മനുഷ്യരേയും പ്രകൃതിയേയും ഒരുപോലെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ഒരാള്‍ ഒരു സംരംഭകന്‍ കൂടിയായാല്‍ ആ നാടിന്റെ പുരോഗതിയിലേക്കുള്ള പ്രയാണം കൂടുതല്‍ സുഗമമാകും. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയെന്ന കൊച്ചുഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന നിംസ് മെഡിസിറ്റിയും സാരഥി എം എസ് ഫൈസല്‍ഖാനും പ്രകൃതിക്കും മനുഷ്യനും വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍വരെ എത്തിനില്‍ക്കുന്നു. 2005ല്‍ നൂറുല്‍ ഇസ്ലാം ട്രസ്റ്റിനു കീഴിലാണ് നിംസ് മെഡിസിറ്റി സ്ഥാപിതമായത്. ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ തന്നെ ട്രസ്റ്റ് ചെയര്‍മാനായിരുന്ന ഡോ.എ പി മജീദ്ഖാന്‍ ആശുപത്രിയുടെ ചുമതല മകനായ ഫൈസല്‍ഖാനെ ഏല്‍പിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെയാണ് പുതിയ ദൗത്യം ഫൈസല്‍ഖാനെ തേടിയെത്തിയത്. കമ്പ്യൂട്ടറിന്റെ ഭാഷയെക്കാള്‍ ഹൃദയത്തിന്റെ ഭാഷ കൂടുതല്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം, പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മികച്ച മാനേജ്‌മെന്റ് വിദഗ്ദ്ധനും സംരംഭകനുമായി മാറിയിരിക്കുകയാണ്. ഒപ്പം ഹാര്‍ട്ട് ടു ഹാര്‍ട്ട് പദ്ധതിയിലൂടെ നിലച്ചു പോയേക്കാവുന്ന നിരവധി മനുഷ്യ ഹൃദയങ്ങളെ ജീവിതത്തിലേക്കു തിരികെ എത്തിക്കുകയും ചെയ്തു. നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാല പ്രോ ചാന്‍സലര്‍, മൗലാന ആസാദ് കേന്ദ്രസര്‍വകലാശാല ഫസ്റ്റ് കോര്‍ട്ട് മെമ്പര്‍ എന്നീ പദവികള്‍ വഹിക്കുന്ന ഫൈസല്‍ഖാന് ഇതിനോടകം സംസ്ഥാന സര്‍ക്കാറിന്റെ യുവസംരംഭകനുള്ള പുരസ്‌കാരവും ടൈംസ് ഓഫ് ഇന്ത്യയുടേത് ഉള്‍പ്പടെയുള്ള ഒട്ടേറെ ദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. യു എന്‍ പൊതുസഭയില്‍ പ്രസംഗിച്ച പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന ബഹുമതിയും ഫൈസല്‍ഖാന് സ്വന്തമാണ്.
നിംസ് മെഡിസിറ്റിയുടെ ജനനം
ഞാന്‍ ജനിച്ചതും വളര്‍ന്നതും നെയ്യാറ്റിന്‍കരയിലാണ്. നഗരത്തില്‍ നിന്ന് ഏറെ അകലെ സ്ഥിതിയുന്ന പ്രദേശമാണിത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ നിരവധി ജീവനുകള്‍ പൊലിഞ്ഞു പോകുന്ന കാലമുണ്ടായിരുന്നു. ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്ന പിതാവിന്റെ നിശ്ചയദാര്‍ഢ്യമാണ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയുടെ ജനനത്തിന് പിന്നില്‍. നൂറുല്‍ ഇസ്ലാം ട്രസ്റ്റ് സ്ഥാപിച്ചത് എന്റെ പിതാവാണ്. നൂറുല്‍ ഇസ്ലാം ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രധാനമായും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ്. നിംസ് മെഡിസിറ്റിയില്‍ ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഗ്രാമത്തില്‍ ആശുപത്രിയും മെഡിക്കല്‍ വിദ്യാഭ്യാസവും ഒന്നിച്ച് നടത്തുമ്പോള്‍ അതിന്റെ ഗുണം നാടിനും കൂടി ലഭിക്കും. സമ്പൂര്‍ണ ഖാദി യൂണിഫോം പദ്ധതി ഇത്തരത്തില്‍ ഒന്നാണ്. ഒരു കോര്‍പ്പറേറ്റ് ആശുപത്രിയല്ല നിംസ് മെഡിസിറ്റി. രോഗികളെ സഹായിക്കാന്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ നിംസ് ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. സൗജന്യ കരള്‍-വൃക്ക ചികിത്സാ പദ്ധതി, ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള പദ്ധതി എന്നിവ അതില്‍ ചിലതാണ്. എല്ലാവര്‍ക്കും ആരോഗ്യസംരക്ഷണം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് – ഫൈസല്‍ ഖാന്‍ പറയുന്നു.
ഹാര്‍ട്ട് ടു ഹാര്‍ട്ടും മമ്മൂട്ടിയും
2007ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ചേര്‍ന്ന് നിംസ് മെഡിസിറ്റി ആരംഭിച്ച സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിയാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട്. ഇതുവരെ 250ലധികം ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മമ്മൂട്ടിയുമായി ചേര്‍ന്ന് നിര്‍ധനരായ രോഗികള്‍ക്ക് ഹൃദയശസ്ത്രക്രിയ എന്നൊരു ആശയം നിംസിന്റെ തുടക്കത്തില്‍ തന്നെ മനസ്സില്‍ ഉണ്ടായിരുന്നു. അക്കാലത്തൊന്നും തനിക്ക് മമ്മൂട്ടിയെ പരിചയമില്ലായിരുന്നു. പിന്നീട് ഒരു സുഹൃത്ത് വഴിയാണ് പദ്ധതി മമ്മൂട്ടിയുടെ മുന്നില്‍ അവതരിപ്പിച്ചത്. പുറത്തുനിന്ന് ഫണ്ടുകള്‍ സ്വീകരിക്കാതെ തികച്ചും സൗജന്യമായി ചെയ്യുകയാണെങ്കില്‍ പദ്ധതിയുമായി സഹകരിക്കാമെന്ന് ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മമ്മൂട്ടി സമ്മതിച്ചു. ഹാര്‍ട്ട് ടു ഹാര്‍ട്ട് ലോഗോയും പേരും മമ്മൂട്ടി തന്നെയാണ് നിര്‍ദേശിച്ചത്. സ്വന്തം ലാഭവിഹിതത്തില്‍ നിന്നും ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കിയ സംസ്ഥാനത്തെ ഏക ആശുപത്രിയെന്ന ബഹുമതി നിംസ് മെഡിസിറ്റിക്ക് സ്വന്തമാണെന്നും ഫൈസല്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന ‘സസ്‌റ്റൈനബിള്‍ എനര്‍ജി ഫോര്‍ ഓള്‍ ഫോറം’ കോണ്‍ഫറന്‍സില്‍ ഫൈസല്‍ഖാന്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. സോളാര്‍ എനര്‍ജി അടക്കമുള്ള റിന്യൂവബിള്‍ എനര്‍ജിയെ ഇന്‍ഡസ്ട്രിയല്‍ ഉപയോഗങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന വിഷയത്തിലാണ് ഐക്യരാഷ്ട്രസഭയില്‍ സംസാരിച്ചത്. ഏഷ്യയിലെ തന്നെ ആദ്യത്തെ റിന്യൂവബിള്‍ എനര്‍ജി കാത്ത് ലാബ് നിംസ് മെഡിസിറ്റിയാണ് സ്ഥാപിച്ചത്. 24 ഏക്കര്‍ ക്യാമ്പസില്‍ മൂന്നുലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന ജി. മാധവന്‍ നായരുടെ മാര്‍ഗനിര്‍ദേശ പ്രകാരം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് മിത്ര സംയോഗയെന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്. ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള സംഘം ആശുപത്രി സന്ദര്‍ശിച്ചശേഷമാണ് പ്രബന്ധം അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചതെന്നും ഫൈസല്‍ ഖാന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലും കേരളത്തിലും ഞങ്ങള്‍ക്ക് സ്ഥാപനങ്ങളുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ അംഗീകരിക്കാന്‍ കേരളത്തിന് മടിയാണ്. തമിഴ്‌നാട്ടില്‍ തൊഴിലാളി-മുതലാളി ബന്ധം ശക്തമാണ്. അവിടെ ഞങ്ങള്‍ക്ക് സോള്‍ട്ട് ഫാക്ടറിയുണ്ട് – പുത്തലം കെമിക്കല്‍സ്. ശബരി ഉപ്പിന്റെ വിതരണം ഇവിടെ നിന്നാണ്. കോവിഡ് കാലത്ത് ഫാക്ടറിയുടെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ആ സമയത്ത് തൊഴിലാളികളുടെ സഹകരണം നേരിട്ടറിഞ്ഞതാണ്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തില്‍ കേരളം ഒരുപാട് മാറേണ്ടിയിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കേരളത്തില്‍ രാഷ്ട്രീയക്കാരേക്കാള്‍ ഉദ്യോഗസ്ഥരാണ് കൂടുതല്‍ പ്രശ്‌നക്കാര്‍. എങ്ങനെ ഒരു പ്രൊജക്റ്റിന് അനുമതി നല്‍കാതിരിക്കാമെന്നാണ് മിക്ക ഉദ്യോഗസ്ഥരും നോക്കുന്നത്. റിന്യൂവബിള്‍ എനര്‍ജി സെക്ടര്‍ ഇഷ്ടപ്പെട്ട മേഖലയാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിംസ് മെഡിസിറ്റിയില്‍ ഹാഫ് കിലോ വാട്ടിന്റെ ഒരു സോളാര്‍ പാനല്‍കൂടി സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായി. വളരെയധികം ആവേശത്തോടെ ചെയ്തതാണ്. ഇപ്പോഴും ഓരോ നിയമം പറഞ്ഞ് അനുമതി നല്‍കിയിട്ടില്ല. മറ്റേതെങ്കിലും ക്യാമ്പസില്‍ ആയിരുന്നങ്കില്‍ ഇത്രയും ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല. ഉദ്യോഗസ്ഥരുടെ മനോഭാവം മാറിയെങ്കിലേ നാട്ടില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കൂ. ഇവിടെ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ബഡ്ജറ്റിന്റെ ഡബിളെങ്കിലും കൂടുതല്‍ കാണേണ്ട സ്ഥിതിയാണ്. അനുമതി കിട്ടാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുമെന്നും ഫൈസല്‍ഖാന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു.
70 വര്‍ഷത്തെ പാരമ്പര്യം നൂറുല്‍ ഇസ്ലാം ട്രസ്റ്റിനുണ്ട്. വളര്‍ച്ച വളരെ പതുക്കെയാണ്. നൂറുല്‍ ഇസ്ലാം ട്രസ്റ്റിന്റെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം പിതാവ് സ്ഥാപിച്ചത് നെയ്യാറ്റിന്‍കരയിലാണ്. കേരളത്തിലെ ആദ്യ പ്രൈവറ്റ് ഐടിഐയായിരുന്നു അത്. പിന്നീട് കേരളത്തില്‍ തന്നെ ഒരു പോളിടെക്‌നിക് സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരുപാട് തടസങ്ങള്‍ ഉണ്ടായി. അങ്ങനെ അദ്ദേഹം അത് കന്യാകുമാരിയില്‍ ആരംഭിക്കുകയായിരുന്നു. പിന്നീട് എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും കന്യാകുമാരി കേന്ദ്രീകരിച്ചാണ് പിതാവ് തുടങ്ങിയത്. കോര്‍പ്പറേറ്റ് രീതിയിലുള്ള പ്രവര്‍ത്തനം ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇല്ല. കൂടുതല്‍ ഇടങ്ങളില്‍ ചെയിനുകളായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ട്രസ്റ്റിന് താല്പര്യമില്ല. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ആ പ്രദേശത്തിന്റെ വികസനവും ട്രസ്റ്റ് ലക്ഷ്യമാക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് നാനോ സാറ്റലൈറ്റായ നിയോസാറ്റ് വികസിപ്പിച്ചത് നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയാണ്. നിലവില്‍ 17 എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും ഏതാനും വ്യവസായ സ്ഥാപനങ്ങളും ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ പിതാവ് തന്നെയാണ് ഏകോപിപ്പിക്കുന്നത്. നാക് എ ഗ്രേഡ് അക്രഡിറ്റേഷന്‍ ലഭിച്ച യൂണിവേഴ്‌സിറ്റിയാണ് നൂറുല്‍ ഇസ്ലാം. വിദ്യാര്‍ത്ഥികളുടെ സ്‌കില്‍ ഡെവലപ്‌മെന്റും ജോബ് പ്ലേസ്‌മെന്റും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് യൂണിവേഴ്‌സിറ്റി. ബയോടെക്‌നോളജി മേഖലയില്‍ വ്യത്യസ്തമായ പ്രൊജക്റ്റുകളും നൂറുല്‍ ഇസ്ലാം തയ്യാറാക്കുന്നുണ്ട്.
സംരംഭകര്‍ ഓപ്പണ്‍ ആന്‍ഡ് ട്രാന്‍സ്പേരന്റ് ആയിരിക്കണം
എതുമേഖലയില്‍ ബിസിനസ് ചെയ്യുന്നയാളാണെങ്കിലും എത്തിക്‌സ് കാത്തുസൂക്ഷിക്കണം. നമ്മള്‍ അതിബുദ്ധിമാന്‍മാരും മറ്റുള്ളവര്‍ മണ്ടന്‍മാരാണെന്നും ധരിക്കരുത്. ബിസിനസില്‍ നാം ഓപ്പണ്‍ ആന്‍ഡ് ട്രാന്‍സ്പേരന്റ് ആയിരിക്കണം. നമ്മുടെ ബിസിനസുമായി ബന്ധപ്പെട്ട് ആരുടേയും സംശയങ്ങള്‍ പരിഹരിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന ബോധ്യത്തിലാകണം സംരംഭകന്‍ പ്രവര്‍ത്തിക്കേണ്ടത്. ഹോസ്പിറ്റല്‍ മേഖലയില്‍ പ്രത്യേകിച്ചും. ജീവനുകളാണ് നമ്മളെ വിശ്വസിച്ച് ഏല്‍പിക്കുന്നത്. അതില്‍ ഒരു ശതമാനംപോലും കള്ളം പാടില്ല. ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുമ്പായി ഇറങ്ങുന്ന മേഖലയെക്കുറിച്ചു നന്നായി പഠിക്കണം. ഇറങ്ങിയാല്‍ പിന്നെ ഫുള്‍ ഡെഡിക്കേഷനോടെ വര്‍ക്ക് ചെയ്യാനും സ്ഥാപനത്തില്‍ കൂടുതല്‍ സമയം സ്‌പെന്‍ഡ് ചെയ്യാനും ശ്രമിക്കണം. കഴിയുന്നത്ര പാര്‍ട്ണര്‍മാരുടെ എണ്ണം കുറക്കണം. പേഴ്‌സണല്‍ ചിലവുകള്‍ കുറക്കാന്‍ സംരംഭകന്‍ ശ്രദ്ധിക്കണമെന്നും ഫൈസല്‍ ഖാന്‍ നിര്‍ദ്ദേശിക്കുന്നു.
ആദ്യ ബിസിനസ് നോവല്‍
ബിസിനസിന്റെ വര്‍ക്ക് ലോഡിനിടയിലും അല്‍പം ആശ്വസം കണ്ടെത്തുന്നത് എഴുത്തിലാണ്. വലിയ എഴുത്തുകാരനൊന്നുമല്ല. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് മലയാളത്തിലെ ആദ്യ ബിസിനസ് നോവലായ സ്വപ്‌നവ്യാപാരമാണ്. തവിട്ടു നിറമുള്ള പക്ഷികള്‍ പുറത്തിറക്കിയത് കഴിഞ്ഞ വര്‍ഷമാണ്. എഴുത്തിനു പുറമേ സിനിമയും തന്റെ മനസിലുണ്ടെന്ന് ഫൈസല്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭാര്യ ഫാത്തിമ മിസാജും മക്കളായ സൊഹറാഖാനും സഹൈബ്ഖാനും തന്റെ തിരക്കുകള്‍ മനസ്സിലാക്കി കൂടെ നില്‍ക്കും. ഹരിത വ്യവസായ വിപ്ലവം ലക്ഷ്യമാക്കിയുള്ള നിരവധി പ്രോജക്റ്റുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, മനശാസ്ത്രം തുടങ്ങിയവയുടെ സംയോജനമാണ് ഒരു സംരംഭകന്‍ എന്ന് വിശ്വസിക്കുന്നയാളാണ് താന്‍. ഒരു സംരംഭകന്‍ എന്ന നിലയില്‍ പുതിയ കാര്യങ്ങള്‍ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കും. പരിശ്രമങ്ങളിലൂടെയാണ് ആനന്ദം കണ്ടെത്തുന്നത്; അത് വിജയിച്ചാലും ഇല്ലെങ്കിലും – ഫൈസല്‍ ഖാന്‍ പറഞ്ഞു നിര്‍ത്തുന്നു.