അനില്‍ ബാലചന്ദ്രന്‍ – ദ കിംഗ് മേക്കര്‍

ബിസിനസ് ഇന്‍സൈറ്റ് എഡിറ്റര്‍ പ്രജോദ് പി രാജും അനില്‍ ബാലചന്ദ്രനുമായുള്ള സംവാദത്തിലൂടെ

മലയാളി സംരംഭകര്‍ക്ക് വില്‍പനയുടെയും ബിസിനസ് സ്ട്രാറ്റജി മാനേജ്‌മെന്റിന്റെയും രസതന്ത്രങ്ങള്‍ പകര്‍ന്നുനല്‍കി, ചുരുങ്ങിയ നാളുകള്‍കൊണ്ടു സംരംഭക പരിശീലനരംഗത്ത് ആഗോളതലത്തില്‍ തന്നെ സ്വന്തം പേര് എഴുതി ചേര്‍ത്ത വ്യക്തിത്വം. ദ സെയില്‍സ്മാനില്‍ നിന്ന് ദ കിംഗ് മേക്കറിലേക്കുള്ള വളര്‍ച്ചയില്‍ കൈപിടിച്ചുയര്‍ത്തിയത് പതിനായിരക്കണക്കിന് സംരംഭകരുടെ ബിസിനസ് പ്രതീക്ഷകളെ. അതെ, ഇത് അനില്‍ ബാലചന്ദ്രന്‍. ഓരോ മലയാളി സംരംഭകനും സാകൂതം നിരീക്ഷിക്കുന്ന, ഓരോ മലയാളി സംരംഭകനോടും അവന്റെ ഹൃദയത്തിന്റെയും വിജയത്തിന്റെയും ഭാഷയില്‍ സംവദിക്കുന്ന, ഓരോ മലയാളി സംരംഭകന്റെയും ഇഷ്ടം പിടിച്ചെടുത്ത, ബിസിനസ് മെന്ററിങ് രംഗത്ത് സ്വന്തം വഴിവെട്ടിത്തെളിച്ച് മുന്നേറുന്ന സംരംഭക സഹയാത്രികന്‍. ഒരു സാധാരണ സെയില്‍സ് ജീവനക്കാരനില്‍നിന്നു തുടങ്ങി ഇന്ന് വില്‍പനയുടെ മാന്ത്രികരഹസ്യങ്ങള്‍ അനേകലക്ഷങ്ങള്‍ക്ക് പകര്‍ന്നുനല്‍കുന്ന ബിസിനസ് ഗുരു. അസംഖ്യം സംരംഭക ചക്രവര്‍ത്തിമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ‘ദ കിംഗ് മേക്കര്‍’ എന്ന ബ്രാന്‍ഡുമായി സംരംഭക സമൂഹത്തിന് ആവേശവും നവോന്മേഷവും പകര്‍ന്ന് തുടരുന്ന യാത്ര.

ദ സെയില്‍സ്മാനില്‍നിന്ന് ദ കിംഗ് മേക്കറിലേക്കുള്ള ചുവടുമാറ്റം

ഏറ്റവും മികച്ച സെയില്‍സ്മാന്‍മാരുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിനുള്ളില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമൊക്കെ വളരെ സമര്‍ഥരായ മലയാളി സെയില്‍സ്മാന്‍മാരെ കണ്ടെത്താന്‍ സാധിക്കും. സെയില്‍സ് മേഖലയില്‍ നില്‍ക്കുന്നവരെ അടുത്ത പടിയിലേക്ക് പിടിച്ചുയര്‍ത്താനും ഒരു ഗ്ലോബല്‍ സെയില്‍സ്മാന്‍ എന്ന നിലയിലേക്ക് വളര്‍ത്താനും പുതിയ അറിവുകള്‍ പകര്‍ന്നുകൊണ്ട് ലക്ഷക്കണക്കിന് ആളുകളിലൂടെ പുതിയൊരു തൊഴില്‍ സംസ്‌കാരം തന്നെ നമ്മുടെ സംസ്ഥാനത്ത് രൂപപ്പെടുത്താനും അത് മറ്റുസംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുമുള്ള ലക്ഷ്യമാണ് ദ സെയില്‍സ്മാന്‍ ഏറ്റെടുത്തിരുന്നത്. അത് മികച്ചരീതിയില്‍ അച്ചീവ് ചെയ്യാനും സാധിച്ചു. ഇന്ന്, നമ്മള്‍ മാറുന്ന പോലെ തന്നെ മാര്‍ക്കറ്റും വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍. കഴിഞ്ഞ ആയിരം ദിവസം കൊണ്ട് സംരംഭക സാഹചര്യങ്ങള്‍ ആകെ മാറി. നിലവിലെ സാഹചര്യത്തില്‍ നമ്മുടെ സെയില്‍സ് കമ്മ്യൂണിറ്റിയുടെയും ബിസിനസ് കമ്മ്യൂണിറ്റിയുടെയും സ്റ്റാര്‍ട്ട്അപ്പുകളുടെയും പ്രോബ്ലം തിരിച്ചറിഞ്ഞുള്ള പരിഹാരത്തിനാണ് ശ്രമിക്കുന്നത്. സംരംഭകരെ സംബന്ധിച്ചെടുത്തോളം ഒരു സെയില്‍സ് സ്‌കില്‍ വികസിപ്പിച്ചെടുക്കുക മാത്രമല്ല ഇനി വേണ്ടത്. നമുക്കറിയാം കേരളത്തിലുള്ള എത്രയോ സംരംഭങ്ങള്‍ കോടിക്കണക്കിന് രൂപയുടെ സംരംഭകത്വ ഫണ്ടിംഗും സ്റ്റാര്‍ട്ട്അപ്പ് ഫണ്ടിങും എയ്ഞ്ചല്‍ ഫണ്ടിങുമൊക്കെ കരസ്ഥമാക്കി കഴിഞ്ഞു. ഇതൊക്കെ കൈവരിക്കണമെങ്കില്‍ സെയില്‍സ് സ്‌കില്‍ മാത്രം പോരാ. ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും വളരാനുള്ള പുതിയ സ്‌കില്‍സെറ്റുകള്‍, പുതിയ ടെക്‌നോളജി സ്‌കില്‍സ്, പുതിയ എച്ച്ആര്‍ സ്‌കില്‍സ്, പുതിയ റിക്രൂട്ട്‌മെന്റ് സ്‌കില്‍സ് എന്നിവയൊക്കെ കൂടുതല്‍ ആവശ്യമായി വന്നിരിക്കുന്ന സമയമാണിത്. ഇന്ന് മലയാളികളുടെ കമ്പനികളില്‍ മലയാളികള്‍ മാത്രമല്ലല്ലോ, എത്രയോ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വര്‍ക്ക് ചെയ്യുന്നു. നമ്മുടെ സംരംഭകര്‍ പുതിയ സ്‌കില്ലുകള്‍ വികസിപ്പിച്ചെടുക്കേണ്ടതിന് ഏറ്റവും അത്യാവശ്യമായ സമയമാണിത്. നമ്മുടെ ഗ്രോത്തിന്റെ ലിമിറ്റ് നമ്മള്‍ തന്നെ റിഡിഫൈന്‍ ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു സെയില്‍സ്മാനെ ഇംപ്രൂവ് ചെയ്യിക്കുക മാത്രമല്ല, പുതിയ അവസരങ്ങള്‍ കൈയ്യടക്കാന്‍ വേണ്ടി ബിസിനസ് രംഗത്തുള്ള എല്ലാവരെയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ദ കിംഗ് മേക്കര്‍ എന്ന ബ്രാന്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് കള്‍ച്ചറാണ് ദ കിംഗ് മേക്കര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നും പുതിയ യൂണിക്കോണുകള്‍ ഉണ്ടാവണം. ഇതാണ് നമ്മുടെ വിഷന്‍. ഇതിനുവേണ്ടി ഇവിടെയുള്ള നമ്മുടെ സംരംഭകരെയും സെയില്‍സുകാരെയും മറ്റുപല ജോലികളിലും വ്യാപൃതരായിരിക്കുന്നവരെയും പ്രാപ്തരാക്കും. കൂടാതെ സ്‌കൂള്‍തലം മുതല്‍ വിദ്യാര്‍ഥികളില്‍ സംരംഭക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളും ദ കിംഗ് മേക്കറിന്റെ നേതൃത്വത്തിലുണ്ടാകും. എല്ലാ ബൗണ്ടറികളും മാറ്റിവെച്ച് ലോകം എന്ന വലിയൊരു മാര്‍ക്കറ്റിനെ അപ്രോച്ച് ചെയ്യുന്നതലത്തിലേക്ക് നമ്മുടെ സംരംഭകരെയും വ്യക്തികളെയും എത്തിച്ച് പുതിയൊരു എക്‌സ്‌പോഷര്‍ കൊടുക്കാനും ദ കിംഗ് മേക്കര്‍ ലക്ഷ്യമിടുന്നു.

ജീവനക്കാരെക്കാള്‍ ഉപരി പരിശീലനം നല്‍കേണ്ടത് സംരംഭകര്‍ക്ക്

ഒരു യൂണിറ്റിലെ ഒരു ജീവനക്കാരന് നല്ലതുപോലെ ട്രെയിനിങ് നല്‍കുമ്പോള്‍ അതിന്റെ ഗുണം ലഭിക്കുന്നത് അവരുടെ ടീമിനാണ്. എന്നാല്‍ രണ്ടോ മൂന്നോ ജീവനക്കാരുള്ള സ്ഥാപനങ്ങളാണെങ്കില്‍പോലും അതിന്റെ എന്‍ട്രപ്രണറെ ട്രെയിന്‍ ചെയ്യുമ്പോഴാണ് ആ സ്ഥാപനത്തിന് മൊത്തത്തില്‍ ഗുണമുണ്ടാകുന്നത്. ഒരുസ്ഥാപനത്തില്‍ മള്‍ട്ടിപ്ലെയര്‍ എഫക്ട് കൊണ്ട് വരുവാന്‍ സഹായിക്കുന്നത് ഉറപ്പായും ആ കമ്പനിയുടെ തലപ്പത്തിരിക്കുന്ന ആളെ തന്നെ ട്രെയിന്‍ ചെയ്യുമ്പോഴാണ്. ഓരോ കമ്പനിയിലും ഒരു ട്രെയിനര്‍ ഉണ്ടാകണം. ആ ട്രെയിനര്‍ മറ്റാരുമല്ല, ആ കമ്പനിയുടെ വിഷനും ആ കമ്പനിയുടെ ഊര്‍ജവും ഏറ്റവും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന അതിന്റെ സംരംഭകന്‍ തന്നെയാണ്. അവരെ അടുത്ത പടിയിലേക്ക് നടത്തുക. അവരെ ഒരു ബ്രാന്‍ഡ് ആക്കി മാറ്റുക. നമുക്കറിയാം, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോ എം എ യൂസഫലിയോ ഒക്കെ നമ്മുടെ മുന്നില്‍ കാണിച്ചുതരുന്ന ഉദാഹരണം എന്താണ് ? അവരെല്ലാം ഒരു പേഴ്‌സണല്‍ ബ്രാന്‍ഡായി മാറുകയാണ്. ഇത്തരത്തില്‍ സംരംഭകന്‍ തന്നെ ബ്രാന്‍ഡ് ആയി മാറുന്നതിലൂടെ കമ്പനിയുടെ തന്നെ സംസ്‌കാരവും രീതികളും മാറും. ജീവനക്കാര്‍ക്ക് പുതിയരീതിയിലുള്ള പരിശീലനങ്ങളും മികച്ച മാര്‍ഗനിര്‍ദേശങ്ങളുമൊക്കെ ലഭിക്കുന്നത് കമ്പനിയെ നയിക്കുന്ന ആളുകളില്‍നിന്നാണ്. ഇത്തരത്തില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ നമ്മള്‍ ഒരു സംരംഭകനെ സഹായിക്കുമ്പോള്‍ ആ വളര്‍ച്ച പ്രകടമാകുന്നത് അവരുടെ സ്ഥാപനത്തിലും ജീവനക്കാരിലും അവരുടെ കുടുംബത്തിലും മക്കളുടെ വിദ്യാഭ്യാസത്തിലും ഒക്കെയാണ്. ഇത്തരം ഒരു മാറ്റം സാധ്യമാക്കണമെങ്കില്‍ വി ഷുഡ് ബിഗിന്‍ ഫ്രം ദ ടോപ്പ്. അതുകൊണ്ടാണ് സംരംഭകരെതന്നെ ഫോക്കസ് ചെയ്ത്, അതൊരു ചെറിയ സ്റ്റാര്‍ട്ട്അപ്പ് ആയാല്‍പ്പോലും അവരെ എക്‌സ്പാന്‍ഡ് ചെയ്യാനും മാര്‍ക്കറ്റില്‍ നല്ലൊരു പൊസിഷന്‍ ഉറപ്പുവരുത്താനും ഒപ്പം നില്‍ക്കുന്നത്.

സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നതോടെ ലഭിക്കുന്ന മാറ്റങ്ങള്‍

ബഹുമുഖ രീതിയില്‍ ഉള്ള മാറ്റമാണ് സംരംഭകരെ പരിശീലിപ്പിക്കുന്നതിലൂടെ നമ്മള്‍ ലക്ഷ്യം വെക്കുന്നത്. ഒരു പഞ്ചായത്തിലോ ഒരു ഗ്രാമത്തിലോ തുടങ്ങുന്ന ചെറിയ രീതിയിലുള്ള ഒരു സംരംഭമോ സ്റ്റാര്‍ട്ട്അപ്പോ ആണെങ്കില്‍പോലും മള്‍ട്ടിനാഷണല്‍ നിലവാരത്തിലേക്ക് വരാന്‍ സാധ്യതയുള്ളതാണെങ്കില്‍ അതിന്റെ പൊട്ടന്‍ഷ്യല്‍ മനസിലാക്കിക്കൊടുക്കാന്‍ നമുക്ക് സാധിക്കും. ഈ പൊട്ടന്‍ഷ്യല്‍ അവരെതന്നെ മനസിലാക്കി എടുപ്പിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ചെറിയ ലക്ഷ്യങ്ങള്‍ ഉള്ളവരുടെ ലക്ഷ്യങ്ങള്‍ വലുതാക്കാന്‍ അവരെ പ്രേരിപ്പിക്കുക. ഒരിക്കലും പ്രാക്ടിക്കലി അച്ചീവ് ചെയ്യാത്ത രീതിയില്‍ വെറുതെ അനാവശ്യമായി ചെലവുകള്‍ വര്‍ദ്ധിപ്പിച്ചു ഒരു ഇന്‍ഓര്‍ഗാനിക് ഗ്രോത്ത് ഉണ്ടാക്കുകയല്ല വേണ്ടത്. നിലവിലുള്ള അവസരങ്ങളും റിസോഴ്സും ഉപയോഗിച്ച് ആദ്യം സസ്റ്റെയ്ന്‍ ചെയ്യാന്‍ പഠിപ്പിക്കുന്നു. ഓര്‍ഗാനിക് ആയി തന്നെ അടുത്ത മാര്‍ക്കറ്റിലേക്ക് വളരാനും നിലവിലുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുന്നു. അതുപോലെ അടുത്ത ലെവലിലേക്ക് വളരാനുള്ള ഫണ്ടിങ് കണ്ടെത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. നമ്മള്‍ നമ്മുടെ ലിമിറ്റുകളെ പൊട്ടിച്ചെറിഞ്ഞാല്‍ മാത്രമേ പൊട്ടന്‍ഷ്യല്‍ എത്രത്തോളമുണ്ടെന്നു മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് സംരംഭകര്‍ക്ക് പരിശീലനത്തിലൂടെ ലഭിക്കുന്ന ഗുണം. ഒരു സംരംഭകന്റെ ചിന്താരീതി മാറ്റാന്‍ കഴിഞ്ഞാല്‍ അത് അവരുടെ സംരംഭത്തിനും സമൂഹത്തിനും നല്‍കുന്ന മാറ്റം വളരെ വലുതാണ്.

ദ കിംഗ് മേക്കറുടെ കാഴ്ചപ്പാടില്‍ കേരളത്തിലെ സംരംഭകര്‍ അനുഭവിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍

നമ്മുടെ സംരംഭകര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നു ചെറുപ്പകാലം മുതല്‍ സംരംഭകത്വം എന്ന കള്‍ച്ചറില്‍ നമ്മള്‍ വളര്‍ന്നുവരുന്നില്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ നമ്മുടെ ചിന്താഗതികളും ഇടുങ്ങിയതായിരിക്കും. മറ്റൊന്ന് ശരിയായ നെറ്റ്വര്‍ക്കിങിന്റെ അപര്യാപ്തത. പലപ്പോഴും നമ്മള്‍ നെറ്റ്വര്‍ക്ക് ചെയ്യുന്നത് നമ്മുടെ ഏരിയയിലുള്ള, നമ്മളെപ്പോലെ മാത്രം ഗോള്‍ സെറ്റ് ചെയ്യുന്ന മറ്റു സംരംഭകരുമായിട്ടായിരിക്കും. നമ്മള്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന അഞ്ചോ ആറോ പേരുടെ ഗ്രോത്ത് അനുസരിച്ചായിരിക്കും നമ്മുടെ ഗ്രോത്തും. എന്നാല്‍ ഒരിക്കലും അത്തരത്തില്‍ ലിമിറ്റ് ചെയ്യപ്പെടരുത്. കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തി നമ്മുടെ വിഷന്‍ വലുതാക്കി കഴിഞ്ഞാല്‍, നമ്മുടെ സ്വപ്നങ്ങള്‍ വലുതാക്കി കഴിഞ്ഞാല്‍, ബാക്കിയൊക്കെ പിന്നാലെ വരും. നമ്മുടെ ലക്ഷ്യങ്ങള്‍ വലുതാക്കുക. വിദേശങ്ങളില്‍ ഉള്‍പ്പടെ യാത്ര ചെയ്യുക. അവിടെ മാര്‍ക്കറ്റില്‍ നടക്കുന്ന മാറ്റങ്ങളും വികസനങ്ങളും നിരീക്ഷിക്കുക. അവ കൃത്യമായി പഠിച്ചശേഷം നമ്മുടേതായ രീതിയില്‍ നമ്മുടെ ബിസിനസിലേക്കും ഇംപ്ലിമെന്റ് ചെയ്യാന്‍ ശ്രമിക്കുക. വിവരശേഖരണത്തിന് യൂട്യൂബ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. അതുപോലെ ട്രെയിനിങ് സെക്ഷനുകളും നെറ്റ്വര്‍ക്കിങ് അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക.

സംരംഭകലോകത്തേക്ക് വരുന്നവരോട്

വലുതായി സ്വപ്നം കാണുക എന്നുള്ളതാണ് പുതിയതായി സംരംഭകലോകത്തേക്ക് വരുന്നവരോട് ആദ്യം പറയാനുള്ളത്. ഒരു സ്ഥാപനം നമ്മള്‍ തുടങ്ങുമ്പോള്‍ അത് തുടങ്ങുന്ന ആദ്യദിനം എന്നു നമ്മള്‍ പറയുന്നത് ഉദ്ഘാടനം ചെയ്ത ദിവസമല്ല. അതിനും പിറകിലോട്ട് നോക്കണം. ഒരു മരം വളരുമ്പോള്‍ ആദ്യം അതിന്റെ വേര് താഴേക്കാണ് വളര്‍ന്നത്. അതുപോലെ ഒരു മൈനസ് ആറുമാസമോ ഒരു മൈനസ് ഒരുവര്‍ഷമോ നമ്മുടെ ബിസിനസിന്റെ പ്രിപ്പയറിങ് ടൈം ആണ്. ഈ സമയത്ത് നമ്മള്‍ ചെയ്യാന്‍ പോകുന്ന മേഖലയെക്കുറിച്ച് കൂടുതലായി റിസര്‍ച്ച് ചെയ്യുകയും കഴിയുന്നത്ര മാര്‍ക്കറ്റിലുള്ള സമാന ആളുകളുമായി സംവദിക്കുകയോ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പടെയുള്ള സമാന മോഡലുകളെക്കുറിച്ച് പഠിക്കുകയോ വേണം. സാമ്പത്തിക അച്ചടക്കം പാലിക്കണം. അനാവശ്യമായ സ്പെന്‍ഡിങ്, ഗ്ലാമര്‍ ആയിട്ടുള്ള ഓഫീസ്, കാര്‍ ഇതൊന്നുമല്ല നമ്മുടെ ലക്ഷ്യം. ആദ്യം ബിസിനസില്‍ ഒരു സസ്റ്റയിനബിലിറ്റി ഉണ്ടാകണം. ഇതിനായി കോസ്റ്റിങ് കൃത്യമായി പ്ലാന്‍ ചെയ്യണം. ഒരു കാരണവശാലും ക്വാളിറ്റി ഇല്ലാത്ത എംപ്ലോയീസിനെ ജോലിക്ക് എടുക്കരുത്. ഏറ്റവും സമര്‍ഥരായ ആളുകളെ കൂടെ നിര്‍ത്തി ഒരു ഗ്രോത്ത് പ്ലാന്‍ തയ്യാറാക്കണം. കണ്‍ടിന്യൂവസ് ലേണിങ്, കണ്‍ടിന്യൂവസ് ഇംപ്രൂവിങ് – ഇത് രണ്ടും അനിവാര്യമാണ്. സൈക്കിള്‍ ചവിട്ടുന്നതുപോലെയാണിത്. എപ്പോള്‍ നമ്മള്‍ ലേണിങ് നിര്‍ത്തുന്നുവോ അപ്പോള്‍ ബാലന്‍സും തെറ്റും.

മലയാളി സംരംഭകരുടെ പള്‍സും മനസ്സുമറിഞ്ഞ്, അവരെ വിജയത്തിന്റെ പുതിയ പന്ഥാവുകളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഒപ്പം നില്‍ക്കുന്ന സംരംഭക സഹയാത്രികനായ അനില്‍ ബാലചന്ദ്രന്റെ ശിക്ഷണത്തില്‍ ഇന്ന് ഒട്ടേറെ സംരംഭകര്‍ അവരുടെ ബിസിനസിന്റെ പുതുവെളിച്ചം ദര്‍ശിച്ച് മുന്നേറുന്നു. വിദഗ്ധനായ ഒരു പരിശീലകന്റെ നേതൃത്വത്തില്‍ മാത്രമേ ഏതൊരു കായികതാരത്തിനും വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കാന്‍ സാധിക്കുകയുള്ളൂ. അത് ബിസിനസില്‍ ആകുമ്പോള്‍, വില്‍പനയുടെയും മാനേജ്‌മെന്റ് സ്ട്രാറ്റജികളുടെയും ഉള്‍രഹസ്യങ്ങള്‍ നിരന്തര പരിചയത്തിലൂടെ സ്വായത്തമാക്കിയ, പ്രായോഗിക നൈപുണ്യമായി കൈവരിച്ച കച്ചവട സാമര്‍ത്ഥ്യങ്ങള്‍ യഥാവിധി പകര്‍ന്നുനല്‍കാന്‍ കഴിയുന്ന, മികവുറ്റ ഒരു സംരംഭക പരിശീലകനുമാത്രം സാധ്യമാകുന്ന ഒന്നാണത്. അവിടെയാണ് അനില്‍ ബാലചന്ദ്രന്‍ എന്ന സംരംഭക മാര്‍ഗനിര്‍ദേശകന്‍ വേറിട്ടുനില്‍ക്കുന്നതും.

Related posts

One Thought to “അനില്‍ ബാലചന്ദ്രന്‍ – ദ കിംഗ് മേക്കര്‍”

  1. SRILIL S L

    Great

Leave a Comment