ഒരു നല്ല കോഫിയുടെ രുചി നുകര്‍ന്നുകൊണ്ട് സംസാരിക്കാനും പാട്ടു കേള്‍ക്കാനും പുസ്തകം വായിക്കാനും ഇത്തിരി നേരം വെറുതെ ഇരിക്കാനും പ്രണയിക്കാനും ആര്‍ക്കാണ് ഇഷ്മല്ലാത്തത്. ഇത്തരം ഇഷ്ടങ്ങളോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിന്റെ സ്വന്തം ഇടം ആര്‍ട്ട് കഫെയിലേക്ക് ചെല്ലാം. കൊച്ചി പനമ്പള്ളി നഗറിലാണ് ഭക്ഷണത്തില്‍ സംഗീതവും സന്തോഷവും നിറച്ചു വിളമ്പുന്ന ഇടം ആര്‍ട്ട് കഫെ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച സിനിമാ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ സിതാര നല്ലൊരു സംരംഭക കൂടിയാണ്. നല്ല കോഫിയോടും ഭക്ഷണത്തോടുമുള്ള സിതാരയുടെയും ഭര്‍ത്താവ് ഡോ.സജീഷിന്റെയും ഇഷ്ടക്കൂടുതലാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കാന്‍ ഇരുവര്‍ക്കും പ്രേരണയായത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ കാര്‍ഡിയോളജിസ്റ്റാണ് ഡോ.സജീഷ്.
മഡ് & വുഡ് ഇടം
2019 ഡിസംബറില്‍ കോവിഡിന് തൊട്ട് മുന്‍പാണ് ഇടം ആര്‍ട്ട് കഫെ ആരംഭിച്ചത്. മഡ് ആന്റ് വുഡ് തീമില്‍ ഒരുക്കിയ ആര്‍ട്ട് കഫെയില്‍ വൈവിധ്യമാര്‍ന്ന രുചികള്‍ക്കൊപ്പം ആയിരത്തിലധികം പുസ്തകങ്ങളും ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ മുകളിലെ നിലയിലായി ഇടം എംബ്രേയ്സ് ഡാന്‍സ് ആന്റ് മ്യൂസിക് അക്കാദമിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് സിതാരയും ഡോ.സജീഷും. വിദേശ രാജ്യങ്ങളിലെ കോഫി ഷോപ്പുകളില്‍ പോകുമ്പോള്‍ തോന്നാറുണ്ട് ഇവിടെ കൊച്ചിയിലും ഇത്തരം സന്തോഷം നല്‍കുന്ന ഒരിടം ഉണ്ടായിരുന്നെങ്കിലെന്ന്. ഈ ആഗ്രഹത്തിലും ആശയത്തിലുമാണ് ഇടം ആര്‍ട്ട് കഫെ ആരംഭിച്ചതെന്ന് സിതാര പറയുന്നു.
വിദേശങ്ങളിലെ കഫെകള്‍ കോഫി കുടിക്കാനുള്ള സ്ഥലം എന്നതിലുപരി സംസാരിക്കാനും സമയം ചെലവഴിക്കാനും സന്തോഷിക്കാനും കൂടിയുള്ള ഇടമാണ്. ഞങ്ങള്‍ കൊച്ചിയില്‍ എത്തുമ്പോള്‍ ഇവിടെ നൈറ്റ് ലൈഫ് ഒട്ടും ഇല്ലായിരുന്നു. എല്ലാം കഫെകളും നേരത്തെ അടക്കും. അതുപോലെ ആ സമയത്ത് നല്ല കോഫി കിട്ടുന്ന ഇടങ്ങളും ഇവിടെ കുറവായിരുന്നു – സിതാര കൂട്ടിച്ചേര്‍ക്കുന്നു. രാവിലെ എട്ടു മണിമുതല്‍ രാത്രി രണ്ടുവരെയാണ് ഇടം കഫെ പ്രവര്‍ത്തിക്കുന്നത്. സിതാരയ്ക്കും സജീഷിനും പുറമെ സുഹൃത്തായ നിതേഷും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. മണ്ണിന്റെയും മരത്തിന്റെയും സ്വഭാവികത നിലനിര്‍ത്താന്‍ ബ്രൗണ്‍ മഡ് കളറിലാണ് കഫെ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ചെടികള്‍ കൊണ്ട് അകത്തും പുറത്തും പച്ചപ്പ് നിറച്ചിച്ചിട്ടുണ്ട്.
ആരോഗ്യകരമായ ഇടം
ഭക്ഷണ പ്രേമികള്‍ക്ക് വിളമ്പുന്ന ആഹാരത്തിന്റെ കാര്യത്തിലും ഇടം വ്യത്യസ്തത നിലനിര്‍ത്തുന്നു. കോണ്ടിനെന്റല്‍, അമേരിക്കന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ വിഭവങ്ങളില്‍ നിന്നടക്കം തിരഞ്ഞെടുത്ത പ്രത്യേക മെനുവാണ് ഇവിടെ. അതുപോലെ വിവിധയിനം ചായകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരമാണ് ഇടം പിന്തുടരുന്നത്. ഡീപ് ഫ്രൈഡ് വിഭവങ്ങള്‍ ഇവിടെ മെനുവിന് പുറത്താണ്. ശംഖുപുഷ്പം ചായയാണ് ഇടത്തിലെ മറ്റൊരു സ്പെഷ്യല്‍. വിളമ്പുന്ന പാത്രങ്ങളില്‍ അടക്കം വ്യത്യസ്തത നിലനിര്‍ത്താന്‍ സിതാര ശ്രദ്ധിക്കുന്നു. പാത്രങ്ങള്‍ എല്ലാം കൈകൊണ്ട് നിര്‍മ്മിച്ചവയാണ്. തൃശ്ശൂരിലെ സെറാമിക് പോട്ടറി ആര്‍ട്ടിസ്റ്റ് അനു ചീരനാണ് ഇടം ആര്‍ട്ട് കഫെയിലെ മുഴുവന്‍ പ്ലെയ്റ്റുകളും കോഫി മഗുകളും ഉണ്ടാക്കി നല്‍കിയത്. മുഴുവന്‍ സമയവും സംഗീതം ഒഴുകുന്ന കഫെയില്‍ സന്ദര്‍ശകര്‍ക്കായി ഇംഗ്ലീഷ്, മലയാളം സാഹിത്യത്തിന്റെ വിപുലമായ ഗ്രന്ഥശേഖരവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ സ്വസ്ഥമായി ഇരുന്നു വായിക്കാന്‍ ഒരിടം – അതും ഇടത്തിന്റെ സവിശേഷതയാണ്.
ഇടം എംബ്രേയ്സ് ഡാന്‍സ് & മ്യൂസിക് അക്കാദമി
സിതാര തന്നെയാണ് ഇടം എംബ്രേയ്സ് ഡാന്‍സ് ആന്റ് മ്യൂസിക് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും പുറമെ വിവിധ തരത്തിലുള്ള ഇന്‍സ്ട്രുമെന്റ്‌സുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇവിടെ പരിശീലനം നല്‍കുന്നു. കൂടാതെ ആക്ടിങ്, ഹാന്‍ഡി ക്രാഫ്റ്റ്, സെറാമിക് പോട്ടറി ആര്‍ട്ട് എന്നിവയില്‍ വര്‍ക്ക്‌ഷോപ്പുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. സംഗീത പരിപാടികള്‍, സാഹിത്യ സദസ്സുകള്‍, അഭിമുഖങ്ങള്‍, ചെറിയ ഷൂട്ടിംഗുകള്‍, ചിത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കാനുള്ള സൗകര്യവും ഇടത്തിലുണ്ട്. സിതാരയുടെ മകള്‍ സായു എന്ന് വിളിക്കുന്ന സാവന്‍ ഋതുവിന്റെ സംഗീത- നൃത്ത പരിശീലനവും ഇവിടെ നിന്നാണ്. സിനിമ- സാംസ്‌കാരിക- ബിസിനസ് മേഖലയിലെ സുഹൃത്തുക്കള്‍ക്ക് ഒത്തു ചേരാനും സന്തോഷിക്കാനുമുള്ള ഒരിടം ആയി വളരുകയാണ് ഇടം ആര്‍ട്ട് കഫെ. കാപ്പിയും സ്നാക്‌സും വിളമ്പുന്ന കഫെകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആസ്വാദനവും അനുഭവവുമാണ് സിതാരയുടെ ഇടം നമുക്ക് സമ്മാനിക്കുന്നത്.