ഏസ്മണി : ഫിന്‍ടെക് ലോകത്തെ കേരളീയ വിജയമാതൃക

 

സ്വന്തം അനുഭവത്തില്‍ നിന്ന് ഒരു ബിസിനസ്, അതും ടെക്നോളജിയെ അടിസ്ഥാനമാക്കി! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും അങ്ങനെയൊരു ബിസിനസ് പിറവികൊണ്ടത് ഈ കേരളത്തിലാണ്. സംരംഭകയാകട്ടെ ഒരു വനിതയും. നിമിഷ ജെ വടക്കന്‍ എന്ന സംരംഭകയുടെ മനസില്‍ രൂപപ്പെട്ട ആശയമാണ് ഏസ്മണി. ഇന്ന് ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയാണ് ഏസ്മണി. ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം വീട്ടിലിരുന്നുകൊണ്ട് തന്നെ പിന്‍വലിക്കാനുള്ള സൗകര്യമാണ് ഏസ്മണി ഒരുക്കിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണ് ഏസ്മണിയുടെ പിറവി. പിന്നീട് പണമിടപാടുകള്‍ക്കായി പല സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒറ്റ പ്ലാറ്റ്ഫോം ആയി ഏസ്മണി മാറി. മാതൃകമ്പനിയായ ഏസ്വെയര്‍ ടെക്നോളജീസില്‍ നിന്നും ആര്‍ജിച്ച ഊര്‍ജമാണ് ഏസ്മണി യാഥാര്‍ത്ഥ്യമാക്കാന്‍ നിമിഷയ്ക്ക് സഹായകമായത്.

 

എന്താണ് ഏസ്മണി ?

എടിഎം സേവനങ്ങള്‍ വീട്ടിലെത്തിക്കുന്ന മൈക്രോ എടിഎം സേവനമാണ് ഏസ്മണി മുന്നോട്ടുവെയ്ക്കുന്നത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഏസ്വെയര്‍ ടെക്നോളജീസില്‍ നിന്നാണ് ഏസ്മണി പ്രവര്‍ത്തനം ആരംഭിച്ചത്. 2020 ല്‍ കോവിഡിന്റെ സമയത്ത് ഏസ്വെയര്‍ ഫിന്‍ടെക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവരിലേയ്ക്ക് എങ്ങനെ അത് എത്തിക്കാം എന്ന ചിന്തയില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്ന് നിമിഷ പറയുന്നു. ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ച് അറിയുന്നവരും അറിയാത്തവരും ഇക്കാലത്തുണ്ട്. ഗ്രാമീണ മേഖല ഇന്നും ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലേയ്ക്ക് കടന്നുവന്നിട്ടില്ല. ഈ രണ്ട് വിഭാഗക്കാരെയും ഒരുമിപ്പിച്ചു കൊണ്ടുപോവുക എന്നതാണ് ഏസ്മണിയിലൂടെ ശ്രമിക്കുന്നത്. ഫിന്‍ടെക് സര്‍വീസില്‍ നിന്നും ആദ്യം ആരംഭിച്ച സേവനം ഏസ്മണി എടിഎം ടു ഹോം സര്‍വീസ് ആണ്. വീട്ടിലിരുന്നുതന്നെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനും അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കാനുമുള്ള സംവിധാനമാണിത്. ഏസ്മണി ആപ്ലിക്കേഷന്‍ വഴി സേവനം ബുക്ക് ചെയ്യുമ്പോള്‍ എക്‌സിക്യൂട്ടീവ് വീട്ടിലെത്തി പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സഹായിക്കുന്നു. മൈക്രോ എടിഎം മെഷീനാണ് ഇതിനായി ഉപയോഗിക്കുന്നത്.

 

ഏസ്മണിയുടെ പിറവിയ്ക്കു പിന്നില്‍

 

കോവിഡ് കാലത്ത് വീട്ടിലിരുന്ന സമയത്ത് കൈയ്യില്‍ ലിക്വിഡ് മണി ഇല്ലാതാവുകയും പുറത്ത് പോയി എടുക്കാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായി. ആ സമയത്തുണ്ടായ പ്രതിസന്ധിയാണ് ഏസ്മണി എന്ന ആശയത്തിലേയ്ക്ക് എത്തിച്ചതെന്ന് നിമിഷ പറയുന്നു. ഭക്ഷണം, വസ്ത്രം അങ്ങനെ എന്തും ആപ്പ് വഴി വീട്ടിലെത്തുന്നു. പിന്നെ എന്തുകൊണ്ട് പൈസകൂടി വീട്ടില്‍ എത്തിച്ചുകൂടാ എന്ന ചിന്തയാണ് ഏസ്മണിയുടെ പിറവിക്കു കാരണമായത്. കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര്‍, വീട്ടമ്മമാര്‍ അങ്ങനെ എല്ലാവര്‍ക്കും ഏസ്മണി ഉപകാരപ്പെട്ടു. തികച്ചും വ്യക്തിപരമായ ആവശ്യത്തില്‍ നിന്ന് ഏസ്മണി പോലുള്ള ഒരു സംരംഭം ആരംഭിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നിമിഷ ഓര്‍മിക്കുന്നു. ഐടി മേഖലയില്‍ ആയതുകൊണ്ടുതന്നെ ബാങ്കിങ് മേഖലയിലെ മൈക്രൊ എടിഎം മെഷീന്‍ പോലുള്ള ഉപകരണങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. ഐസിഐസി ബാങ്കും യെസ് ബാങ്കുമാണ് ഏസ്മണിയെ സപ്പോര്‍ട്ട് ചെയ്യുന്നത്.

 

ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം

കോവിഡ് കാലത്ത് ഒട്ടും സുരക്ഷിതമല്ലാത്ത ഇടങ്ങളായാണ് എടിഎം കൗണ്ടറുകളെ ജനങ്ങള്‍ കണ്ടത്. ആ സമയത്ത് ഏസ്മണിയിലൂടെ എടിഎം ടു ഹോം എന്ന സേവനം ആരംഭിച്ചപ്പോള്‍ അത് ഒരുപാട് പേര്‍ക്ക് ഉപകാരപ്പെട്ടു. ഒരു തവണ ഉപയോഗിച്ചവര്‍ വീണ്ടും ഏസ്മണിയുടെ ഉപഭോക്താക്കളായി. പിന്നീട് അവരുടെ നിര്‍ദേശം കണക്കിലെടുത്ത് ടാക്സ് പെയ്മെന്റ് ഉള്‍പ്പെടെ മറ്റു ചില ഓണ്‍ലൈന്‍ സര്‍വീസുകള്‍കൂടി വീട്ടിലെത്തിച്ചു കൊടുക്കാന്‍ തുടങ്ങി.

 

വണ്‍ ടു ത്രീ ബീം വോയ്സ്

ഡിജിറ്റല്‍ ലിറ്ററസി കുറവുള്ള മേഖലയില്‍ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്‍ ടു ത്രീ ബീം വോയ്സ് എന്ന സേവനം ആരംഭിച്ചത്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും ഡിജിറ്റല്‍ ബാങ്കിങ് ഉപയോഗിക്കാന്‍ വണ്‍ ടു ത്രീ ബീം വോയ്സിലൂടെ സാധിക്കും. സേവനത്തിനായി ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പറിലേക്ക് ഉപഭോക്താക്കള്‍ക്കു വിളിക്കാം. തുടര്‍ന്ന് കസ്റ്റമറിനെ വേരിഫൈ ചെയ്ത് സേവനം ഉറപ്പാക്കും. ഒരു ഫോണ്‍ വിളിയിലൂടെ ബാങ്കിങ് ഇടപാടുകള്‍ സാധ്യമാക്കും – അതാണ് വണ്‍ ടു ത്രീ ബീം വോയ്സ്. വഴിയോര കച്ചവടക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാനമന്ത്രി സ്വാനിധി യോജന പദ്ധതിയ്ക്കായി തെരഞ്ഞെടുത്ത അഞ്ച് കമ്പനികളില്‍ ഒന്നായിരുന്നു ഏസ്മണി. കാരണം ഒട്ടുമിക്ക കച്ചവടക്കാരും ഉപയോഗിക്കുന്നത് സാധാരണ ഫോണ്‍ ആണ്. പണമിടപാട് നടത്താന്‍ ബാങ്കില്‍ നേരിട്ട് പോകേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമാണ് വണ്‍ ടു ത്രീ ബീം വോയ്സ്. നിമിഷനേരം കൊണ്ട് പണമിടപാട് നടത്താന്‍ സാധിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ വലിയ ഗുണമെന്നും നിമിഷ പറഞ്ഞു. 2022 ജൂണിലാണ് വണ്‍ ടു ത്രീ ബീം വോയ്സിന്റെ സേവനം ആരംഭിച്ചത്.

വ്യാപിക്കുന്ന സേവനം

 

2020ല്‍ ഏസ്മണി ആരംഭിച്ചപ്പോള്‍ ട്രയല്‍ റണ്‍ നടത്തിയത് കൊച്ചി കോര്‍പ്പറേഷനിലായിരുന്നു. അതിനുശേഷം എല്ലാ കോര്‍പ്പറേഷനുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും സേവനം വ്യാപിപ്പിച്ചു. നിലവില്‍ കേരളത്തിലെ എല്ലാ കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റിയിലും നൂറ്റിയഞ്ചോളം പഞ്ചായത്തുകളിലും സേവനം ലഭ്യമാണ്. തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഏസ്മണി.

 

ഏസ്മണിയുടെ കീഴിലുള്ള സേവനങ്ങള്‍

എടിഎം ടു ഹോം, യുപിഐ, നിയോ ബാങ്കിങ് എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് പ്രധാനമായും ഏസ്മണിയുടെ സേവനങ്ങള്‍ ലഭിക്കുന്നത്. കോപ്പറേറ്റീവ് ബാങ്കുകള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്ക് അവരുടെ ബാങ്കിങ് സേവനങ്ങള്‍ പരമ്പരാഗത രീതിയില്‍ നിന്നും മാറ്റി ഡിജിറ്റലൈസ് ചെയ്യുന്നതിനായി അവതരിപ്പിച്ച ആശയമാണ് ഡിജിറ്റല്‍ ബാങ്കിങ് കിറ്റ്. മൊബൈല്‍ ആപ്ലിക്കേഷന്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍, എടിഎം ടു ഹോം സര്‍വീസ്, ഏസ്മണി ക്യൂആര്‍ കോഡുകള്‍, വണ്‍ ടു ത്രീം ബീം വോയ്സ്, ഏറ്റവും പുതുതായി പുറത്തിറക്കി വെയറബിള്‍ ഡെബിറ്റ് കാര്‍ഡ് എന്നിവയാണ് ഏസ്മണിയുടെ പ്രധാന സേവനങ്ങള്‍.

 

വിജയവും സംതൃപ്തിയും

കസ്റ്റമേഴ്സിന്റെ അംഗീകാരം തന്നെയാണ് ബിസിനസ് വിജയമാണോ എന്ന ചോദ്യത്തിനുള്ള മറുപടിയെന്ന് നിമിഷ പറയുന്നു. എടിഎം ടു ഹോം പോലുള്ള ഒരു സംരംഭവുമായി ജനങ്ങളിലേയ്ക്ക് എത്തുമ്പോള്‍ വിശ്വാസ്യതയാണ് പ്രധാനം. ഓരോ തവണയും അവരുടെ ഫിനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കായി ചെല്ലുമ്പോള്‍ അത്രത്തോളം സ്വീകാര്യത ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മികച്ച പിന്തുണയും ലഭിക്കുന്നുണ്ടെന്നും നിമിഷ പറഞ്ഞു.

 

ഭാരിച്ച ഉത്തരവാദിത്തം

പണമിടപാട് ആയതുകൊണ്ടു തന്നെ വലിയ ഉത്തരവാദിത്തം തന്നെയാണ്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നത് തുടക്കത്തില്‍ വലിയ വെല്ലുവിളി ആയിരുന്നുവെന്ന് നിമിഷ പറയുന്നു. പണത്തോടൊപ്പം ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടി വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് സ്വീകാര്യത കൂടിയതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

വെയറബിള്‍ എടിഎം കാര്‍ഡ്

സൗത്ത് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. ലൈഫ് സ്‌റ്റൈല്‍ പ്രൊഡക്ട് എന്ന നിലയിലാണ് വെയറബിള്‍ എടിഎം കാര്‍ഡ് പുറത്തിറക്കിയത്. പേര് സൂചിപ്പിക്കും പോലെ ഒരു ആക്സസറിയുടെ രൂപത്തില്‍ എടിഎം കാര്‍ഡ് ധരിച്ചു നടക്കാന്‍ സാധിക്കും. കാര്‍ഡ് ഉപയോഗിക്കാതെ നാം ധരിക്കുന്ന ഒരു മോതിരം, വാച്ച്, അല്ലെങ്കില്‍ പെന്‍ഡന്റ് എന്നിവയില്‍ എല്ലാം എടിഎമ്മിന്റെ ചിപ്പ് ഘടിപ്പിച്ച് കാര്‍ഡ് പോലെ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. കഴിഞ്ഞ ജൂണിലാണ് ഈ സേവനം ആരംഭിച്ചത്. ഒരു വാലറ്റ് പോലെ ക്യാഷ് ആദ്യം ലോഡ് ചെയ്തു വെയ്ക്കും. 5000 രൂപ വരെ പിന്‍ ഇല്ലാതെയും അതിനുശേഷം പിന്‍ ഉപയോഗിച്ചും പണമിടപാട് നടത്താം. സ്മാര്‍ട്ട് ഫോണുകളുമായി കണക്ട് ചെയ്ത ആപ്ലിക്കേഷന്‍ വഴിയാണ് വെയറബിള്‍ എടിഎം കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഇവ ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സംവിധാനം തികച്ചും സുരക്ഷിതവുമാണ്. യാത്ര ചെയ്യുമ്പോഴും മറ്റും കൈയ്യില്‍ പണമോ എടിഎം കാര്‍ഡോ ഫോണോ ഇല്ലെങ്കിലും ധരിച്ചിരിക്കുന്ന മോതിരമോ വാഹനത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന കീ ചെയിനോ മതിയാകും പണമിടപാട് നടത്താന്‍.

 

വളര്‍ച്ചയുടെ പാതയില്‍

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കൂടുതല്‍ ഇന്നൊവേറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിച്ചെന്ന് നിമിഷ പറയുന്നു. ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരംഭിക്കുമ്പോള്‍ പത്ത് ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന സ്ഥാപനം ഇന്ന് 132 ജീവനക്കാരില്‍ എത്തിനില്‍ക്കുന്നു. ഓള്‍ ഇന്ത്യ ലെവലിലേയ്ക്ക് സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് വിജയിച്ചതിനുശേഷം വിദേശ രാജ്യങ്ങളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. അടുത്ത അഞ്ചു വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും നിമിഷ വ്യക്തമാക്കുന്നു.

 

ഇ-ഗോള്‍ഡ് എന്ന സമ്പാദ്യം

സ്വര്‍ണം നല്ലൊരു നിക്ഷേപമാണെങ്കിലും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ സ്വര്‍ണം വാങ്ങുന്ന മിക്ക ആളുകളും അത് ഉപയോഗിക്കാറില്ലെന്നതാണ് സത്യം. ലോക്കറില്‍ സൂക്ഷിക്കാന്‍ അങ്ങോട്ട് പണം നല്‍കുകയും വേണം. അതിനൊരു സൊല്യൂഷന്‍ ആയാണ് ഇ- ഗോള്‍ഡ് എന്ന പദ്ധതി ആരംഭിച്ചത്. ആദ്യം സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍ വാങ്ങി സൂക്ഷിക്കാം. പിന്നീട് ആവശ്യമുള്ളപ്പോള്‍ ഗോള്‍ഡ് ആയി പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും. അര്‍ബന്‍ ഏരിയയിലാണ് ഇ-ഗോള്‍ഡിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചിരിക്കുന്നത്.

 

ഏസ്മണി എന്ന ബ്രാന്‍ഡ്

ബ്രാന്‍ഡ് നെയിം വിജയിച്ചാല്‍ മാത്രമേ ബിസിനസ് വിജയിക്കുകയുള്ളൂ എന്ന പക്ഷക്കാരിയാണ് നിമിഷ. പ്രത്യേകിച്ച് പണമിടപാട് സംബന്ധമായ കാര്യമാകുമ്പോള്‍ വിശ്വാസ്യത നേടിയെടുക്കണം. ഏസ്മണി എന്ന ബ്രാന്‍ഡിന്റെ രൂപീകരണം വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ആദ്യകാലത്ത് പത്രങ്ങളിലും, ടിവിയിലും നല്‍കിയ പരസ്യങ്ങള്‍, മറ്റു ക്യാമ്പയിനുകള്‍ എന്നിവ ബ്രാന്‍ഡിങ്ങിന് വലിയതോതില്‍ സഹായിച്ചു. ഇപ്പോള്‍ കൂടുതലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗപ്പെടുത്തുന്നത്.

 

വനിതാ സംരംഭകരോട്

പണ്ടുകാലത്ത് വനിതകള്‍ ബിസിനസിലേയ്ക്ക് വരിക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ ഇന്ന് അനുകൂല സാഹചര്യമാണ് ഉള്ളത്. വനിതാശാക്തീകരണത്തിനായി ഒരുപാട് പദ്ധതികള്‍ സര്‍ക്കാര്‍ തന്നെ നടപ്പാക്കുന്നുണ്ട്. കൂടാതെ വനിതകളെ പിന്തുണയ്ക്കാന്‍ ചുറ്റും നിരവധി പേരുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ മുഖ്യധാരയിലേയ്ക്ക് എത്തിക്കാനുള്ള വേദിയുണ്ട്. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ പോലുള്ള സംവിധാനങ്ങള്‍ വനിതാ സംരംഭകര്‍ക്കായി നിരവധി സ്‌കീമുകള്‍ നടപ്പാക്കുന്നുണ്ട്. ബിസിനസില്‍ വെല്ലുവിളികള്‍ ഉണ്ടാകാം. എന്നാല്‍ സ്ത്രീ ആയതുകൊണ്ട് ബിസിനസ് അസാധ്യമാണ് എന്ന ചിന്തയുടെ ആവശ്യമില്ലെന്നും നിമിഷ കൂട്ടിച്ചേര്‍ക്കുന്നു.

 

കുടുംബത്തിന്റെ പിന്തുണ

കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഏസ്മണി എന്ന ബ്രാന്‍ഡിലൂടെ തനിക്ക് വിജയം കൈവരിക്കാന്‍ സാധിച്ചതെന്നു നിമിഷ പറയുന്നു. ഭര്‍ത്താവ് ജിമ്മിന്‍ ജെ കുറിച്ചിയില്‍ ഏസ്മണിയുടെ സഹസ്ഥാപകനാണ്. ഏകമകന്‍ ജിമ്മിന്‍ ജെ ജൂനിയറും ഉള്‍പ്പെടുന്നതാണ് നിമിഷയുടെ സന്തുഷ്ട കുടുംബം.

 

Related posts

Leave a Comment