ഷെഫ് എന്നാല്‍ ഇന്ന് ഓരോ മലയാളിയുടെയും നാവിലെത്തുന്ന ആദ്യത്തെ പേര്. സുരേഷ് പിള്ള. കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളും സ്വാദും ലോകമെങ്ങും എത്തിച്ച മാസ്റ്റര്‍ ഷെഷ്. അഷ്ടമുടി കായലിന്റെ തീരത്തുനിന്ന് രുചിക്കൂട്ടുകള്‍തേടി ലണ്ടണ്‍ വരെ എത്തിയ യാത്ര. ഒടുവില്‍ റെസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാന്‍ഡിലൂടെ രുചിയുടെ സംരംഭകലോകങ്ങളെ കീഴടക്കി തുടരുന്ന മുന്നേറ്റം.
ശശിധരന്‍ പിള്ളയുടെയും രാധമ്മയുടെയും മകനായി കൊല്ലം ചവറയില്‍ ജനിച്ച സുരേഷ് പിള്ള ഇന്ന് ആഗോള മലയാളിയുടെ ബ്രാന്‍ഡാണ്. പാഷനും കഠിനാധ്വാനവും മുറുകെ പിടിച്ച് തുടരുന്ന ജീവിതം. ചെറുപ്പം മുതല്‍ ചെസിനോടായിരുന്നു അഭിരുചി. ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച സാമര്‍ഥ്യം. പില്‍ക്കാല ജീവിത പ്രതിസന്ധികള്‍ സുരേഷിനെ അണിയിച്ചത് ഷെഫിന്റെ കുപ്പായം. ബിബിസി മാസ്റ്റര്‍ ഷെഫ് മത്സരത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്ത അപൂര്‍വം ഇന്ത്യക്കാരില്‍ ഒരാള്‍ എന്ന ബഹുമതിക്ക് അര്‍ഹന്‍. മാസം 450 രൂപ വരുമാനം ലഭിക്കുന്ന വെയ്റ്റര്‍ ജോലിയില്‍നിന്ന് ഇന്ന് അനേകം പേര്‍ക്ക് ജോലി നല്‍കുന്ന റെസ്റ്റോറന്റ് സംരംഭകനിലേക്കുള്ള യാത്ര. കാലം കടന്നുപോകുമ്പോള്‍ കേരളത്തിന്റെ തനത് രുചികള്‍ ഗൃഹാതുരമായ സംഗീതത്തിനോടൊപ്പംചേര്‍ത്ത് ആരാധകരെ അമ്പരപ്പിക്കുന്ന അദ്ദേഹം ഇന്നു സോഷ്യല്‍ മീഡിയയിലെയും മിന്നുംതാരം. പരസ്യങ്ങളുടെ പിന്തുണയില്ലാതെ രുചിക്കൂട്ടുകളില്‍ തീര്‍ക്കുന്ന മാന്ത്രികതയിലൂടെ മാത്രം റെസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാന്‍ഡിനെ ഹിറ്റാക്കിയ സംരംഭക വൈദഗ്ധ്യം.
സംരംഭകത്വത്തിലേയ്ക്കുള്ള ചുവടുവെയ്പ്പ്
ഇരുപത്തിയേഴു വര്‍ഷത്തെ ഷെഫ് ജീവിതം സമ്മാനിച്ച അനുഭവസമ്പത്തിലൂടെ ഒരു റെസ്റ്റോറന്റ് ബ്രാന്‍ഡ് എന്ന ആശയം രൂപപ്പെടുത്തിയത് ഒരു സംരംഭകനാകാന്‍ മാത്രമായിരുന്നില്ല. ലണ്ടനിലെ ഉന്നത ജോലി, ഭാര്യയുടെ ജോലി, മക്കളുടെ പഠനം, ബ്രിട്ടീഷ് പൗരത്വം എന്നിവയയെല്ലാം ഉപേക്ഷിച്ചാണ് നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി രണ്ടു വര്‍ഷക്കാലം റാവിസില്‍ ജോലി ചെയ്യുന്നതിനിടെയാണ് റെസ്റ്റോറന്റ് ആരംഭിക്കാമെന്ന തീരുമാനം കൈക്കൊണ്ടത്. മറ്റുള്ളവര്‍ക്കും തന്നിലൂടെ അവസരം ലഭിക്കുമല്ലോ എന്ന ചിന്തയില്‍ നിന്നാണ് സംരംഭമെന്ന ആശയം രൂപപ്പെട്ടത്. ബംഗ്ളൂരുവില്‍ റെസ്റ്റോറന്റ് ആരംഭിച്ചപ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് അത് ജനഹൃദയങ്ങള്‍ കീഴടക്കി. കേരളത്തില്‍ എപ്പോള്‍ എന്ന നിരന്തരമായ ചോദ്യങ്ങള്‍ക്കൊടുവില്‍ കൊച്ചിയിലും റെസ്റ്റോറന്റ് ആരംഭിച്ചു. കേവലം ദിവസങ്ങള്‍മാത്രമായിട്ടുള്ള ഒരു റെസ്റ്റോറന്റിന് ലഭിക്കുന്ന സ്വീകാര്യത ഭക്ഷണത്തോടും തന്റെ ബ്രാന്‍ഡിനും ലഭിക്കുന്ന അംഗീകാരമാണെന്ന് സുരേഷ് പിള്ള പറയുന്നു. ഇപ്പോള്‍ നല്ല ഹാപ്പിയാണ്, വളര്‍ന്നുവന്ന ചുറ്റുപാടുകള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവ നോക്കുമ്പോള്‍. ആഗ്രഹിച്ചതിനപ്പുറം അല്ലെങ്കില്‍ അര്‍ഹതയുള്ളതിനേക്കാള്‍ പലതും നേടാനായി. നൂറ്റിയമ്പതോളം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞു. പുതുതായി അഞ്ഞൂറോളം പേര്‍ക്ക് ജോലി നല്‍കാനുള്ള പ്രൊജക്ടുകള്‍ ആരംഭിച്ചു. ആജീവനാന്തകാലം ജീവിക്കാനുള്ള നല്ല ജോലി ഉണ്ടായിരുന്നു. വേണമെങ്കില്‍ ആ ജോലിയില്‍ നില്‍ക്കാമായിരുന്നു. എന്നാല്‍ ഒരു സംരംഭകനാകണമെന്ന തീരുമാനത്തിലൂടെ മറ്റുള്ളവര്‍ക്കും പുതിയ അവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഷെഫ് ജിവിതത്തിലേയ്ക്ക്
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് പത്താം ക്ലാസിനു ശേഷം പഠനത്തിന് വിലങ്ങുതടിയായി. ചെസിനോട് അഭിരുചി ഉണ്ടായിരുന്നിട്ടും അതും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല. ജീവിക്കാനായി കൊാല്ലത്തെ ഒരു ഹോട്ടലില്‍ വെയ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. അവിടുത്തെ തുച്ഛമായ വരുമാനത്തിനിടെ പാചകത്തിലേയ്ക്കും തിരിഞ്ഞു. രുചിയുടെ ലോകത്തേയ്ക്കുള്ള ഷെഫ് യാത്ര അങ്ങനെയായിരുന്നു. പിന്നീട് കോഴിക്കോട്ടെ കസിനോ ഹോട്ടലില്‍ ഷെഫായി. പിന്നീട് ബംഗ്‌ളൂരുവിലേക്ക്. കോക്കനട്ട് ഗ്രൂവ് ഹോട്ടലില്‍ ആറു വര്‍ഷക്കാലം ജോലി ചെയ്തിറങ്ങുമ്പോള്‍ ഹെഡ് ഷെഫായി. മികച്ച വരുമാനമുള്ള ജോലിയില്‍ പ്രവേശിക്കാനായെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഷെഫ് ആകണമെന്നായിരുന്നു സ്വപ്നം. പിന്നെ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍. വിദ്യാഭ്യാസ യോഗ്യത പലപ്പോഴും തടസമായെങ്കിലും ലീല പാലസില്‍ നിന്നും തന്റെ സ്വപ്നത്തിലേയ്ക്കുള്ള വിളിവന്നു. പരിചയ സമ്പത്തുണ്ടായെങ്കിലും വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഏറ്റവും കുറഞ്ഞ വരുമാനം മാത്രമാണ് അവിടെ നിന്നും ലഭിച്ചത്. എങ്കിലും പിന്മാറാന്‍ തയ്യാറായില്ല. അവസരങ്ങള്‍ക്കായി കുറഞ്ഞ വേതനത്തിലും അവിടെ തന്നെ ജോലി ചെയ്തു. വിവാഹശേഷം കേരളത്തിലേയ്ക്ക് മടങ്ങി കുമരകം ലേക്ക് റിസോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചു. അതിനിടെയാണ് ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ്. ലണ്ടനിലെ പ്രശസ്ത റെസ്റ്റോറന്റായ വീരസ്വാമിയില്‍ നിന്നും ജോലിക്കായുള്ള ക്ഷണം. മികച്ച റെസ്റ്റോറന്റ് എന്നതിലുപരി മികച്ച വരുമാനത്തില്‍ സീനിയര്‍ പോസ്റ്റിലേക്കുള്ള നിയമനം. രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല, കുടുംബവുമൊത്ത് ലണ്ടനിലേക്ക് പറന്നു.
മനസറിഞ്ഞ ചിരി
രുചി മാത്രമല്ല, ഒന്നും ആര്‍ട്ടിഫിഷ്യലായി സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് സുരേഷ് പറയുന്നു. ഭക്ഷണം പോലെ തന്നെ ഏറ്റവും മനോഹരമായ ചിരിയാണ് സുരേഷ്പിള്ളക്ക് ലോകത്തങ്ങോളമിങ്ങോളം ആരാധാകരെ സമ്മാനിച്ചത്. ചിരിച്ചുകൊണ്ട് പെരുമാറിയാല്‍ എല്ലാ പ്രശ്‌നങ്ങളും ലഘൂകരിക്കാന്‍ സാധിക്കുമെന്ന പക്ഷക്കാരനാണ് സുരേഷ്.
വന്നവഴി മറക്കരുത്
കൊച്ചിയില്‍ റെസ്റ്റോറന്റ് ഷെഫ് പിള്ള ആരംഭിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഉദ്ഘാടനത്തിനു മുമ്പ് തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട റെസ്റ്റോറന്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉദ്ഘാടനവും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. സുരേഷിന് ജീവിതത്തില്‍ ആദ്യമായി 20 രൂപ ശമ്പളം നല്‍കിയ ശ്യാമളചേച്ചിയും മാസം 450 രൂപ ശമ്പളം നല്‍കിയ മണിസാറുമായിരുന്നു ഉദ്ഘാടകര്‍. തികച്ചും യാദൃശ്ചികമായ തീരുമാനമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. കൊച്ചിയിലേത് ഡ്രീം പ്രൊജ്കടാണ്. ലെ മെറിഡിയന്‍ പോലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റെസ്റ്റോറന്റ് ആരംഭിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ നേട്ടമാണ്. കടന്നുവന്ന വഴിയില്‍ കൂടെ ചേര്‍ത്തുപിടിച്ചവരുടെ അനുഗ്രഹം കൂടെയുണ്ടാകണമെന്ന് കരുതി. തുടക്കകാലത്ത് നമ്മെ സഹായിച്ചവരെ പലരും പലപ്പോഴും അവരുടെ വളര്‍ച്ചയില്‍ ഓര്‍ക്കാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഇതൊരു സന്ദേശമാകട്ടെയെന്നു കരുതി – സുരേഷ്പിള്ള പറഞ്ഞു.
നൂറ് ശതമാനം ബജറ്റ് ഫ്രണ്ട്‌ലി
പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നത് തികച്ചും ഒരു കണ്‍സെപ്റ്റ് മാത്രമാണ്. ഇത്തരം ഹോട്ടലുകള്‍ പണക്കാര്‍ക്കുവേണ്ടി മാത്രമുള്ളതാണെന്ന ഒരു ചിന്തയുണ്ട്. ആ ചിന്ത മാറ്റാന്‍ കൂടിയാണ് കൊച്ചിയില്‍ റെസ്റ്റോറന്റ് ആരംഭിച്ചത്. നല്ലൊരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന വില തന്നെയുള്ളൂ ഇവിടെയും. ഏറ്റവും നല്ല എക്‌സ്പീരിയന്‍സില്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ സാധിക്കും. മാസത്തില്‍ ഒരു തവണയോ മൂന്ന് മാസത്തില്‍ ഒരിക്കലോ വര്‍ഷത്തില്‍ ഒരിക്കലോ ഒക്കെ പുറത്തുപോയി കഴിക്കുന്നവര്‍ ഉണ്ടാകുമല്ലോ. അവര്‍ക്കും റെസ്റ്റോറന്റ് ഷെഫ് പിള്ളയിലും വന്നു ട്രൈ ചെയ്യാം. വിദേശരാജ്യങ്ങളില്‍ കണ്ടു വരുന്ന ഫൈന്‍ ഡൈനിംഗ് എന്താണെന്നുള്ളത് മലയാളികളും അറിയണം എന്നതാണ് കൊച്ചിയിലെ റെസ്റ്റോറന്റിനു പിന്നിലുള്ള ആശയം. മികച്ച പ്രതികരണം ഇവിടെ ലഭിക്കുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റെസ്റ്റോറന്റിനു ലഭിക്കുന്ന സ്വീകാര്യത വലിയ മാറ്റമാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറയുന്നു.
ബിബിസി എന്‍ട്രി
കരിയറിലെ ഏറ്റവും വലിയ ബ്രേക്കായിരുന്നു ബിബിസിയിലെ എന്‍ട്രി. ഏറ്റവും വ്യൂവര്‍ഷിപ്പുള്ള മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുക എന്നത് നിസാര കാര്യമല്ല. ഒരു തവണ എങ്കിലും പങ്കെടുക്കണമെന്ന ആഗ്രഹമാണ് ആ വേദിയില്‍ എത്തിച്ചത്. ആയിരത്തി ഇരുന്നൂറോളം പേരാണ് മത്സരത്തിന് അപേക്ഷിച്ചത്. കേരളീയരീതിയില്‍ അയലയും മാങ്ങയും കറിവെച്ച് എല്ലാവരെയും ഞെട്ടിച്ചു. അതോടെ ഷെഫ് പിള്ള എന്ന പേര് കേരളത്തിലും പുറത്തുമെല്ലാം കൂടുതല്‍ പ്രചാരത്തിലായി.
ശീലമാക്കണം സീസണല്‍ ഫുഡ്
ഗ്ലോബല്‍ വാമിങ്ങിന്റെ ഭാഗമായിട്ടാണ് സീസണല്‍ ഫുഡ് എന്ന കണ്‍സെപ്റ്റ് ഉയര്‍ന്നുവന്നത്. നമ്മള്‍ ഏതു രാജ്യത്തുമാകട്ടെ ജീവിക്കുന്നത്, എവിടെയാണോ പോകുന്നത് അവിടെ ആ ചുറ്റുപാടില്‍, ആ സീസണില്‍ ലഭിക്കുന്ന ഭക്ഷണം കഴിക്കാനാണ് എല്ലാവരെയും പ്രേരിപ്പിക്കേണ്ടത്. കേരളത്തില്‍ മുരിങ്ങക്കയുടെ സീസണ്‍ ആണെങ്കില്‍ അത് കഴിക്കുക. ചേനയോ ചേമ്പോ ആണ് ലഭിക്കുന്നതെങ്കില്‍ അത് കഴിക്കാന്‍ ശ്രമിക്കുക. കയറ്റി അയച്ച് ലഭിക്കുന്ന ഭക്ഷണം കഴിക്കുന്ന ശീലമാണ് എല്ലാവര്‍ക്കും. സീസണ്‍ സമയത്ത് ലഭിക്കുന്ന നല്ല മാമ്പഴം ആയിരിക്കില്ല അണ്‍സീസണ്‍ സമയത്ത് ലഭിക്കുന്ന മാമ്പഴം. ഓരോ പഴത്തിനും ഓരോ സീസണ്‍ ഉണ്ട്. സീസണ്‍ സമയത്ത് ലഭിക്കുന്ന ഭക്ഷണം കഴിച്ചു തുടങ്ങിയാല്‍ അതാണ് ഏറ്റവും നല്ലതെന്ന് സുരേഷ്പിള്ള വ്യക്തമാക്കുന്നു.
വിജയത്തിലേയ്ക്കുള്ള അനുഭവ പാഠങ്ങള്‍
ഷെഫ് പിള്ള എന്ന ബ്രാന്‍ഡിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാതിരുന്നിട്ടും
കഴിക്കാം ഔചിത്യത്തോടെ
പണ്ടുള്ള സാഹചര്യങ്ങളില്‍ നിന്നും മാറി മലയാളികള്‍ക്ക് ആഗ്രഹിക്കുന്നത് എന്തും എപ്പോഴും ഏതു സമയത്തും കഴിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇന്നുണ്ടായിട്ടുണ്ട്. പണ്ടുകാലത്ത് പല പരിമിതികളും ഉണ്ടായിരുന്നു. ഇന്ന് കുട്ടികള്‍ക്കുപോലും അവര്‍ ആഗ്രഹിക്കുന്ന എന്തും ലഭിക്കുന്നു. ഒരാളുടെ ശരീരത്തിന് താങ്ങാവുന്നതിലും അധികം പലരും കഴിക്കുന്നുണ്ട്. ഓരോരുത്തരുടെയും ശരീരം യുണീക് ആണ്. അതനുസരിച്ച് സ്വയം തിരിച്ചറിഞ്ഞ് നല്ല ഭക്ഷണ ശീലങ്ങള്‍ പിന്തുടരുക. സൗകര്യങ്ങള്‍ കൂടി വരുമ്പോള്‍ ജീവിതശൈലി രോഗങ്ങളും ഉണ്ടാകും. ജീവിതനിലവാരം, പുതിയ ടെക്നോളജി എന്നിവ വികാസം പ്രാപിക്കുകയാണ്. ആ ഉയര്‍ച്ചയില്‍ ഇതൊന്നും അനുഭവിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകരുത്. സ്വയം നിയന്ത്രിച്ച് ഔചിത്യത്തോടെ ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് നമ്മുടെ ശരീരം പെരുമാറുന്നത്. ബോധവാന്മാരായി ലൈഫ്സ്‌റ്റൈല്‍ പാലിച്ചാല്‍ കുറച്ചുനാള്‍ കൂടി ഇവിടെ ജീവിക്കാന്‍ സാധിക്കും. ഫുഡ് ഹൈജീന്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. രുചിയുള്ള ഭക്ഷണം വളരെ വില കുറഞ്ഞ് എവിടെ കിട്ടും എന്നുള്ളതാണ് എല്ലാവരും നോക്കുന്നത്. അവിടെ അവര്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മ ഉള്ളതാണോ, മായം ചേര്‍ത്തിട്ടുണ്ടോ, എന്ന് ആരും ചിന്തിക്കുന്നില്ല. വില കുറഞ്ഞത് എന്ന കണ്‍സെപ്റ്റ് ആദ്യം മാറ്റിയെടുക്കണം.
പുതുതലമുറയിലെ ഷെഫ് സംരംഭകരോട്
പാചകം എന്ന മേഖല ഏറ്റവും നല്ല കരിയര്‍ ഓപ്പര്‍ച്യൂണിറ്റിയാണ്. അടുത്തകാലത്താണ് ഇത്രത്തോളം പ്രചാരം ലഭിച്ചത്. ലോങ് ലാസ്റ്റിങ് ആയിട്ടുള്ള കരിയറാണ്. ഒരു മികച്ച ഷെഫ് ആകുന്നതിന് പ്രായം ഒരിക്കലും ഒരു തടസമാകുന്നില്ല. ഒരു പാഷന്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് ആഹാരം ഉണ്ടാക്കിക്കൊടുക്കുക എന്നത് ഒരു പുണ്യപ്രവൃത്തികൂടിയാണെന്നും സുരേഷ്പിള്ള പറയുന്നു.
ഷെഫ് പിള്ള എന്ന ബ്രാന്‍ഡ്
പേഴ്സണല്‍ ബ്രാന്‍ഡിങ് എന്നത് എങ്ങനെ ആയിരിക്കണമെന്ന് ആലോചിച്ചു തീരുമാനിച്ച ഒരു കാര്യമായിരുന്നില്ല. ബിസിനസിലേയ്ക്ക് വരുന്നു. പണം നല്‍കി പരസ്യം ചെയ്യാതെ തന്നെ പ്രചാരം ലഭിക്കുന്നു. വലിയ ബ്രാന്‍ഡായി മാറുന്നു. ഒരു വ്യക്തിയുടെ പേരും ആ സ്ഥാപനവും ഒരുപോലെ ബ്രന്‍ഡാകുന്ന കാഴ്ച. സോഷ്യല്‍മീഡിയ ഏറ്റവും പോസിറ്റീവായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പേഴ്സണല്‍ ബ്രാന്‍ഡിങ്ങില്‍ തന്റെ വിജയമെന്നും സുരേഷ്പിള്ള വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് നല്ല രീതിയില്‍ വിനിയോഗിച്ചാല്‍ എല്ലാവര്‍ക്കും അതിന്റെ ഫലം ലഭിക്കും. ഒരു ദിവസം കൊണ്ടല്ല സോഷ്യല്‍ മീഡിയ വഴി ഒരു ബ്രാന്‍ഡിങ് ഉണ്ടായത്. തുടര്‍ച്ചയായി അതിനെ ഉപയോഗിച്ചതുകൊണ്ടാണ് ഒരു ഇന്‍ഫ്ളുവന്‍സര്‍ ആയി മാറാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇനി തൃശൂരിലേക്ക്
ബംഗ്ളൂരുവിനും കൊച്ചിക്കും പിന്നാലെ റെസ്റ്റോറന്റ് പിള്ള തൃശൂരിന്റെ മണ്ണിലേയ്ക്കാണ് ഇനി വേരുറപ്പിക്കാന്‍ പോകുന്നത്. പിന്നാലെ ദുബായ്, ദോഹ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കും.
സ്വപ്ന പദ്ധതി
കേരളത്തിന്റെ രുചി വൈവിധ്യങ്ങളെയും പാചകകലയിലെ തന്റെ വൈദഗ്ധ്യത്തെയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന അക്കാദമി ആരംഭിക്കണമെന്നാണ് സുരേഷ്പിള്ളയുടെ ആഗ്രഹം. കേരളം ആസ്ഥാനമായി കേരള പാചക അക്കാദമി എന്ന സ്വപ്നത്തിലേയ്ക്കുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ പൈതൃക ഭക്ഷണരീതികള്‍ പഠിപ്പിക്കുക, പഴയ റെസിപ്പികള്‍ ഡോക്യുമെന്റേഷന്‍ ചെയ്ത് പുതിയ തലമുറയ്ക്ക് കൈമാറ്റം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംരംഭമായിരിക്കും കേരള പാചക അക്കാഡമി.
കുടുംബത്തിന്റെ പിന്തുണ
അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന്റെ പിന്തുണയാണ് വലുത്. ഒരിക്കലും കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒരാള്‍ക്കും വിജയിക്കാന്‍ സാധിക്കില്ല. എപ്പോഴും ലൈംലൈറ്റില്‍ നില്‍ക്കുക എന്നത് നിസാര കാര്യമല്ല. കുടുംബത്തിനോടൊപ്പം ചെലവിടേണ്ട സമയമായിരിക്കും സോഷ്യല്‍ മീഡിയയില്‍ ഒരു പാചക റെസിപ്പി ഇടുന്നതിനുവേണ്ടി ഉപയോഗിക്കുന്നത്. പരാതി പറയാതെ അവര്‍ കൂടെ നില്‍ക്കുന്നതു തന്നെയാണ് എന്റെ വിജയം – സുരേഷ്പിള്ള പറഞ്ഞുനിര്‍ത്തുന്നു.