കഴിഞ്ഞ 5 വര്‍ഷത്തിനിടെ ബാങ്കുകള്‍ സാങ്കേതികമായി എഴുതിത്തള്ളിയ ഏകദേശം 10 ലക്ഷം കോടി രൂപയില്‍ 13 ശതമാനത്തോളം മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളുവെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടി. സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോള്‍, ആ തുക ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ആസ്തിയുടെ ഗണത്തില്‍നിന്ന് ഒഴിവാക്കും. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാല്‍, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കില്‍ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം.10 ലക്ഷം കോടി രൂപയോളം ഒഴിവാക്കിയതു വഴി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഏകദേശം പകുതിയായി കുറഞ്ഞു. ഇതില്‍ ഏകദേശം 1.32 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാനായത്. 10 ലക്ഷം കോടിയില്‍ 7.34 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇതില്‍ തന്നെ എസ്ബിഐയുടെ മാത്രം 2.04 ലക്ഷം കോടി രൂപയും.