ക്യാമറ ക്വാളിറ്റിയുള്ള മൊബൈല്‍ കൈയ്യിലുണ്ടെങ്കില്‍ ഇന്ന് ആര്‍ക്കും വ്‌ളോഗറാകാം. 2008ല്‍ ഡാറ്റപോലും അപൂര്‍വ്വമായിരുന്ന കാലത്ത് ബ്ലോഗിങും തുടര്‍ന്ന് വ്ളോഗിങും ചെയ്തു തുടങ്ങിയതാണ് മലയാളത്തിലെ ആദ്യ വ്ളോഗര്‍മാരില്‍ ഒരാളായ സുജിത് ഭക്തന്‍. ഫോബ്സ് ഇന്ത്യ മാഗസിന്‍ തെരെഞ്ഞടുത്ത ഡിജിറ്റല്‍ സ്റ്റാര്‍സില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ഏക മലയാളിയാണ് സുജിത്. 1.5 മില്യണിലധികം ഫോളേവേഴ്സുള്ള ടെക് ട്രാവല്‍ ഈറ്റ് എന്ന ട്രാവല്‍- ഫുഡ്- ലൈഫ്സ്റ്റെല്‍ ചാനല്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത്, വ്ളോഗിങിനെ സക്സസ് ഫുള്‍ ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ് ഈ യുവസംരംഭകന്‍.
വ്ളോഗിങ് കരിയര്‍
ബംഗ്ളൂരുവില്‍ എഞ്ചിനിയറിങ് പഠനകാലത്ത് തന്നെ വ്‌ളോഗിങിന്റെ മുന്‍ഗാമിയായിരുന്ന ബ്ലോഗിങ് ആരംഭിച്ചതാണ് സുജിത്. പഠനത്തിന് ശേഷം തന്റെ കരിയര്‍ ഇതുതന്നെയാണെന്നു ഉറച്ച നിശ്ചയമുണ്ടായിരുന്നു. അതിനാല്‍ പഠനശേഷം ജോലിക്കൊന്നും ശ്രമിച്ചിട്ടേയില്ല. വ്ളോഗിങ് കരിയറായി ആക്സെപ്റ്റ് ചെയ്യാന്‍ ആദ്യം പാരന്റ്സിനുള്‍പ്പടെ ബുദ്ധിമുട്ടായിരുന്നു. പതിനായിരം സബ്സ്‌ക്രൈബേഴ്സ് ഉള്ളപ്പോള്‍ ഒരു റിസോര്‍ട്ടിന്റെ പ്രമോഷനാണ് ഇന്‍ഫ്ളുവെന്‍സര്‍ എന്ന നിലയില്‍ ചെയ്ത ആദ്യ വീഡിയോ. തുടക്കത്തില്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. ആദ്യകാലങ്ങളില്‍ പല പ്രമോഷണല്‍ വിഡിയോകളും ഫ്രീയായി ചെയ്തു കൊടുത്തിട്ടുണ്ട്. ഇത്തരം കണ്‍സെപ്റ്റിന് സ്വീകാര്യത ഇല്ലാത്ത സമയത്ത് ചെയ്ത് കാണിച്ചു കൊടുക്കുക എന്ന വഴി മാത്രമേ മുമ്പിലുണ്ടായിരുന്നുള്ളൂവെന്ന് സുജിത് പറയുന്നു.
ടെക് ട്രാവല്‍ ഈറ്റ് ഒരു ബിസിനസ് സംരംഭം
2016ലാണ് യൂട്യൂബില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയത്. ആയിരം സബ്സ്‌ക്രൈബേഴ്സിനെ കണ്ടെത്താന്‍ പോലും വളരെയധികം പാടുപെട്ടിരുന്നു. കോംപറ്റീഷന്‍ തീരെ ഇല്ലാത്തതിനാല്‍ യൂട്യൂബില്‍ ഗ്രോ ചെയ്യാനും പാടായിരുന്നു. കോംപറ്റീഷന്‍ വന്നപ്പോഴാണ് ശരിക്കും ചാനല്‍ ഡെവലപ്പായത്. ഇന്ന് ഒരു ചാനല്‍ തുടങ്ങി ഫോളോവേഴ്സിനെ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. എല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മത്സരം കടുത്തതായതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നുണ്ട്. ടെക് ട്രാവല്‍ ഈറ്റ് അഞ്ച് വര്‍ഷമായി ബിസിനസ് സ്ഥാപനമെന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബിസിനസ് സ്ഥാപനത്തിന്റെ എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് മുന്നോട്ടു പോകുന്നത്. സോഷ്യല്‍ മീഡിയയും അക്കൗണ്ടും കൈകാര്യം ചെയ്യാനായി നിലവില്‍ മൂന്ന് ജീവനക്കാരുണ്ട്. വ്ളോഗര്‍ എന്നതിലുപരി ടെക് ട്രാവല്‍ ഈറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറെന്ന നിലയില്‍ പ്രൊജക്റ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും സുജിത് വ്യക്തമാക്കുന്നു.
വ്ളോഗിങില്‍ ഷോട്ട് വിഡിയോ ബൂം
കണ്ടെന്റുകളിലെ വ്യത്യസ്തതയായിരിക്കണം ചാനലിന്റെ ഹൈലൈറ്റ്. ടെക് ട്രാവല്‍ ഈറ്റില്‍ ഒരു വീഡിയോയ്ക്ക് കുറഞ്ഞത് അഞ്ചുലക്ഷം കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്. അതിനനുസരിച്ച് വരുമാനവും. തങ്ങള്‍ ചെയ്യുന്ന ഹാര്‍ഡ് വര്‍ക്കിന്റെ ഫലമായാണ് ഇതിനെ സുജിത് കാണുന്നത്. ചാനലിന്റെ തുടക്കം മുതലേ ഉള്ളടക്കത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. മുമ്പ് എന്തെങ്കിലും ഇന്‍ഫര്‍മേഷന്‍ ലഭിക്കാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നത് സാധാരണമായിരുന്നു. ഇന്ന് അത് വിഡിയോ എന്ന മീഡിയത്തിലേക്ക് മാറ്റപ്പെട്ടു. താനും എഴുത്തില്‍ നിന്നും സാധ്യതകള്‍ മനസ്സിലാക്കി വ്ളോഗിങ്ങിലേക്ക് മാറിയതാണെന്ന് സുജിത് കൂട്ടിച്ചേര്‍ക്കുന്നു. ഇന്ന് വിഡിയോ കാണാനാണ് ആളുകള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ഇനി ഷോര്‍ട്ട് വീഡിയോസിന്റെ കാലമാണ്. എങ്കിലും യൂട്യൂബ് വിഡിയോകളുടെ സാധ്യത അവസാനിക്കുന്നില്ല. എല്ലാകാലത്തുമുള്ള റഫറന്‍സ് മെറ്റീരിയലായി ഇവ മാറും.
വ്ളോഗറും ക്രഡിബിലിറ്റിയും
ചാനലിന് ബള്‍ക്ക് വ്യൂ ലഭിക്കാന്‍ തെറ്റായ തമ്പ് നെയില്‍സ്, നെഗറ്റീവ് ക്യാപ്ഷന്‍ എന്നിവ ഉപയോഗിക്കുന്ന പ്രവണത സോഷ്യല്‍ മീഡിയയില്‍ കൂടിവരുന്നുണ്ട്. ഒരു ചാനല്‍ സ്ഥിരം ഓഡിയന്‍സിനെ ക്രിയേറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് സുജിത് പറയുന്നു. ഇന്‍ഫ്ളുവന്‍സറുടെ ക്രഡിബിളിറ്റി ബ്രാന്‍ഡിന്റെ പ്രമോഷന് വളരെയധികം സഹായിക്കും. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ക്വാളിറ്റി ഓഡിയന്‍സ് ഉണ്ടാകണം. ക്വാളിറ്റി ഓഡിയന്‍സാണ് എല്ലാം ബ്രാന്‍ഡുകള്‍ക്കും ആവശ്യം. ഒരു ഇന്‍ഫ്ളുവന്‍സര്‍ മികച്ച ഫോളോവര്‍ ഗ്രൂപ്പിനെ സംരക്ഷിക്കണം. സിന്‍സിയര്‍ ആയ ഫാന്‍സ് ഗ്രൂപ്പിനെ സൃഷ്ടിക്കണം. ടെക് ട്രാവല്‍ ഈറ്റിന് ഏറ്റവും കൂടുതലായുള്ളത് ഫാമിലി ഓഡിയന്‍സാണ്. 60:40 എന്ന കണക്കില്‍ മെയില്‍- ഫീമെയില്‍ ഓഡിയന്‍സുണ്ട്. നല്ലൊരു ശതമാനം ഓഡിയന്‍സും പ്രൊഡക്റ്റ് വാങ്ങാനായി പണം സ്പെന്റ് ചെയ്യാന്‍ സാധിക്കുന്നവരാണ്. അതിനാന്‍ ബ്രാന്‍ഡ് പ്രമോഷനിലൂടെ വളരെ വേഗം റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിക്കാറുണ്ട്. ഇതാണ് പ്രമുഖ ബ്രാന്‍ഡുകള്‍ തങ്ങളെ തേടിയെത്തുന്നതിന്റെ രഹസ്യമെന്നും സുജിത് കൂട്ടിച്ചേര്‍ക്കുന്നു.