സർക്കാർ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം
പേഴ്‌സണല്‍ കോച്ചിങ് മേഖലയില്‍ 15 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ.ലിസി ഷാജഹാന്‍ കൊല്ലം അയിരൂര്‍ സ്വദേശിനിയാണ്. കുട്ടിക്കാലത്ത് ഒരു ആവറേജ് സ്റ്റുഡന്റ് മാത്രമായിരുന്ന ലിസി വര്‍ക്കല എസ്.എന്‍ കോളേജില്‍ നിന്നാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. യൂണിവേഴ്സിറ്റി കോളേജിലെ ഉപരിപഠനസമയത്തായിരുന്നു വിവാഹം. തുടർന്നാണ് സൈക്കോളജിയില്‍ ബിരുദാന്തര ബിരുദവും പി എച്ച് ഡിയും സ്വന്തമാക്കിയത്. തികച്ചും സാധാരണമായി ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ക്ലിനിക്ക് ആരംഭിച്ചത്. അക്കാലത്ത് സൈക്കോളജിസ്റ്റ് എന്ന വാക്ക് സമൂഹത്തില്‍ അത്ര സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ക്ലിനിക് എന്ന ആശയം വിജയിച്ചില്ല. അപ്പോഴും തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചു. തിരുവനന്തപുരത്ത് ആരോഗ്യവിഭാഗത്തില്‍ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലായിരുന്നു നിയമനം.
15 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസ്, വീടിന് തൊട്ടടുത്ത് ഓഫീസ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കുന്ന ട്രെയിനിങ്… ജീവിതം ഇങ്ങനെ സുഗമമായി മുന്നോട്ടുപോകുമ്പോഴും പ്രൊഫഷണൽ ജീവിതത്തിൽ ഒട്ടും സന്തോഷം തോന്നിയില്ല. അങ്ങനെ ആലോചനകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുക എന്ന ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം കൈക്കൊള്ളേണ്ടി വന്നു. മികച്ച വരുമാനമുണ്ടായിട്ടും ജോലി ഉപേക്ഷിച്ചതിനെതിരെ പല ചോദ്യങ്ങളും ഉയര്‍ന്നെങ്കിലും പിന്നോട്ടുപോയില്ല. ഭര്‍ത്താവ് ഷാജഹാനും കുടുംബവും ഒപ്പം നിന്നു. കൊല്ലത്ത് നിന്നും കൊച്ചിയിലേയ്ക്ക് താമസം മാറുക എന്നതായിരുന്നു രണ്ടാമത് കൈക്കൊണ്ട തീരുമാനം. ഈ രണ്ട് വലിയ തീരുമാനങ്ങള്‍ക്കു ശേഷമുള്ള ആദ്യത്തെ ആറുമാസം തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. നീണ്ട ഒരു വര്‍ഷം കഷ്ടപാടുകള്‍. സൈക്കോളജിസ്റ്റ് ആണെങ്കില്‍ കൂടി പ്രശ്ന പരിഹാരത്തിനായി ഒരാള്‍ വന്നെങ്കില്‍ ആയി എന്ന അവസ്ഥ. ജോലി ഉപേക്ഷിക്കാനെടുത്ത തീരുമാനം തെറ്റായോ എന്ന് ഇതിനിടയില്‍ പലതവണ തോന്നിയെങ്കിലും ഉറച്ച മനസോടെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. നേരത്തെ ജോലിയില്‍ നിന്ന് അഞ്ചുവര്‍ഷം ലീവെടുത്തായിരുന്നു ട്രെയിനിങ്ങും കോച്ചിങ്ങും നല്‍കിയിരുന്നത്.
അക്കാലയളവിനുള്ളില്‍ നാലായിരത്തിലധികം വേദികളില്‍ പല ആളുകളെയും ആഭിമുഖീകരിച്ച അനുഭവ സമ്പത്ത് കൈമുതലായി ഡോ.ലിസിക്ക് ഉണ്ടായിരുന്നു. ആ അനുഭവത്തില്‍ നിന്നും തുടര്‍ന്നുള്ള ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചു.
ലൈഫ് കോച്ചിങ് രംഗത്തേക്ക്
ഏതൊരു തീരുമാനം എടുക്കുമ്പോഴും സ്വന്തമായി മോട്ടിവേഷന്‍ ഉണ്ടാകണം. അത് ആദ്യം സ്വന്തം മനസില്‍ നിന്നും രൂപപ്പെടണം എന്ന പക്ഷക്കാരിയാണ് ഡോ.ലിസി ഷാജഹാന്‍. ആ ചിന്തയില്‍ നിന്നാണ് ജീവിതം മാറ്റിമറിച്ച തീരുമാനത്തിലേയ്ക്ക് കടന്നത്. ഈ മോട്ടിവേഷന്‍ ആളുകളിലേയ്ക്ക് എങ്ങനെ നല്‍കാന്‍ സാധിക്കും എന്ന ചിന്തയില്‍ നിന്ന് പേഴ്‌സണല്‍ ട്രെയിനര്‍ ആകാന്‍ തീരുമാനിച്ചു. കോച്ചിങ് മാസ്ട്രിയെക്കുറിച്ച് തുടര്‍ച്ചയായ പഠനം. അതിനിടയില്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. അതിനുശേഷമാണ് മുഴുവന്‍സമയം കോച്ചിങ് മേഖല തിരഞ്ഞെടുക്കുന്നത്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി മെന്റേഴ്സ് ഡോ. ലിസിയുടെ ജീവിതത്തില്‍ കടന്നുവന്നു. ഐഎംജി ഉള്‍പ്പെടെ ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകളില്‍ ട്രെയിനിങ് നല്‍കാന്‍ തുടങ്ങി. സര്‍ക്കാരിൻ്റെ മിക്ക വകുപ്പുകളിലും ട്രയിനറായി ക്ഷണം ലഭിച്ചു. ഡല്‍ഹി, പൂനെ ഉൾപ്പടെ കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ട്രെയിനിങ്ങും കോച്ചിങ്ങും നല്‍കാന്‍ ആരംഭിച്ചു. ഇന്ത്യയില്‍ കോച്ചിങ് അത്ര പ്രചാരമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ പ്രമുഖ വിദേശ ട്രെയിനറിന്റെ കീഴില്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍, സക്‌സസ്സ് ഗ്യാന്‍ പോലുള്ള വിദഗ്ധ ട്രെയിനേഴ്‌സ് ഗ്രൂപ്പിന്റെ കീഴില്‍ നിരവധി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലൂടെ പൂര്‍ണമായും ഒരു കോച്ചിന്റെ പരിവേഷം അണിയാന്‍ ഡോ. ലിസി ഷാജഹാന് സാധിച്ചു.
പേഴ്സണൽ ട്രയിനിങ്
പേഴ്‌സണല്‍ ട്രെയിനിങ് എന്താണെന്ന് കേരളത്തില്‍ അത്ര പ്രചാരമില്ലാതിരുന്ന കാലഘട്ടത്തിലാണ് ഡോ.ലിസി ഈ മേഖലയിലേക്ക് കടന്നുവരുന്നത്. സ്ത്രീ എന്ന അതിര്‍വരമ്പില്ലാതെ സമൂഹത്തിലെ നാനാ മേഖലയിലും സഞ്ചരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഡോ. ലിസി ഷാജഹാന്റെ ലൈഫ് കോച്ചിങ് പ്രോഗ്രാമുകളെക്കുറിച്ച് മാധ്യമങ്ങളും ചര്‍ച്ചചെയ്യാന്‍ തുടങ്ങി. പിന്നേട് സെലിബ്രിറ്റി കോച്ചിങ് മേലയിലയിലേക്കും കടന്നു. മിസ്സിസ് കേരള, മാതൃഭൂമി -ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള, മിസ്സിസ് ഗ്ലോബല്‍, എന്നിവയടക്കം പ്രമുഖ സൗന്ദര്യ മത്സരങ്ങളിലും ഗ്രൂമര്‍ ആയും വിധി കര്‍ത്താവായും ക്ഷണം ലഭിച്ചു. അങ്ങനെ കേരളത്തിലെ ആദ്യ എക്സ്ക്ലൂസീവ് സെലിബ്രിറ്റി ലൈഫ് കോച്ച് എന്ന ബഹുമതിയില്‍ ഡോ. ലിസി ഷാജഹാന്‍ എത്തി. രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, പ്രൊഫഷണല്‍സ്, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, വീട്ടമ്മാമാര്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ ഡോ. ലിസിയുടെ ക്ലൈന്റായി മാറി.
സ്ത്രീ ശാക്തീകരണം മുഖ്യലക്ഷ്യം
സംരംഭക ലോകത്തേയ്ക്ക് നിരവധി സ്ത്രീകളെ കൈപിടിച്ചുയര്‍ത്താനും ഈ കാലയളവിൽ ഡോ.ലിസി ഷാജഹാന് സാധിച്ചു. ഒട്ടേറെ സ്ത്രീകള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കി. സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനോടൊപ്പം അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഡോ. ലിസി ഷാജഹാന്റെ ലക്ഷ്യം. ഓരോ സ്ത്രീക്കും യൂണീക്ക് ആയിട്ടുള്ള കഴിവുകളാണ് ഉള്ളത്. പലതരത്തിലുള്ള കഴിവുകള്‍ ഉണ്ടായിട്ടും പരാജയപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങായി വിവിധ പ്രോജക്ടുകളും ആവിഷ്കരിച്ചു. സംരംഭകത്വത്തിലേക്ക് വരാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ഷിപ്രണര്‍, കോച്ച് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കോച്ചിങ് മാസ്ട്രി, ലൈഫ് കോച്ച് ആകാൻ ആഗ്രഹിക്കുന്നവർക്കായി സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഇപ്പോൾ നടത്തിവരുന്നു. ഇതിനു പുറമേ ഒരു വർഷം നീണ്ടു നിൽക്കുന്ന സ്റ്റുഡന്റസ് കോച്ചിങ് പ്രോഗ്രാമും ചെയ്യുന്നുണ്ട്.
ട്രയിനിങ് മേഖലയിലെ അംഗീകാര മികവ്
പേഴ്‌സണല്‍ കോച്ചിങ്, ലൈഫ് കോച്ചിങ്, പബ്ലിക് സ്പീകിങ്, ഗ്രൂമിങ് ആന്‍ഡ് പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, വുമണ്‍ എംപവര്‍മെന്റ് പ്രോഗ്രാം, സ്മാര്‍ട്ട് പാരന്റിങ്, യോഗ ആന്‍ഡ് മെഡിറ്റേഷന്‍, സ്റ്റുഡന്റ്സ് – പ്രീ & പോസ്റ്റ് മാര്യേജ് കൗണ്‍സിലിങ് തുടങ്ങി കോച്ചിങ്, ട്രെയിനിങ്, കൗണ്‍സിലിങ് മേഖലകളില്‍ മികച്ച സംഭാവനകള്‍ നൽകാൻ ഡോ.ലിസി ഷാജഹാന് കഴിഞ്ഞിട്ടുണ്ട്. സ്റ്റുഡന്റസ് കോച്ചിങ്, പ്രീ മാരിറ്റൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉടൻ ആരംഭിക്കും. സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസ്സസിന്റെ വനിതാരത്‌നം അവാര്‍ഡ്, ബിസ്‌ഗേറ്റിന്റെ ട്രയിനേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും ഡോ.ലിസി ഷാജഹാന് ലഭിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് കൗണ്‍സിലേഴ്‌സ് & മെൻ്റേഴ്സ് എന്ന സംഘടനയുടെയും മാതൃഭൂമി – ഗൃഹലക്ഷ്മിവേദിയുടെയും സംസ്ഥാന അധ്യക്ഷകൂടിയാണ് ഡോ.ലിസി ഷാജഹാന്‍.