ആശയമുണ്ടോ? എങ്കില്‍ ഹാപ്പിയാകാം സാജിനെപോലെ!

ആശയം മികച്ചതാണെങ്കില്‍, അത് പ്രാവര്‍ത്തികമാക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു സംരംഭകനാകാന്‍ സാധിക്കുമോ? നിസംശയം പറയാം ആര്‍ക്കും തുടങ്ങാം ഒന്നാന്തരമൊരു ബിസിനസ്. കോട്ടയം കുറവിലങ്ങാട് സ്വദേശി സാജ് ഗോപി സ്വന്തം പാഷനെ മുറുകെ പിടിച്ചാണ് സംരംഭക ലോകത്തേക്ക് എത്തിയതും അത് വിജയിപ്പിച്ചതും. ആരും കൈകടത്താത്ത, അത്ര പരിചിതമല്ലാത്ത കോക്ക്‌ടെയില്‍ ബാര്‍ടെന്‍ഡിങ് എന്ന ആശയം സാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. മാസം മികച്ച വരുമാനമാണ് ബാര്‍ടെന്‍ഡിങ്ങിലൂടെ ഇദ്ദേഹം സമ്പാദിക്കുന്നത്. ബാര്‍ടെന്‍ഡിങ് എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുന്നവര്‍ ഉണ്ടാകാം. പക്ഷെ സാജിന് ഇത് ജീവിത മാര്‍ഗമാണ്.

വിദേശരാജ്യങ്ങളില്‍ മാത്രം പ്രചാരമുള്ള ബാര്‍ടെന്‍ഡിങ് ഈ അടുത്തകാലത്താണ് കേരളത്തില്‍ സുപരിചിതമായത്. ഇന്ന് ആഘോഷങ്ങളുട മുഖച്ഛായ തന്നെ മാറി. വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങളിലും അടിമുടി മാറ്റം വന്നു. കോക്ക്‌ടെയില്‍ കൗണ്ടറുകള്‍ ഭക്ഷണ സംസ്‌ക്കാരത്തിന്റെ ഭാഗമായി. പ്രീമിയം ബാറുകളിലും പ്രീമിയം ഹോട്ടലുകളിലും മാത്രമാണ് ആദ്യ കാലത്ത് കോക്ക്ടെയില്‍ മിക്സോളജി ഉണ്ടായിരുന്നത്. എന്നാല്‍ വിവാഹം, മറ്റു പാര്‍ട്ടികള്‍, ആഘോഷവേളകള്‍ എന്നിവയിലെല്ലാം ഇന്ന് കോക്ക്ടെയില്‍ കൗണ്ടറുകള്‍ സജീവമാണ്.

പത്തുവര്‍ഷം മുമ്പാണ് കോക്ക്‌ടെയില്‍ മിക്‌സിങ് രംഗത്തേക്കുള്ള സാജിന്റെ രംഗ പ്രവേശം. ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ പഠനത്തിനുശേഷം ഇനി എന്ത് എന്ന ആലോചനയ്ക്കിടയില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും വീണുകിട്ടിയതാണ് ഈ ബിസിനസ് ആശയം. അങ്ങനെ ഭാവിയില്‍ മികച്ച സാധ്യതയുള്ള ബാര്‍ടെന്‍ഡിങ് പഠിക്കാനായി ചെന്നെയിലേക്ക് ഇദ്ദേഹം വണ്ടി കയറി. ആറു മാസത്തെ പഠനത്തിനുശേഷം നല്ലൊരു ഫ്ളെയര്‍ ബാര്‍ടെന്‍ഡറായാണ് സാജ് പുറത്തിറങ്ങിയത്. ജഗ്ലിങ് ചെയ്യുന്ന ബാര്‍ ടെന്‍ഡേഴ്സിനെയാണ് ഫ്ളെയര്‍ ബാര്‍ ടെന്‍ഡേഴ്സ് എന്നു പറയുന്നത്. കേരളത്തിലും പുറത്തും വിരലില്‍ എണ്ണാവുന്ന ഫ്ളെയര്‍ ബാര്‍ ടെന്‍ഡേഴ്സ് മാത്രമാണ് ഉള്ളത്. പഠനത്തിനുശേഷം ഇന്ത്യയിലെ മുന്‍നിര ഹോട്ടലുകളില്‍ ഇദ്ദേഹം ബാര്‍ടെന്‍ഡിങ് ചെയ്തു. പിന്നീട് ബാര്‍ടെന്‍ഡിങ്ങ് തൊഴിലായി തെരഞ്ഞെടുത്തു. ബ്ലൂ ഐസ് ബാര്‍ടെന്‍ഡിങ് എന്ന പേരില്‍ ഒരു സ്ഥാപനം കോട്ടയത്ത് ആരംഭിക്കുകയും ചെയ്തു. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

കോക്ക്‌ടൈല്‍ എന്നത് ഒരു പ്രൊഫഷണല്‍ ഡ്രിങ്കിങ് സ്റ്റൈല്‍ ആണ്. കോസ്‌മോപൊളിറ്റന്‍ പോലുള്ള ഡ്രിങ്കുകള്‍ എന്താണെന്ന് കുറച്ചുനാള്‍ക്ക് മുമ്പ് പോലും ആളുകള്‍ക്ക് പരിചിതമായിരുന്നില്ല. എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും ഈ ഡ്രിങ്കുകളെക്കുറിച്ചറിയാം. കോക്ക്‌ടെയില്‍ മേക്കിങ് ഒരു ആര്‍ട്ടാണെന്ന് സാജ് പറയുന്നു. ആ പാഷനെ മുറുകെ പിടിച്ച് സാജ് നേടിയതാണ് ഈ സ്‌റ്റൈലന്‍ ബിസിനസ് വിജയം. കേരളത്തില്‍ വിരലില്‍ എണ്ണാവുന്ന ചില സ്ഥാപനങ്ങള്‍ കോക്ക്‌ടെയില്‍ ബാര്‍ടെന്‍ഡിങ് ചെയ്യുന്നുണ്ടെങ്കിലും പ്രൊഫഷണലായി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ബ്ലൂ ഐസ് ബാര്‍ടെന്‍ഡിങ്. മൗത്ത് പബ്ലിസിറ്റിയാണ് ഈ സംരഭത്തിന്റെ വളര്‍ച്ചയുടെ പ്രധാന അടിത്തറ. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള നിരവധി ക്ലൈന്റുകള്‍ സാജിനുണ്ട്. ആദ്യ കാലത്ത് മാസത്തില്‍ ഒരു പരിപാടി മാത്രം കിട്ടിയിരുന്ന സാജിന് ഇന്ന് നിരവധി പരിപാടികളില്‍ കോക്ക്‌ടെയില്‍ കൗണ്ടര്‍ തുറക്കാന്‍ കഴിയുന്നു. കോക്ക്‌ടെയില്‍ മിക്‌സിങ്ങിന് ഉപഗോയിക്കുന്ന ട്രെന്‍ഡി ആയിട്ടുള്ള റെസിപ്പികളാണ് ഈ സ്ഥാപനത്തെ ഫെമിലിയര്‍ ആക്കിയത്. കേരളത്തിനു പുറമെ ചെന്നൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലും ബ്ലൂ ഐസ് നേരിട്ട് സേവനം നല്‍കുന്നു. എണ്ണമറ്റ ക്ലൈന്റുകള്‍, നിരവധി പരിപാടികള്‍, ഹിറ്റ് റെസിപ്പികള്‍, സ്റ്റൈലിഷ് ബിസിനസ്, ഈ യാത്രയില്‍ സാജ് ഹാപ്പിയാണ്.

 

Related posts