കോവിഡ് മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയപ്പോള്‍ അതിജീവനത്തിനായി ഓരോരുത്തരും മറ്റിതര മേഖലകള്‍ കണ്ടെത്തുകയുണ്ടായി. ആ പ്രതിസന്ധി ഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഇനിയെന്തെന്ന ചോദ്യമുയര്‍ന്നപ്പോള്‍ സ്വന്തമായി സംരംഭം ആരംഭിച്ച് വിജയംവരിച്ച നിരവധിപേര്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അത്തരമൊരു ഉദാഹരണമാണ് എലന്റെ ബാപ്ടിസം ഡിസൈന്‍സിന്റെ ഉടമ അന്ന ക്രിസ്റ്റി. സ്ത്രീകളുടെയും കുട്ടികളുടെയും കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ കുട്ടികളുടെ ബാപ്റ്റിസം ചടങ്ങുകള്‍ക്ക് ആവശ്യമായ ഡ്രസും ആക്സസറികള്‍ക്കും മാത്രമായൊരു സ്ഥാപനം, അതാണ് എലന്റെ. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലും പുറത്തും എണ്ണമറ്റ കസ്റ്റമേഴ്സിനെ സമ്പാദിച്ച് ഈ സ്ഥാപനം വളരുകയാണ്. കഴിവും ആത്മവിശ്വസവും ഉണ്ടെങ്കില്‍ ഏതൊരു സംരംഭവും വിജയിപ്പിക്കാമെന്നതിന് മികച്ച മാതൃകയാണ് എലന്റെ ബാപ്റ്റിസം ഡിസൈന്‍സ് (Elannte baptism designs) എന്ന സ്ഥാപനം.
കടന്നുവരവ് അവിചാരിതം
തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ അന്ന സംരംഭക ലോകത്തേക്ക് കടന്നുവരുന്നത് തികച്ചും അവിചാരിതമായി. അന്നയും ഭര്‍ത്താവ് ആന്‍ജിയോ പോളും വിദേശത്തായിരുന്നു. കോവിഡ് സമയത്ത് വര്‍ക്ക് ഫ്രം ഹോം ആക്കിയപ്പോള്‍ രണ്ടുപേരും നാട്ടിലെത്തി. ഇതിനിടെ ഇവര്‍ക്ക് കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ മാമോദിസ ചടങ്ങുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അന്വേഷിച്ച് നിരവധി കടകള്‍ കയറിയിറങ്ങി. ചടങ്ങിന് ആവശ്യമായതെല്ലാം കിട്ടാതെ വന്നപ്പോള്‍ തയ്യല്‍ അറിയാമായിരുന്ന അമ്മ മേരി പുതിയ ഡ്രസിനുള്ള ചുമതലകള്‍ ഏറ്റെടുത്തു. അങ്ങനെ കുഞ്ഞിന്റെ ഡ്രസ് ഉള്‍പ്പെടെ എല്ലാം അമ്മയും അന്നയും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് തയ്ച്ചെടുത്തു. കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ചടങ്ങിനെത്തിയവരുടെ കണ്ണുകള്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലും ആക്സസറികളിലും ഉടക്കി. എല്ലാം വെറൈറ്റിയാണല്ലോ, അടിപൊളിയാണല്ലോ, എന്നൊക്കെയുള്ള അഭിനന്ദനപ്രവാഹത്തില്‍ അന്നയ്ക്കും കുടുംബത്തിനും അതിരില്ലാത്ത സന്തോഷം.
അങ്ങനെയാണ് കൈമുതലായുള്ള കഴിവിനെ ചേര്‍ത്തുപിടിച്ചാലോ എന്ന് അന്ന ആലോചിച്ചത്. വസ്ത്രനിര്‍മാണ രംഗത്ത് നിരവധി പ്രശസ്ത സ്ഥാപനങ്ങള്‍ ഉളള കാലത്ത് ഒരു പരിചയസമ്പത്തുമില്ലാതെ കടന്നുവരാന്‍ അന്നക്ക് പ്രേരണയായത് കുടുംബത്തിന്റെ പിന്‍ബലമാണ്. വീട്ടില്‍ ആശയം പങ്കുവെച്ചപ്പോള്‍ എല്ലാവരും പിന്തുണയറിയിച്ചു. അങ്ങനെ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പിതാവ് പോളിന്റെ അനുഭവസമ്പത്തുകൂടി ചേര്‍ന്നപ്പോള്‍ 2021 ജൂണില്‍ എലന്റെ ഡിസൈന്‍സ് ഔദ്യോഗികമായി ആരംഭിച്ചു. ഭര്‍ത്താവ് ആന്‍ജിയോ പോളിന്റെ പിന്തുണയും സംരംഭം യാഥാര്‍ഥ്യമാക്കുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിനും അന്നയ്ക്ക് കരുത്ത് നല്‍കുന്നു.
‘വിദേശരാജ്യങ്ങളിലൊക്കെ ഇത്തരം ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന കസ്റ്റമൈസ്ഡ് ഡ്രസും ആക്സസറികളും വില്‍ക്കുന്ന നിരവധി ഷോപ്പുകള്‍ ഉണ്ട്. ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും. എന്നാല്‍ നാട്ടില്‍ ഇത്തരം കടകള്‍ ഇല്ലാത്തതിനാല്‍ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. തങ്ങളെപ്പോലെ ഓരോ പ്രൊഡക്ടിനുവേണ്ടിയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്കെല്ലാം ഒരു പരിഹാരമെന്ന നിലയിലാണ് സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിച്ചത്’ എന്നും അന്ന പറയുന്നു.
കടല്‍കടന്ന് സംരംഭം
ജൂണില്‍ ആരംഭിച്ച എലന്റെയുടെ പേര് നാല് മാസം കൊണ്ട് കേരളത്തിലും പുറത്തും വിദേശത്തും പറന്നെത്തി. എലന്റെയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവര്‍ പറഞ്ഞതിലൂടെ ലഭിച്ച പരസ്യം മാത്രമായിരുന്നു അത്ഭുതപ്പെടുത്തുന്ന ഈ വളര്‍ച്ചയ്ക്കു പിന്നില്‍. ബിസിനസ് കൂടുതല്‍പേര്‍ അറിഞ്ഞതോടെ കസ്റ്റമേഴ്സിന്റെ എണ്ണവും വര്‍ധിച്ചു. പിന്നീട് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പേജുകള്‍ ആരംഭിച്ചു. പ്രൊഡക്ടിന്റെ ഓര്‍ഡറും ഡെലിവെറിയും എല്ലാം ഈ പേജുകളിലൂടെയാണ്. എല്ലാ പ്രൊഡക്ടും കേരളത്തിലും ഇന്ത്യയിലും വേള്‍ഡ് വൈഡ് ഷിപ്പിങ്ങും ചെയ്യുന്നുണ്ട്. അന്‍പതിലധികം പ്രൊഡക്ടുകള്‍ ഇന്ന് എലന്റെക്ക് ഉണ്ട്.
കസ്റ്റമര്‍ അപ്രോച്ചബിള്‍
ഗുണമേന്മ, സ്വീകാര്യമാ വില, കസ്റ്റമേഴ്സിനോടുള്ള സമീപനം ഇതാണ് എലന്റെയുടെ വിജയത്തിന്റെ അടിത്തറ. കസ്റ്റൈമൈസ്ഡ് പ്രൊഡക്ട്സ് ആണ് എല്ലാവര്‍ക്കും ആവശ്യം. ഡ്രസ്, ആക്സസറീസ് എന്നിവ കസ്റ്റമര്‍ ആവശ്യപ്പെടുന്ന രീതിയിലാണ് ചെയ്തു നല്‍കുന്നത്. ഗുണമേന്മ ഒട്ടും ചോരാതെ ഏറ്റവും ബെസ്റ്റ്, റീസണബിള്‍ പ്രൈസില്‍ നല്‍കുന്നു. അതു തന്നെയാണ് തങ്ങളുടെ വിജയമെന്നും അന്ന അടിവരയിടുന്നു. വീട്ടില്‍ തന്നെയാണ് ഡിസൈനിങ്ങും സ്റ്റിച്ചിങ്ങും എല്ലാം. ബിസിനസ് വളര്‍ന്നതോടെ സഹായത്തിന് എട്ട് ജീവനക്കാരെയും നിയമിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ കസ്റ്റമൈസ്ഡ് പ്രൊഡക്ട്സ് നല്‍കുന്നു എന്നതാണ് കസ്റ്റമേഴ്സിനെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകം. ചെറിയൊരു ആശയമാണ്, എന്നാല്‍ അതില്‍ നിന്നും ഒരു സംരംഭം ആരംഭിക്കാനും മികച്ച വരുമാനം കണ്ടെത്താനും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കുക എന്നത് നിസാര കാര്യമല്ല. ഇത്തരം ആശയങ്ങള്‍ മനസിലേറ്റി നടക്കുന്ന ഒരുപാട് പേര്‍ക്ക് മാതൃകയാണ് അന്നയും കുടുംബവും.