പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ഓരോരുത്തരിലും ഉയരുന്ന ചോദ്യമാണ് ഇനി എന്ത് എന്നത്. 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി. അബ്ദുള്ളയും അങ്ങനയൊരു ചോദ്യം അഭിമുഖീകരിക്കുന്ന സമയത്ത് തികച്ചും അവിചാരിതമായാണ് സംരംഭകന്റെ കുപ്പായമണിയുന്നത്. ഒരു കിലോ മുന്തിരിയില്‍ നിന്നും തിരുവനന്തപുരം സ്വദേശി അബ്ദുള്ള മുഹമ്മദ് സാലി ആരംഭിച്ച സംരംഭം ഇന്ന് വിജയവഴിയിലാണ്. നിസാരമെന്ന് തോന്നുമെങ്കിലും ഈ മുന്തിരിക്കഥ പറയുന്നത് ഒരു സംരംഭകന്റെ വിജയവും അയാള്‍ക്ക് ലഭിക്കുന്ന മികച്ച വരുമാനത്തെയും കുറിച്ചാണ്.
തുടങ്ങിയത് ഒരുകിലോ മുന്തിരിയില്‍
അബ്ദുള്ള മുഹമ്മദ് സാലി നാട്ടില്‍ മടങ്ങിയെത്തി പുതുതായി ഒരു ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ സുഹൃത്ത് ഷമീറിന്റെ മനസില്‍ രൂപപ്പെട്ട ആശയമാണ് ഫ്രഷ് ബോള്‍ ഗ്രേപ്പ് ജ്യൂസ്. വിദേശത്ത് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്ളയ്ക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിനോട് വലിയ താല്പ്പര്യമായിരുന്നു. അങ്ങനെ സുഹൃത്തിന്റെ ആശയം എന്തുകൊണ്ട് ഒരു ബ്രാന്‍ഡാക്കി മാറ്റിക്കൂടാ എന്ന ആലോചനയാണ് ബിസിനസിലേക്കുള്ള വഴി തുറന്നത്.
സുഹൃത്തിന്റെ കടയില്‍ നിന്നു തന്നെ ഒരു കിലോ മുന്തിരി വാങ്ങി പരീക്ഷണം ആരംഭിച്ചു. പിന്നീട് പരീക്ഷണങ്ങളുടെ കാലം. തുടക്കത്തിലെ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെങ്കിലും പിന്മാറാതെ പിഴവുകള്‍ പരിഹരിച്ച് അബ്ദുള്ള തുടര്‍ പരീക്ഷണങ്ങള്‍ നടത്തി. വിജയിക്കുംവരെ അത് തുടരുകയും ചെയ്തു. അവസാനം ഫ്രഷ് ബോള്‍ ഗ്രേപ്പ് ജ്യൂസ് കുടിക്കാന്‍ കഴിയുന്ന പാകത്തില്‍ തയാറാക്കിയെടുത്തു. ജ്യൂസ് ആദ്യം ചെറിയ ഗ്ലാസുകളിലാക്കി മുന്തിരി വാങ്ങിയ കടയില്‍ തന്നെ വില്‍പ്പനയ്ക്ക് വച്ചു. ആവശ്യക്കാരേറുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തതോടെ ആത്മവിശ്വാസം വര്‍ധിച്ചു. സുഹൃത്തുക്കളുടെ പിന്തുണ കൂടിയായപ്പോള്‍ 2016 ല്‍ ഫ്രഷ് ബോള്‍ ഗ്രേപ്പ് ജ്യൂസ് എന്ന ബിസിനസ് സംരംഭം പിറവികൊണ്ടു. തുടര്‍ന്ന് ബിടുബി ട്രേഡേഴ്സ് എന്ന കമ്പനി രൂപീകരിച്ച് ഇയോ (i, you and others- IYO) എന്ന പേരില്‍ കൂടുതല്‍ ഉല്‍പ്പാദനവും വിതരണവും തുടങ്ങി. ഇന്ന് ഇയോയുടെ രുചിപ്പെരുമ ദേശങ്ങള്‍ കടന്ന് മുന്നേറുകയാണ്.
വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ
നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും ചുരുങ്ങിയകാലം കൊണ്ട് ഇയോ വിപണി കീഴടക്കിയതിനു പിന്നിലുള്ള പ്രധാനഘടകം അതിന്റെ പ്രകൃതിദത്തമായ ഗുണമേന്മയാണ്. യാതൊരുവിധ രാസപദാര്‍ഥങ്ങളോ, കളറോ, പ്രിസര്‍വേറ്റീവോ ചേര്‍ക്കുന്നില്ല എന്നതാണ് ഈ തനത് ഗുണമേന്മയുടെ പ്രധാന കാരണം. അതുകൊണ്ടുതന്നെ മൂന്ന് ദിവസം മാത്രമാണ് ജ്യൂസിന്റെ കാലാവധി പറയുന്നത്.
ബംഗളൂരുവില്‍ നിന്നും കൊണ്ടുവരുന്ന ഏറ്റവും മികച്ച ഗുണമേന്മയുള്ള മുന്തിരിയാണ് ജ്യൂസ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. പല ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനയടക്കം ചെയ്താണ് ബോട്ടിലില്‍ നിറയ്ക്കുന്നത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നതിനു പുറമെ ഓരോ ഘട്ടത്തിലും രുചിയുടെ പാകം നോക്കി ഗുണമേന്മ ഉറപ്പാക്കിയാണ് വിതരണത്തിനായി തയാറാക്കുന്നത്. ആദ്യകാലത്ത് കടകളില്‍ വില്പനയ്ക്കെത്തിക്കുമ്പോള് പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പ്രചാരത്തിലുള്ള മറ്റു സോഫ്റ്റ് ഡ്രിങ്കുകള്‍ ഉള്ളപ്പോള്‍ ഇയോ എങ്ങനെ വിറ്റഴിയുമെന്ന് വ്യാപാരികള്‍ക്കും സംശയമായിരുന്നു. എന്നാല്‍ ജ്യൂസിന്റെ ഗുണമേന്മയെക്കുറിച്ച് പലതവണ അവബോധം നല്‍കുകയും ഒരുതവണ കുടിച്ചവരുടെ അഭിപ്രായത്തില്‍ നിന്നുമൊക്കെയാണ് ഇയോ ഇന്നു കാണുന്ന നിലയിലേയ്ക്ക് വളര്‍ന്നത്.
ഞാനും നിങ്ങളും മറ്റുള്ളവരും
മികച്ച ഉത്പന്നം മാത്രം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ആശയമാണ് ഇയോ എന്ന പേരിനു പിന്നില്‍. മുഹമ്മദ് സാലി തന്നെയാണ് ഈ പേര് തിരഞ്ഞെടുത്തത്. ജ്യൂസ് നിര്‍മിച്ചപ്പോള്‍ തന്നെ മനസില്‍ രൂപപ്പെട്ട പേരാണ് ഇയോ. പിന്നീടാണ് കമ്പനി പോലും രൂപീകരിച്ചത്. സ്വന്തമായി ഉപയോഗിച്ച് സംതൃപ്തി നേടിയ രുചി മറ്റൊരാളിലേയ്ക്കും ആ വ്യക്തിയില്‍ നിന്നും കൂടുതല്‍ ആളുകളിലേയ്ക്കും എന്നതാണ് ഞാന്‍, നിങ്ങള്‍, മറ്റുള്ളവര്‍ എന്ന പേരിനുപിന്നിലെ രഹസ്യം. രുചിയിലും ഗുണമേന്മയിലും യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന നിര്‍ബന്ധം കൂടുതല്‍ പേരിലേയ്ക്ക് ഇയോ എത്താന്‍ സഹായിക്കുന്നു. ഒരു തവണ ജ്യൂസ് കുടിച്ചവരുടെ അഭിപ്രായമാണ് ഇയോയുടെ വിജയമന്ത്രം.
ജ്യൂസ് നിര്‍മാണത്തിന്റെ പരീക്ഷണഘട്ടം മുതല്‍ അബ്ദുള്ളയ്ക്ക് കരുത്തായി ഉമ്മയും കൂടെയുണ്ട്. വിപണിയില്‍ മികച്ച അഭിപ്രായം ഉയര്‍ന്നതോടെയാണ് ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ സഹായത്തിനായി ആദ്യം ഒരു ജീവനക്കാരിയെ നിയമിച്ചു. ബിസിനസ് വളര്‍ന്നതിനോടൊപ്പം ജീവനക്കാരുടെ എണ്ണവും വര്‍ധിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളാണ് ജീവനക്കാരിലധികവും. മുപ്പതിലധികം ജീവനക്കാര്‍ ബിടുബി ട്രേഡേഴ്സില്‍ ജോലി ചെയ്യുന്നുണ്ട്. ബിസിനസ് പങ്കാളിയായ സുഹൃത്ത് മുനീര്‍ ഷായും ഒപ്പമുണ്ട്. നിലവില്‍ ഊരൂട്ടമ്പലത്തുള്ള ബിടുബി ട്രേഡേഴ്സില്‍ നിന്നാണ് ഇയോ വിപണിയിലെത്തുന്നത്.
300 എം എല്‍ മുതല്‍ എക്കണോമി ബോട്ടില്‍ വരെ
50 രൂപയുടെ 300 എം എല്‍ ബോട്ടിലില്‍ നിന്നാണ് ഇയോയുടെ ആദ്യ വില്പന ആരംഭിക്കുന്നത്. ഇന്ന് 500 രൂപയുടെ അഞ്ച് ലിറ്റര്‍ ഇക്കണോമി ബോട്ടില്‍ വരെ വിപണിയിലുണ്ട്. പ്രമേഹരോഗികള്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കും വേണ്ടി ഒരു ലിറ്ററിന്റെ ഷുഗര്‍ഫ്രീ ജ്യൂസുകളും ഇയോ ഉത്പാദിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇയോ ജ്യൂസിന് വലിയ സ്വീകാര്യതയാണുള്ളത്. തീയറ്റര്‍, റെസ്റ്റോറന്റ്, ഹോസ്പിറ്റലുകള്‍, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം ഇയോ ലഭിക്കും. കൂടാതെ കന്യാകുമാരി, കൊല്ലം, എറണാകുളം ജില്ലകളിലും വില്പന ആരംഭിച്ചിട്ടുണ്ട്. കേരളത്തിലുടനീളം ബിസിനസ് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകനായ അബ്ദുള്ള. 2021 ലെ മെട്രോ ഫുഡ് അവാര്‍ഡ് ഉള്‍പ്പെടെ ഇയോക്ക് ലഭിച്ചു എന്നത് ഈ ഉത്പന്നതിന്റെ ഗുണമേന്മക്കും വിശ്വാസ്യതക്കുമുള്ള അംഗീകാരമാണ്.
വിശദവിവരങ്ങള്‍: http//www.iyoballgrapes.com, 8075563752