പനിയും ബ്ലാക്‌ബെറിയും നോക്കിയയും മത്സരത്തില്‍ മുന്നേറ്റം നിലനിര്‍ത്താനാവാതെ ദുര്‍ബലമായിപ്പോയ കമ്പനികള്‍ക്ക് ഉദാഹരണങ്ങളാണെന്ന് രാജേഷ് നമ്പ്യാര്‍ പറഞ്ഞു. മുന്‍പ് കാര്യക്ഷമതയ്ക്കായിരുന്നു കമ്പനികള്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് അതിജീവനത്തിനാണു പ്രാധാന്യം. കോവിഡ് വന്നപ്പോള്‍ ലഭിച്ച പാഠമാണിത്. ചൈനയിലെ നിര്‍മാണ സൗകര്യങ്ങള്‍ സ്വന്തം നാട്ടിലേക്കു മാറ്റുന്നതും ഇതിന്റെ ഭാഗമാണ്. കുടുംബ ബിസിനസുകള്‍…

മുല്ലപ്പൂവ് കിലോഗ്രാമിന് 4,000 രൂപ!

  ശബരിമല മണ്ഡലകാല ആഘോഷങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ കാര്‍ത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോര്‍ഡ് ഉയരത്തില്‍. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയര്‍ന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വില്‍പന നടന്നത്. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. ആവശ്യം കൂടിയതും തെക്കന്‍ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉല്‍പാദനം കുറഞ്ഞതുമാണ് വില വര്‍ധിക്കാന്‍ കാരണം. മധുര മാട്ടുതാവണി പൂവിപണിയില്‍ 4 ടണ്‍ പൂവ് വന്നിരുന്നതിനു പകരം ഒരു ടണ്‍ മാത്രമാണെത്തിയത്. ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 150 രൂപയായും പിച്ചി 300ല്‍ നിന്ന് 800 രൂപയായും ഉയര്‍ന്നു. കനകാംബരത്തിന് അഞ്ചിരട്ടി വരെ വില കൂടി.  

ജിഎസ്ടി: കേരളത്തിലെ സമാഹരണത്തില്‍ ഇടിവ്

ജി.എസ്.ടി സമാഹരണത്തില്‍ മുന്‍മാസങ്ങളില്‍ മികച്ച വളര്‍ച്ച കാഴ്ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്ടം. 2021 നവംബറിലെ 2,?129 കോടി രൂപയില്‍ നിന്ന് 2,094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളര്‍ച്ച നെഗറ്റീവ് രണ്ടുശതമാനം. ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയോടെ 2,485 കോടി രൂപയും സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും നേടിയിരുന്നു. ജൂലായില്‍ 2,161 കോടി രൂപ (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപ (വളര്‍ച്ച 26 ശതമാനം) എന്നിങ്ങനെ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് (12 ശതമാനം) പഞ്ചാബ് (10 ശതമാനം) ചണ്ഡീഗഢ് (3 ശതമാനം) രാജസ്ഥാന്‍ (2 ശതമാനം) ഗുജറാത്ത് (2 ശതമാനം) ഗോവ (14 ശതമാനം) ലക്ഷദ്വീപ് (79 ശതമാനം) ആന്‍ഡമാന്‍ നിക്കോബാര്‍ (7 ശതമാനം) എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളര്‍ച്ചയാണ്.

സര്‍ക്കാരിന് ലാഭവിഹിതം കൈമാറി കേരഫെഡ്

പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് ലാഭവിഹിതമായി 1.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി. മന്ത്രി പി.പ്രസാദ്, കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ.ശ്രീധരന്‍, മാനേജിംഗ് ഡയറക്ടര്‍ അശോക് എന്നിവര്‍ ചേര്‍ന്നാണ് ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2019-20 സാമ്പത്തികവര്‍ഷം കേരഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ 288.93കോടി രൂപയും മറ്റിനങ്ങളില്‍ നിന്നുള്ള 24.64 കോടി രൂപയും ഉള്‍പ്പെടെ 313.57കോടി രൂപ വരവും 289.70കോടിയുടെ ചെലവും 23.87കോടി രൂപ മൊത്ത ലാഭവും കുറിച്ചിരുന്നു. ആകെ 6.58 കോടി രൂപയായിരുന്നു അറ്റലാഭം. സര്‍ക്കാരിന് കേരഫെഡിലുള്ള ഓഹരി മൂലധനത്തിന്റെ 5 ശതമാനം തുകയായ 1.80 കോടി രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കേരഫെഡിലെ ഓഹരി മൂലധനമായ 86.4 ലക്ഷം രൂപയും ലാഭവിഹിതമായി നല്‍കും.  

കെ.എഫ്.സി വായ്പാ ആസ്തി 10,000 കോടിയാക്കും

രണ്ട് വര്‍ഷത്തിനകം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി 10,000 കോടി രൂപയായി ഉയര്‍ത്തുമെന്ന് സി.എം.ഡി സഞ്ജയ് കൗള്‍ പറഞ്ഞു. കെ.എഫ്.സിയുടെ 70-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിലൂന്നിയായിരിക്കും ലക്ഷ്യം കൈവരിക്കുക. സമയബന്ധിത ഉപഭോക്തൃസേവനം ഉറപ്പാക്കാന്‍ കൂടുതല്‍ ബ്രാഞ്ച് ഓഫീസുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.