ഗുണമേന്മയില്ലാത്ത സോഡ വിറ്റു: ലൈസന്‍സ് റദ്ദാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഗുണമേന്മയില്ലാത്ത സോഡ നിര്‍മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പാസ് സോഡ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇവിടെ നിന്നും ശേഖരിച്ച സോഡയുടെ സാമ്പിള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ്‌സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും അധിക അളവില്‍ പ്ലേറ്റ് കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി. വെള്ളത്തിലെയും ഭക്ഷ്യവസ്തുക്കളിലെയും ബാക്റ്റീരിയയുടെ അളവിനെ സൂചിപ്പിക്കുന്ന ഏകകമാണ് പ്ലേറ്റ്കൗണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സോഡ തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി. കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സോഡ തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സന്നിധാനം, നിലയ്ക്കല്‍, പമ്പ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന ഊര്‍ജിതമായി തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.