സനൂപ് എന്ന പ്രവാസി സംരംഭകന്റെ വിജയമാതൃക
ഏതാനും വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി ഒന്നരലക്ഷം രൂപ മുടക്കി ഒരു സംരംഭം തുടങ്ങിയ ആളാണ് സനൂപ്. എറണാകുളം ജില്ലയില്‍ അങ്കമാലിക്ക് അടുത്ത് ചമ്പന്നൂരിലാണ് ഇദ്ദേഹത്തിന്റെ സ്ഥാപനം.
എന്താണ് ബിസിനസ് ?
തികച്ചും വ്യത്യസ്തമായരീതിയില്‍ വളരെ ചെറിയ തുക മുതല്‍മുടക്കിക്കൊണ്ട് വെളിച്ചെണ്ണയും കൊപ്രയും നിര്‍മിച്ചു വില്‍ക്കുകയാണ് ഈ യുവസംരംഭകന്‍. ലൈവ് കോക്കനട്ട് ഓയില്‍ ബിസിനസ് ഇത്രകുറഞ്ഞ നിക്ഷേപത്തില്‍ നടത്തുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത.
എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു ബിസിനസ് ?
ഒമാനില്‍ വെല്‍ഡറായിരുന്ന സനൂപ് ഏതാനും വര്‍ഷങ്ങള്‍ അവിടെ ജോലിചെയ്തു. കാര്യമായി ഒന്നും അവിടെനിന്ന് സമ്പാദിക്കാന്‍ കഴിഞ്ഞില്ല. തിരിച്ചുനാട്ടിലെത്തിയശേഷം ഇനി എന്ത് എന്ന ചിന്ത ഉദിച്ചപ്പോഴാണ് വെളിച്ചെണ്ണയുടെ വിപണി സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നത്. വെളിച്ചെണ്ണ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് കേരളീയര്‍ക്ക് ചിന്തിക്കാന്‍പോലും ആകില്ല. പക്ഷേ മായം ചേര്‍ക്കാത്ത വെളിച്ചെണ്ണ പലപ്പോഴും ലഭിക്കുന്നില്ല എന്നപരാതിയും വ്യാപകം. ഇത്രയ്ക്ക് ഡിമാന്റ് ഉള്ള വെളിച്ചെണ്ണ അല്‍പംപോലും മായം ചേര്‍ക്കാത്തത് വില കുറച്ച് കൂടിയാലും ആളുകള്‍ വാങ്ങുമെന്ന തിരിച്ചറിവാണ് സനൂപിനെ ഈ രംഗത്തേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. തീരെ കുറഞ്ഞ മുതല്‍മുടക്കില്‍ വ്യാപകമായി ഡിമാന്‍ഡ് ഉള്ള ഒരു കച്ചവടം ചെയ്യാനുള്ള അവസരമെന്നനിലയിലും സ്വന്തം നിലയില്‍ ഒരു തൊഴിലും വരുമാനവുമായും ശുദ്ധമായ വെളിച്ചെണ്ണയിലൂടെ മികച്ചലാഭം നേടാനാകുമെന്ന പ്രതീക്ഷയും സനൂപിനെ കോക്കനട്ട് ലൈവ് എന്ന ആശയത്തിലേക്ക് നയിക്കുകയായിരുന്നു.
തേങ്ങ കര്‍ഷകരില്‍നിന്നും നേരിട്ട്
വെളിച്ചെണ്ണ ഉത്പാദനത്തിന് ആവശ്യമായ തേങ്ങ കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിക്കുന്നു. വെള്ളം ഉള്‍പ്പടെ തൂക്കിയാണ് വാങ്ങുന്നത്. 30-35രൂപയാണ് കിലോഗ്രാമിന് നല്‍കുന്നത്. ഒരു തേങ്ങയില്‍നിന്നും ശരാശരി 300 ഗ്രാം കൊപ്ര കിട്ടും. ഒരു കിലോഗ്രാം കൊപ്രയില്‍നിന്നും 600 മില്ലി ലിറ്റര്‍ തനിവെളിച്ചെണ്ണയും കിട്ടുമെന്നാണ് കണക്ക്. നാളീകേരം വെട്ടി ഉണക്കി കൊപ്രയാക്കി ഉപയോഗിക്കുന്നു. വെയില്‍ ഇല്ലാത്തപ്പോള്‍ തൊട്ടടുത്ത് ഡ്രയറിന്റെ സേവനം പ്രയോജനപ്പെടുത്തി ഉണക്കുന്നു. ഇതാണ് ആട്ടി വെളിച്ചെണ്ണയായി വില്‍ക്കുന്നത്. കൊപ്രയുമായി വരുന്നവര്‍ക്ക് എണ്ണ ആട്ടിക്കൊടുക്കുകയും ചെയ്യും. എല്ലാം കസ്റ്റമറുടെ കണ്‍മുന്നില്‍വെച്ച് ചെയ്യുന്നു എന്നതാണ് മേന്മ. തമിഴ്നാട്ടില്‍നിന്നും നേരിട്ടുവാങ്ങുന്ന എള്ളും ഇങ്ങനെ ആട്ടി എണ്ണ എടുക്കുന്നുണ്ട്.
നേരിട്ടും ഓണ്‍ലൈന്‍വഴിയും വില്‍പന
നേരിട്ട് ഷോപ്പുവഴിയാണ് പ്രധാനമായും വില്‍പന നടക്കുന്നത്. തേങ്ങയും വെളിച്ചെണ്ണയും ഇങ്ങനെ വില്‍ക്കുന്നുണ്ട്. വീടുകളില്‍നിന്നും ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ച് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇതിന് അധികം വില ഈടാക്കാറില്ല. ലിറ്ററിന് 230രൂപയാണ് വില. ശരാശരി 30 കിലോഗ്രാം ഷോപ്പ് വഴിയും 20 കിലോഗ്രാം ഓണ്‍ലൈന്‍വഴിയും പ്രതിദിന കച്ചവടം നടക്കുന്നു. അങ്ങനെ നോക്കിയാല്‍ 50ലിറ്റര്‍ ആണ് പ്രതിദിന കച്ചവടം. ഇരുപത്തിയഞ്ച് ശതമാനമാണ് ലഭിക്കുന്ന അറ്റാദായം.
ഒന്നരലക്ഷം രൂപയുടെ മെഷിനറികള്‍
ലൈവ് കോക്കനട്ട് ഓയില്‍ മെഷീന്‍, കൊപ്ര കട്ടര്‍ എന്നീ മെഷീനുകളാണ് വാങ്ങി സ്ഥാപിച്ചിരിക്കുന്നത്. രണ്ടര എച്ച്പി പവറില്‍ പ്രവര്‍ത്തിക്കുന്ന ഈ മെഷിനറികളുടെ മൊത്തം വില ഒന്നരലക്ഷം രൂപയാണ്. മണിക്കൂറില്‍ പത്ത് ലിറ്റര്‍ ആണ് ഇതിന്റെ ഉത്പാദനശേഷി. ഒരു മേശക്ക് മുകളില്‍ സ്ഥാപിച്ച് ഉത്പാദനം നടത്താനാകും. സ്‌റ്റൈലന്‍സ് സ്റ്റീല്‍ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. അറുപത് ശതമാനമാണ് കൊപ്രയില്‍നിന്നും ലഭിക്കാവുന്ന വെളിച്ചെണ്ണ.
ഒരു ജോലിക്കാരന്‍ മാത്രം
ഷോപ്പില്‍ സനൂപ് തന്നെയാണ് ഇരിക്കുന്നത്. എന്നാല്‍ വീടുകളില്‍ ഓര്‍ഡര്‍ പ്രകാരം സപ്ലൈ ചെയ്യുന്നതിന് ഒരു സഹായികൂടി ഉണ്ട്. പ്ലസ്ടുകഴിഞ്ഞ ഐടിഐ വെല്‍ഡര്‍ പാസായതിനുശേഷമാണ് സനൂപ് ഒമാനിലേക്ക് ജോലിക്കായി പോകുന്നത്. അവിടെനിന്ന് നിരാശനായി മടങ്ങിയെത്തിയെങ്കിലും നാട്ടില്‍ സ്വന്തം സംരംഭം എന്ന ആശയത്തിലൂടെ വിജയം തുടരുന്ന സനൂപ് ഇപ്പോള്‍ ഓണ്‍ലൈന്‍ കച്ചവടത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ”ഒരു മെഷീന്‍കൂടി വാങ്ങി സ്ഥാപിക്കണം. ഈ രംഗത്ത് ഏറെ അവസരങ്ങളുണ്ട്. മായം ചേര്‍ക്കാത്തവയ്ക്ക് എപ്പോഴും ഡിമാന്‍ഡുണ്ട്. പരസ്യമൊന്നും ഇല്ലാതെ തന്നെ ധാരാളം കസ്റ്റമേഴ്സിനെകിട്ടും” – നെടുവേലീസ് എന്ന തന്റെ സ്ഥാപനത്തിലിരുന്ന് സനൂപ് പറയുന്നു.
ഈ രംഗത്തേക്ക് പുതുസംരംഭകര്‍ക്കും കടന്നുവരാം
സനൂപിന് പറയാനുള്ളത് ജനങ്ങള്‍ക്ക് നല്ലതുകൊടുത്താല്‍ അവര്‍ നമ്മെ കൈവിടുകയില്ല എന്ന സന്ദേശമാണ്. വെളിച്ചെണ്ണ വിപണിയില്‍ ധാരാളം അവസരങ്ങളുണ്ട്. വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാം. ഒന്നരക്ഷം രൂപയുടെ മെഷീനറികള്‍ ഉള്‍പ്പടെ രണ്ടുലക്ഷം രൂപയുടെ ഇന്‍വെസ്റ്റ്മെന്റുണ്ടെങ്കില്‍ വെളിച്ചെണ്ണ കച്ചവടത്തിലൂടെ പ്രതിദിനം പതിനെട്ടായിരം രൂപയുടെ എങ്കിലും വരുമാനമുണ്ടാക്കാം. ഇതില്‍ ഇരുപത്തിയഞ്ച് ശതമാനം ലാഭം പ്രതീക്ഷിച്ചാലും 4600 രൂപ പ്രതിദിനം സമ്പാദിക്കാം.
സനൂപിന്റെ വിലാസം :
സനൂപ് എന്‍. ജി
നെടുവേലീസ്
ബാംബു കോര്‍പ്പറേഷന്‍ ഫാക്ടറിക്ക് എതിര്‍വശം
ചമ്പന്നൂര്‍
അങ്കമാലി – 683573
ഫോണ്‍: 9496366237
തയ്യാറാക്കിയത് : ടി എസ് ചന്ദ്രന്‍. പ്രശസ്ത സംരംഭക പരിശീലകനും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമാണ് ലേഖകന്‍