മത്സ്യകച്ചവടം നെറ്റിലാക്കിയ മില്യൺ ഡോളർ സംരംഭകൻ

ഒരു ഗ്ലാമറും ഇല്ലാതിരുന്ന മീൻ കച്ചവടത്തിൽ ടെക്‌നോളജിയുടെയും ഇ-കോമേഴ്സിന്റെയും അനന്ത സാധ്യതകൾ സന്നിവേശിപ്പിച്ച് ആഗോള ബ്രാൻഡ് ആക്കി അവതരിപ്പിക്കുക. കടുകുമണിയോളം വലിപ്പമുള്ള കൊച്ചുകേരളത്തിൽ ഒരു സ്റ്റാർട്ട് അപ്പ് ആയി ആരംഭിച്ച സംരംഭത്തിന്റെ പ്രസക്തിയും മൂല്യവും തിരിച്ചറിഞ്ഞു ആഗോള കമ്പനികൾ മില്യൺ ഡോളർ നിക്ഷേപം നടത്താനായി മത്സരിക്കുക. ഏതാനും ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യവും മാംസവും എത്തിച്ചു നൽകാനായി ആരംഭിച്ച കമ്പനി, 2.2 മില്യൺ രജിസ്റ്റേർഡ് ഉപഭോക്താക്കളുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഓൺലൈൻ മത്സ്യ വിപണിയെന്ന സ്ഥാനം സ്വന്തമാക്കുക. ഏറ്റവും ഒടുവിൽ യൂണികോൺ പദവിയുടെ പടിവാതിക്കൽ വരെ എത്തിനിൽക്കുക. കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നാമെങ്കിലും ഇത് ഫ്രഷ് ടു ഹോം എന്ന ബ്രാൻഡിന്റേയും ചേർത്തലക്കാരൻ മാത്യു ജോസഫിന്റെയും ദീർഘവീക്ഷണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ടീം വർക്കിന്റെയും നേർസാക്ഷ്യമാണ്.

മീനും കായലും കണ്ടുവളർന്ന മാത്യു ജോസഫിന് മീനിനോടുള്ള ഇഷ്ടം ലഭിച്ചത് സ്വന്തം അമ്മയിൽ നിന്നുമാണ്. ആ ഇഷ്ടമാണ്, വളർന്ന് ഉപഭോക്താക്കൾക്ക് പ്രിസർവേറ്റീവുകളും കെമിക്കലുകളും അടങ്ങിയിട്ടില്ലാത്ത ശുദ്ധമായ മത്സ്യവും മാംസവും പച്ചക്കറികളും എത്തിച്ചു നൽകുന്ന ഫ്രഷ് ടു ഹോം എന്ന ബ്രാൻഡ് ആയി മാറിയത്. 2012ൽ സീ ടു ഹോം എന്ന പേരിൽ മാത്യു ജോസഫ് ഓൺലൈൻ മത്സ്യ വിപണനം ആരംഭിക്കുമ്പോൾ ഫ്‌ളിപ്കാർട്ട് പോലും വെറും പുസ്തകങ്ങൾ വിറ്റഴിക്കുന്ന ഇ-കൊമേഴ്സ് വെബ്‌സൈറ്റ് ആയിരുന്നു. പിന്നീട് ഷാൻ കടവിൽ എന്ന ടെക്നോളജി വിദഗ്ധൻകൂടി എത്തിയത് സംരംഭത്തിന്റെ വളർച്ചയെ ദ്രുതഗതിയിലാക്കി. രാജ്യത്തെ 150 കടപ്പുറങ്ങളിലെ മത്സ്യതൊഴിലാളികളിൽനിന്നും മീൻ നേരിട്ട് വാങ്ങി ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറികളിൽ എത്തിച്ചു കൃത്യമായി രീതിയിൽ പാക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്ന ഫ്രഷ് ടു ഹോമിന്റെ പ്രവർത്തനം ഇന്ത്യയും എമറൈറ്റ്‌സും കടന്നു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ബ്രാൻഡ് അംബാസിഡർ ആയി ബോളിവുഡ് താരം രൺബീർ സിംഗ് കൂടി എത്തിയതോടെ ലോകം മുഴുവനുമുള്ള ഇന്ത്യക്കാരെ ലക്ഷ്യം വെക്കുന്ന ബ്രാൻഡായി ഫ്രഷ് ടു ഹോം മാറുന്നു.

കോർപ്പറേറ്റുകളുടെ നിക്ഷേപം

ഗൂഗിൾ ഇന്ത്യ, ഗൂഗിൾ വേൾഡ്, മൈക്രോസോഫ്റ്റ്, ദുബായ് അൽഗുറൈർ ഗ്രൂപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കോർപ്പറേറ്റുകൾ ഇതിനോടകം ഫ്രഷ് ടു ഹോമിൽ എയ്ഞ്ചൽ ഫണ്ടിങ് നടത്തിയിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ഓഹരി നിക്ഷേപം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന പദവിയും ഫ്രഷ് ടു ഹോമിനെ തേടിയെത്തി. മൂന്നാം റൗണ്ട് ഫണ്ടിങ്ങിൽ 860 കോടിയുടെ നിക്ഷേപമാണ് വിവിധ സ്ഥാപനങ്ങളിൽ നിന്നും ഫ്രഷ് ടു ഹോമിൽ എത്തിയത്. ഇന്ത്യയിലെ ഒരു സ്റ്റാർട്ട് അപ്പ് ഒരു റൗണ്ടിൽ സ്വന്തമാക്കുന്ന ഏറ്റവും വലിയ തുകയാണിത്.

വിജയിക്കാൻ ഷോർട്ട്കട്ടില്ല

ബിസിനസ് വിജയത്തിന് ഷോർട്ട്കട്ടുകൾ ഇല്ലെന്നു വിശ്വസിക്കുന്ന മാത്യു ജോസഫിന്റെ ജീവിതം ആരംഭിക്കുന്നത് ആലപ്പുഴയിലെ കൈതപ്പുഴ കായലിന്റെ തീരത്തുനിന്നാണ്. പ്രീഡിഗ്രി പഠനത്തിനു ശേഷം സീ ഫുഡ് എക്‌സ്‌പോർട്ട് ഫാക്ടറിയിൽ അക്കൗണ്ടന്റായി ആരംഭിച്ചതാണ് മാത്യു ജോസഫിന്റെ ജീവിതം. മത്സ്യ വിപണനത്തിന്റെ കണക്കുകളും ആസൂത്രണങ്ങളും വേഗത്തിൽ പഠിച്ചെടുത്ത അദ്ദേഹത്തിന് കമ്പനി പർച്ചേസ് മാനേജറായി സ്ഥാന കയറ്റം നൽകി. ചെറിയ പ്രായത്തിൽ തന്നെ ജീവിക്കാനുള്ള വരുമാനവും മറ്റു ചുറ്റുപാടുകളും വന്നുചേർന്നെങ്കിലും ഒരു സംരംഭം ആരംഭിക്കാനുള്ള മാത്യു ജോസഫിന്റെ ഉൾവിളിക്ക് ജോലി ഒരു തടസ്സമായി. അതോടെ നല്ല വരുമാനം ലഭിച്ച ജോലി ഉപേക്ഷിച്ചു ഗൾഫിലേക്ക് പച്ച മീൻ കയറ്റുമതി ചെയ്യുന്ന ചെറുബിസിനസിന് അദ്ദേഹം തുടക്കമിട്ടു. പിന്നീട് 2008ൽ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യം കയറ്റുമതിയെ കാര്യമായി ബാധിച്ചെങ്കിലും അതിനൊന്നിനും മാത്യു ജോസഫിനെ തളർത്താനായില്ല. സേഫ് സോൺ കളികൾ മാത്രം ഇഷ്ടപ്പെടുന്ന ബിസിനസുകാരനായിരുന്നില്ല മാത്യു ജോസഫ്. ഗൾഫ് വിപണിയിലെ തകർച്ചയെ അദ്ദേഹം നേരിട്ടത് നാട്ടിൽ തന്നെ മീൻ വിൽപന നടത്താനായി സീ ടു ഹോം എന്ന ബ്രാൻഡിൽ ഓൺലൈൻ മത്സ്യവിപണനത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു.

മീൻ വിൽക്കാൻ വെബ്‌സൈറ്റ് !

മത്സ്യ കച്ചവടത്തിന് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുക എന്നത് പ്രമുഖ ടെക് കമ്പനികൾക്ക് പോലും അന്ന് അംഗീകരിക്കാൻ സാധിച്ചില്ലെന്നു മാത്യു ജോസഫ് പറയുന്നു. ഒടുവിൽ എട്ടുമാസത്തോളം എടുത്താണ് കൊച്ചിയിലെ ഒരു കമ്പനി മാത്യു ജോസഫിന് ഓൺലൈൻ മത്സ്യ വിപണനത്തിനുള്ള വെബ്‌സൈറ്റ് വികസിപ്പിച്ചു നൽകിയത്. തികച്ചും വികേന്ദ്രീകൃതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യമേഖലയിൽ ഇത്തരം ഒരു പരീക്ഷണം ലോകത്ത് തന്നെ ആദ്യമായിരുന്നു. ഇതു കേട്ടറിഞ്ഞ മാധ്യമങ്ങൾ ഈ സംരംഭത്തിനു പരിപൂർണ പിന്തുണയുമായി എത്തിയതോടെ ഉപഭോക്താക്കളും ആകൃഷ്ടരാകുകയായിരുന്നു. ഫോബ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഓൺലൈൻ വഴി മീൻ വാങ്ങാൻ ആളുകൾ ഇടിച്ചു കയറി. സാധാരണയായി കൂടുതൽ കസ്റ്റമർ എന്നാൽ ഏതൊരു കമ്പനി ഉടമയ്ക്കും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ മാത്യു ജോസഫിനും സീ ടു ഹോമിനും കാര്യങ്ങൾ എതിർദിശയിൽ ആയിരുന്നു. ആയിരക്കണക്കിന് ഉപഭോക്താക്കൾ ഒരേ സമയം വെബ്‌സൈറ്റിൽ കയറിയതോടെ സൈറ്റ് ഹാങ്ങ് ആയി. അതോടെ സീ ടു ഹോമിന്റെ പ്രവർത്തനം പൂർണമായി നിശ്ചലമായി.

സീ ടു ഹോമിൽ നിന്നും ഫ്രഷ് ടു ഹോമിലേക്ക്

ബംഗ്‌ളൂരു അടക്കമുള്ള മെട്രോ നഗരങ്ങളിൽ ബിസിനസ് ശക്തമായിരുന്ന കാലത്താണ് വെബ്‌സൈറ്റിന്റെ തകരാറുമൂലം കമ്പനിയുടെ പ്രവർത്തനം നിശ്ചലമായത്. ഇതിനിടെ നല്ല മത്സ്യം വിപണിയിൽ ലഭിക്കാതായതോടെ കമ്പനിയുടെ അസാന്നിധ്യവും വലിയ ചർച്ചയായി. ഈ ഘട്ടത്തിലാണ് മത്സ്യം ലഭിക്കുന്നില്ലെന്ന പരാതിയുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗെമിംഗ് കമ്പനിയായ സിംഗ ഡോട്ട് കോമിന്റെ ഇന്ത്യൻ സിഇഒ ഷാൻ കടവിലിന്റെ ഫോൺ മാത്യു ജോസഫിനെ തേടിയെത്തുന്നത്. ഒരു വലിയ മാറ്റത്തിന്റെ തുടക്കമായാണ് ഷാൻ കടവിലിന്റ കമ്പനിയിലേക്കുള്ള വരവിനെ മാത്യു ജോസഫ് കാണുന്നത്. ലോകത്തെ തന്നെ എണ്ണം പറഞ്ഞ ഇൻഫർമേഷൻ ടെക്‌നോളജി വിദഗ്ധനായ ഷാൻ കടവിൽ കമ്പനിയുടെ സാങ്കേതിക സഹായത്തിന് എത്തിയതോടെ തടസങ്ങൾ വളരെ വേഗം പരിഹരിച്ചു. ഷാൻ കടവിലിന്റെ കൂടെ മറ്റ് അഞ്ചുപേരും കൂടി കമ്പനിയുടെ സഹസ്ഥാപകൻമാരായി എത്തി. തുടർന്ന് ടെക്‌നോളജിയിലും ഇൻഫ്രാസ്ട്രക്ച്ചറിലും വൻ മാറ്റങ്ങളാണ് ഉണ്ടായത്. അതോടെ സീ ടു ഹോം ആയിരുന്ന ബ്രാൻഡ് ഫ്രഷ് ടു ഹോം ആയി പുനരവതരിപ്പിച്ചു. മത്സ്യതൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ആപ്ലിക്കേഷനും കമ്പനി വികസിപ്പിച്ചു. നിലവിൽ പതിനേഴായിരത്തിലധികം ജീവക്കാരുള്ള കമ്പനിക്ക് കേരളത്തിന് പുറത്തും വൻ വിപണന ശൃംഖലയാണുള്ളത്. ഇന്ന് ഇന്ത്യയിലെ 86 നഗരങ്ങളിൽ ഫ്രഷ് ടു ഹോം ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ബംഗ്‌ളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ ഫ്രഷ് ടു ഹോം ഡെയിലി എന്ന പേരിൽ പഴവും പച്ചക്കറികളും ഇപ്പോൾ എത്തിച്ചു നൽകുന്നുണ്ട്. ഒരോ സെക്കന്റിലും ഒരു ഓർഡർ എന്ന നിലയിലായി കമ്പനിയുടെ വളർച്ച.

ഫ്രഷ് ടു ഹോം, ടോട്ടലി ഫ്രഷ്

വലതു വശത്ത് വലയെറിഞ്ഞു മീൻ പിടിക്കുകയെന്ന ക്രിസ്തു വചനത്തെ ജീവിതത്തിൽ പകർത്തിയ മാത്യു ജോസഫ് ഒരിക്കലും മൂല്യങ്ങൾ വിട്ടുകളിക്കാൻ തയ്യാറല്ല. അതുകൊണ്ടുതന്നെ പ്രോഡക്റ്റിന്റെ ഗുണനിലവാരത്തിൽ കോംപ്രമൈസിനുമില്ല. ഏത് കടപ്പുറത്തു നിന്നുള്ള മീൻ ആണെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ പാക്‌ചെയ്ത് വിവിധ ഫാക്ടറികളിൽ എത്തിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള
വാഹനങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഇടങ്ങളിലായി എട്ട് ഫാക്ടറികളാണ് ഫ്രഷ് ടു ഹോം സ്ഥാപിച്ചത്. കേരളത്തിൽ ആലപ്പുഴയിലാണ് ഫാക്ടറിയുടെ പ്രവർത്തനം. ആന്റിബയോട്ടിക്കുകളോ ഹോർമോണുകളോ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ ഫാമുകളിൽ നിന്നാണ് കമ്പനി നേരിട്ട് മാംസം വാങ്ങുന്നത്. ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പ് വരുത്താൻ 80 ഏക്കറിൽ അധികം പ്രദേശത്ത് കമ്പനി നേരിട്ട് മത്സ്യകൃഷിയും നടത്തുന്നുണ്ട്.

മീൻ വിപണിയെന്ന ബില്യൺ ഡോളർ ബിസിനസ്

താൻ ഈ ബിസിനസിലേക്ക് ഇറങ്ങിയത് ഇതിന്റെ സാധ്യത മനസ്സിലാക്കി കൊണ്ടുതന്നെയാണെന്നു മാത്യു ജോസഫ് പറയുന്നു. ബിസിനസ് ആരംഭിക്കുമ്പോൾ 50 ബില്യൺ ഡോളർ ആയിരുന്നു ഇന്ത്യയുടെ മത്സ്യ വിപണി. ഇന്ന് അത് 79 ബില്യൺ ഡോളർ ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ മത്സ്യ വിപണിയുടെ മൂന്നു ശതമാനം മാത്രമാണ് ഇന്നും ഓർഗനൈസ് ചെയ്യപ്പെട്ടത്. 7516.6 കിലോ മീറ്റർ കടൽത്തീരമുള്ള രാജ്യത്തിന്റെ ജിഡിപിയിലെ 1.2 ശതമാനം മാത്രമാണ് മത്സ്യസമ്പത്ത് പ്രധാനം ചെയ്യുന്നത്. ഫ്രഷ് ടു ഹോമിനെ പിന്തുടർന്ന് ചെറുതും വലുതുമായ ഒരുപാട് ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഉയർന്നു വരുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നു.

കുടുംബത്തിന്റെ പിന്തുണ

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബിസിനസ് തകർന്ന അവസ്ഥയിൽ, നാട്ടിൽ തന്നെ പച്ച മീനിന് വിപണി കണ്ടെത്താൻ പ്രചോദനം നൽകിയത് ഭാര്യ ലീല്ലമ്മ മാത്യുവിന്റെ വാക്കുകളാണെന്ന് മാത്യു ജോസഫ് ആവർത്തിക്കുന്നു. എംബിഎ വിദ്യാർത്ഥിയായ മകൻ അജയ് കെ.മാത്യുവിന് ഹാർബറുകളിലെ മത്സ്യ തൊഴിലാളികളുമായി നല്ല ബന്ധമാണ്. മകൾ അന്നയും മരുമകൻ വിവേക് അഗസ്റ്റിനും കൊച്ചു മകൻ വിഹാനും കൂടി ഉൾപ്പെടുന്ന കുടുംബത്തിന്റെ കൂട്ടായ പിന്തുണയും സ്‌നേഹവുമാണ് തന്റെ ബിസിനസിന്റെ ശക്തിയെന്നും മാത്യു ജോസഫ് കൂട്ടിച്ചേർക്കുന്നു.

 

Related posts

Leave a Comment