ജീവിതപരാജയങ്ങളോടു പൊരുതി ഒരു മികച്ച സംരംഭകനായി തീരണമെങ്കില്‍ അതിനുപിന്നില്‍ നേരിടേണ്ടിവരുന്ന കഠിനാധ്വാനം എത്രത്തോളമായിരിക്കും ? എന്നാല്‍ അത്തരത്തില്‍ വിജയം കൈവരിച്ചു സംരംഭകലോകത്ത് കൈമുദ്ര ചാര്‍ത്തിയ ഒരാള്‍ ഇന്ന് ഒട്ടേറെ സംരംഭകരെ സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാകുകയാണെങ്കിലോ? അതെ. ഇത് കണ്ണൂര്‍ എടക്കോം സ്വദേശിയായ സന്തോഷ് ടി ജെയുടെ ജീവിതമാണ്. കഠിനപരിശ്രമവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ സംരംഭകലോകത്തിന്റെ വിജയശ്രേണിയില്‍ സ്വന്തം പേരും എഴുതിചേര്‍ക്കാമെന്നു തെളിയിച്ചിരിക്കുകയാണ് സന്തോഷ്.
നാട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന സന്തോഷ്, അതിജീവനത്തിനായി പ്രവാസ ജീവിതം തെരഞ്ഞെടുത്തെങ്കിലും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോള്‍ മടങ്ങിയെത്തുകയായിരുന്നു. ഇനിയെന്ത് എന്ന ദീര്‍ഘകാലത്തെ ചിന്തകള്‍ക്കൊടുവിലാണ് ഒരു സംരംഭകനാകാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നത്. ആ തീരുമാനമാണ് സന്തോഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും.
ജനങ്ങളുടെ പൊതുവായ സേവന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി മിത്രം ഡിജിറ്റല്‍ ഹബ് രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഇ മിത്രത്തിന്റെ തുടക്കം. ഇന്ന് കേരളത്തിലെ മുന്‍നിര സ്വകാര്യ ഡിജിറ്റല്‍ സേവാകേന്ദ്രമായി ഇ മിത്രം മാറിയിരിക്കുന്നു. നിലവില്‍ സംസ്ഥാനത്തുടനീളം 1800 ലധികം ഫ്രാഞ്ചൈസികളുള്ള ഇ മിത്രത്തിന്റെ സിഇഒയായി സ്ഥാപനത്തെ നയിക്കുമ്പോള്‍ ഒട്ടേറെ സാധാരണക്കാരെ സംരംഭകരാക്കാന്‍ കഴിയുന്നതിലുള്ള സംതൃപ്തിയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നത്. മിത്രം ഡിജിറ്റല്‍ ഹബ്ബിന്റെ അനുബന്ധ ഉത്പന്നമാണ് ഇ മിത്രം. ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴില്‍ എല്ലാവര്‍ക്കും ലഭിക്കുന്നു എന്നതാണ് ഇ മിത്രത്തിന്റെ പ്രത്യേകത.
ചുരുങ്ങിയ ചെലവില്‍ സാധാരണക്കാരനും മികച്ച സംരംഭകനാകാന്‍ ഇ മിത്രത്തിലൂടെ അവസരം ലഭിക്കുന്നു. മുതല്‍മുടക്ക് കുറഞ്ഞ ഒരു വലിയ ബിസിനസ് എന്ന ആശയം പൂര്‍ണവിജയമായതിനോടൊപ്പം നിരവധിപേര്‍ സംരംഭകരാവുകയും അനേകം പേര്‍ക്ക് അതുവഴി സ്ഥിരമായ ഒരു തൊഴില്‍ ലഭ്യമാക്കാനും സന്തോഷിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് ഒരു സംരംഭം ആരംഭിക്കുക, തുടര്‍ന്ന് അതിനെ ഉന്നതിയിലെത്തിക്കുക, ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയം നേടുക – ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തനിക്ക് അത് കൃത്യമായി ചെയ്യാന്‍ സാധിച്ചു. ‘ഞാന്‍ ഒരു കരിയര്‍ മേക്കറും ഒരു സാമൂഹിക സംരംഭകനുമാണ്. പ്രൊഫഷണലായി ഒരു ബിസിനസ്മാനുമാണ്’- സന്തോഷ് പറയുന്നു.
2025 ആകുമ്പോള്‍ 5000 ഫ്രാഞ്ചൈസകള്‍ സൃഷ്ടിച്ച് മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഒരു പ്രൊഡക്ട് ലോഞ്ചിങ് ഹബ് ആയി മാറുക എന്നതാണ് ഇ മിത്രത്തിന്റെ വിഷന്‍. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ സര്‍വീസുകളും പ്രൊഡക്ടുകളും സാധാരണക്കാരിലേക്ക് വളരെ വേഗത്തില്‍ എത്തിക്കാനുള്ള സംവിധാനമാണ് ഇ മിത്രം ഒരുക്കാന്‍ പോകുന്നത്. നിലവില്‍ കേരളത്തിനു പുറമെ തമിഴ്നാട്ടിലും ചുവടുറപ്പിച്ചിട്ടുള്ള ഇ മിത്രം കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.