ടെക്‌നോപാര്‍ക്കിന് കുതിപ്പ്: ഐ.ടി.കയറ്റുമതി 9775 കോടിരൂപ

ഐ.ടി. കയറ്റുമതിയില്‍ വന്‍കുതിപ്പ് നേടി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1274കോടി രൂപയുടെ അധികവരുമാനമാണ് കൈവരിച്ചതെന്ന് കേരള ഐ.ടി.പാര്‍ക്ക്‌സ് സി.ഇ.ഒ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. ഇതോടെ മൊത്തം കയറ്റുമതി 9775കോടിരൂപയിലെത്തി. വളര്‍ച്ച 15%.

ഇതിന് പുറമേ കൃത്യമായി ജി.എസ്.ടി നികുതി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിന്റെയും ക്രിസലിന്റെയും (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഒഫ് ഇന്ത്യ) അംഗീകാരവും 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്ക് നേടി.

നിലവില്‍ 106 ലക്ഷം ചതുരശ്ര അടിസ്ഥലത്ത് 470കമ്പനികളിലായി 70000 പേരാണ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 78 കമ്പനികള്‍ തുടങ്ങി. 2.68ലക്ഷം ചതുരശ്ര അടി സ്ഥലമാണിവര്‍ക്ക് നല്‍കിയത്.