കൊച്ചിയും ഗുരുവായൂരും ഇനി 5ജി

കൊച്ചി നഗരം ഇനി മുതല്‍ 5ജി പരിധിയില്‍. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജിയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടക്കത്തില്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ലഭിക്കുന്ന 5ജി സേവനം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും അടുത്തമാസം കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും ലഭ്യമാകും. അടുത്ത വര്‍ഷം അവസാനത്തോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5ജി എത്തിക്കുകയാണ് ലക്ഷ്യം.

ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശേരി മുതല്‍ അരൂര്‍ വരെയും പറവൂര്‍, പുത്തന്‍കുരിശ് മേഖലകളിലും കൊച്ചിയില്‍ 5ജി സേവനം ലഭ്യമാകും. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ നിലവില്‍ സേവനം സൗജന്യമാണ്. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജി കേരളത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് വഴിതുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആരോഗ്യ സംരക്ഷണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാക്കുന്ന ജിയോ കമ്യൂണിറ്റി ക്ലിനിക് മെഡിക്കല്‍ കിറ്റും വിദ്യാഭ്യാസ മേഖലയ്ക്ക് പ്രയോജനപ്രദമാകുന്ന എആര്‍-വിആര്‍ ജിയോ ഗ്ലാസും ചടങ്ങില്‍ പരിചയപ്പെടുത്തി. കേരളത്തില്‍ ജിയോ നെറ്റ്വര്‍ക്കിന്റെ ഇതുവരെയുള്ള നിക്ഷേപം 16,500 കോടിരൂപയാണ്.

കേരളത്തില്‍ 5ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനു മാത്രമായി 6,000 കോടിയിലധികം രൂപയാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ജിയോ കേരള മേധാവി കെ.സി.നരേന്ദ്രന്‍ പറഞ്ഞു.നിലവിലുള്ള 4ജി സേവനത്തെ അപ്‌ഗ്രേഡ് ചെയ്യുന്നതിനു പകരം സമാന്തരമായ നെറ്റ്വര്‍ക്ക് സ്ഥാപിച്ചാണ് 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്. അതിനാലാണ് ജിയോ ട്രൂ 5ജി എന്നു വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍, എംഎല്‍എമാരായ ടി.ജെ.വിനോദ്. കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍, അന്‍വര്‍ സാദത്ത്, കലക്ടര്‍ രേണുരാജ്, കേരള ടെലികോം വിഭാഗം സീനിയര്‍ ഡിഡിജി വിനോദ്.പി.ഏബ്രഹാം, കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദിര്‍, റിലയന്‍സ് ജിയോ സംസ്ഥാന കോഓര്‍ഡിനേറ്റിങ് ഓഫിസര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.