വസ്ത്ര സംരംഭക ലോകത്ത് സെറീന ബുട്ടീകിലൂടെ ചരിത്രം രചിച്ച ഷീല ജെയിംസിനൊപ്പം
വിജയത്തിന്റെ അടിത്തറ കഠിനാധ്വാനം മാത്രമാണെന്ന് തെളിയിച്ച സംരംഭകയാണ് ഷീല ജെയിംസ്. കേരളത്തിലെ ആദ്യകാല വനിതാ സംരംഭകരില്‍ ഒരാള്‍. ഫാഷനെ പാഷനായി മുറുകെപ്പിടിച്ച ജീവിതം. തിരുവനന്തപുരത്തിന്റെ മണ്ണില്‍ ബുട്ടീക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തിത്വം. തലസ്ഥാനത്ത് വേരുറപ്പിച്ച സറീന ബുട്ടീക് എന്ന ടെക്‌സ്റ്റൈല്‍ ഡിസൈനിങ് കേന്ദ്രം ചുരുങ്ങിയ കാലം കൊണ്ടാണ് സ്ത്രീമനസുകളുടെ നമ്പര്‍ വണ്‍ ബ്രാന്‍ഡായി മാറിയത്. ഇന്ന് കേരളത്തില്‍തന്നെ, സ്ത്രീ വസ്ത്ര സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് സറീന. സ്ത്രീകളുടെ ഫാഷന്‍ ട്രെന്‍ഡുകളെ സ്വാധീനിക്കാന്‍ ഇക്കാലയളവില്‍ സറീനയ്ക്കു സാധിച്ചു. ദൂരദേശങ്ങളില്‍ നിന്നുപോലും കരകൗശല വിദഗ്ധരെ കണ്ടെത്തി സറീനയുടെ പുതു വസ്ത്രങ്ങള്‍ നെയ്തെടുത്തു. റീട്ടെയില്‍ വസ്ത്രവ്യാപാര രംഗത്ത് വേറിട്ട പാതയിലൂടെ പ്രയാണം തുടരുന്ന ഷീലയ്ക്ക് പറയാനുള്ളതാകട്ടെ മൂന്നര പതിറ്റാണ്ടിന്റെ സംരംഭക ചരിത്രവും. 2020ലെ മികച്ച വനിതാ സംരംഭകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അടക്കം സംരംഭക മികവിനുള്ള ഒട്ടേറെ ബഹുമതികളും ഇതിനോടകം ഷീല ജെയിംസിനെ തേടിയെത്തിയിട്ടുണ്ട്.
സംരംഭകയിലേയ്ക്കുള്ള യാത്ര
മുഖ്യധാരാ സംരംഭകത്വത്തിലേക്ക് സ്ത്രീകള്‍ വരാതിരുന്ന കാലഘട്ടത്തില്‍ സ്വന്തം പാഷന്‍ മുറുകെ പിടിച്ചുകൊണ്ടാണ് ഷീല ജെയിംസ് വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നു വരുന്നത്. സ്‌കൂള്‍- കോളേജ് കാലത്തുതന്നെ ഡിസൈനിങില്‍ പരീക്ഷണം നടത്തിയിരുന്നു. ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയപ്പോള്‍ 1986ല്‍ ചെന്നൈയിലെ വീട്ടില്‍വെച്ച് ബോഡി ട്യൂണ്‍സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു സംരംഭമായി തുടക്കം കുറിച്ചു. ഏറ്റവും നല്ല വസ്ത്രങ്ങള്‍ എന്ന പേര് ആര്‍ജിച്ചതോടെ ഹാന്‍ഡ് എംബ്രോയിഡറിയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി ബിസിനസ് വിപുലീകരിക്കുകയായിരുന്നു.
സറീന ബുട്ടീക്കിന്റെ ഉദയം
മുന്‍ മന്ത്രി ബേബി ജോണിന്റെ മകളായ ഷീലയ്ക്ക് ചെറുപ്പം മുതല്‍ വസ്ത്രവ്യാപാര രംഗത്തോടായിരുന്നു അഭിരുചി. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യത്തില്‍ അറിയപ്പെടാതെ സ്വന്തം നിലയ്ക്ക് വളരാനായിരുന്നു ആഗ്രഹം. ചെന്നൈയിലെ വീട്ടില്‍ മാത്രം ചുരുങ്ങിയിരുന്ന ബിസിനസ് കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന തീരുമാനം സറീന ബുട്ടീക്കിന്റെ പിറവിയ്ക്ക് കാരണമായി. പിന്നെ ഒട്ടും ആലോചിക്കേണ്ടി വന്നില്ല, തിരുവനന്തപുരത്തേയ്ക്ക് ബിസിനസ് പറിച്ചുനട്ടു. തുടക്കത്തില്‍ മുപ്പതോളം ജീവനക്കാരുമായി ശാസ്തമംഗലത്തും പിടിപി നഗറിലും സ്വന്തം ബ്രാന്‍ഡുകള്‍ ആരംഭിച്ചു. 1988ല്‍ ശാസ്തമംഗലത്ത് ബോഡി ട്യൂണ്‍സ് എന്ന പേരില്‍ ആദ്യ ബുട്ടീക് തുറന്നു.
വിജയ വഴിയിലേക്ക് സറീന
2000ത്തിന്റെ തുടക്കത്തിലാണ് ബിസിനസിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. വൈവിധ്യങ്ങളുള്ള മെറ്റീരിയലുകള്‍ ഉള്‍പ്പെടുത്തിയാകണം ബിസിനസ് വിപുലീകരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യയില്‍ പല സ്ഥലങ്ങളിലായി നടത്തിയ യാത്രകളില്‍ നിന്നും ഇതുവരെ ചെയ്തുപോന്ന ചുരിദാര്‍, സാരി എന്നിവയ്ക്കു പുറമെ റണ്ണിങ് മെറ്റീരിയല്‍സ് കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഓരോ പ്രദേശത്തിന്റെ സംസ്‌കാരവും വര്‍ണവൈവിധ്യങ്ങളും ഇടകലര്‍ത്തിയുള്ള മെറ്റീരിയല്‍ കളക്ഷനുകള്‍ ശേഖരിച്ചു. അങ്ങനെ തിരുവനന്തപുരത്ത് കാതലിക് സെന്ററില്‍ ഒരു ബുട്ടീക്ക് ആരംഭിച്ചു. ഒരു സ്ഥാപനത്തില്‍ തുടങ്ങിയ സറീനയക്ക് സാരി, ചുരിദാര്‍, റണ്ണിങ് മെറ്റീരിയല്‍ എന്നിവയ്ക്കായി മൂന്ന് ഷോപ്പുകള്‍ ഇന്ന് തലസ്ഥാനത്തുണ്ട്. കാഞ്ചീപുരം, ബനാറസ് പട്ടുസാരികള്‍ ഉള്‍പ്പെടുത്തിയ ബ്രൈഡല്‍ സെക്ഷനും അവതരിപ്പിച്ചു. ‘എല്ലാ കാര്യങ്ങളും എന്റെ മേല്‍നോട്ടത്തിലാണ് ചെയ്യുന്നത്. ആത്മാര്‍ത്ഥതയോടെ അത് ചെയ്യാന്‍ ശ്രമിക്കാറുമുണ്ട്. അതുതന്നെയാണ് എന്റെ വിജയവും’- ഷീല പറയുന്നു. മറ്റുജില്ലകളിലേക്ക് ബുട്ടീക് വ്യാപിപ്പിക്കേണ്ട എന്ന് തുടക്കത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. ഗുണമേന്മയും ആകര്‍ഷകവുമായ വസ്ത്രങ്ങള്‍ക്ക് അന്നും ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. സറീനയുടെ ആദ്യകാലത്ത് വസ്ത്രം വാങ്ങിയവരുടെ മൂന്നാം തലമുറയും ഇന്ന് ഉത്പന്നങ്ങള്‍ തേടി വരുന്നതുതന്നെയാണ് ഞങ്ങളുടെ നേട്ടവും’- ഷീല ജെയിംസ് കൂട്ടിച്ചേര്‍ക്കുന്നു.
സറീന എന്ന ബ്രാന്‍ഡ്
സംഗീതത്തോടുള്ള പ്രണയം
ഡിസൈനര്‍ വസ്ത്രങ്ങളോടുള്ള അഭിനിവേശം പോലെ ഷീലയ്ക്ക് എന്നും പ്രിയമാണ് സംഗീതത്തിനോട്. ആ ഇഷ്ടം ധ്വനി എന്ന തിരുവനന്തപുരത്തെ ഏറ്റവും പ്രമുഖമായ മ്യൂസിക് ക്ലബിന്റെ രൂപീകരണത്തിനും വഴിതെളിച്ചു.
പുത്തന്‍ ഉണര്‍വിലേയ്ക്ക് സറീന
കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും ഉണര്‍ന്നുവരുന്ന വസ്ത്രവ്യാപാരരംഗത്തിന് ഊര്‍ജ്ജം പകരാന്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയില്‍ നിന്നാണ് എന്‍ആര്‍ഐ കളക്ഷന്‍സ് ആലോചിക്കുന്നത്. എന്‍ആര്‍ഐ കളക്ഷന്‍സ് അടുത്തമാസത്തോടെ കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്.
കുടുംബത്തിന്റെ പിന്തുണ
തുടക്കം മുതല്‍ കുടുംബം തനിക്ക് നല്‍കിയ പിന്തുണയാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നിലെന്ന് ഷീല ജെയിംസ് പറയുന്നു. വിവാഹം കഴിഞ്ഞ് മൂന്നു മക്കളുടെ അമ്മയായതിനു ശേഷമാണ് സംരംഭക ജീവിതം ആരംഭിച്ചത്. തന്റെ പാഷന്‍ തിരിച്ചറിഞ്ഞ് അതില്‍ തന്റേതായ ഒരിടം സൃഷ്ടിക്കാന്‍ ഒരു സ്ത്രീയെന്ന നിലയില്‍ കഴിഞ്ഞു എന്നതു തന്നെയാണ് വിജയം. മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് കെ. ജോസഫാണ് ഭര്‍ത്താവ്. മൂത്തമകളായ ശാലിനി ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയശേഷം കൊച്ചിയില്‍ സ്വന്തം സ്ഥാപനം നടത്തുന്നു. മകന്‍ തരുണ്‍ ദുബായിലും ഇളയ മകള്‍ രശ്മി ഷിക്കാഗോയിലും എന്‍ഞ്ചിനീയര്‍മാരാണ്.