ഐടി മേഖലയില്‍ തൊഴില്‍ – സംരംഭക വിപ്ലവം സൃഷ്ടിച്ച് ഇ-നെറ്റ്

 

അനന്തമായ തൊഴിലവസരങ്ങളുടെ കലവറയാണ് ഐടി രംഗം. ആ മേഖലയില്‍ മികച്ച ഒരു ബിസിനസ് മോഡല്‍ സ്വയം കണ്ടെത്തുകയും അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു ഐടി പ്രൊഫഷണല്‍ ആണ് തൃശൂര്‍ സ്വദേശിയായ ലൂസിഫര്‍. ഓണ്‍ലൈന്‍ രംഗത്തെ പുത്തന്‍ വിപ്ലവമായ ഇ- നെറ്റ് ജനസേവന കേന്ദ്രമെന്ന ബ്രാന്‍ഡിന്റെ അമരക്കാരനാണ് അദ്ദേഹം. ഇ-നെറ്റ് ജനസേവനകേന്ദ്രം പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ആയിരക്കണക്കിന് സംരംഭകരെ സൃഷ്ടിക്കാന്‍ ഇതിനോടകം മാനേജിങ് ഡയറക്ടറായ ലൂസിഫറിന് സാധിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങളും മറ്റ് അവശ്യസേവനങ്ങളും മിതമായ നിരക്കില്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇ-നെറ്റ് ജനസേവനകേന്ദ്രം. സ്വന്തമായി ഒരു ഓഫീസും കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ആര്‍ക്കും കുറഞ്ഞ മുതല്‍ മുടക്കില്‍ ഇ-നെറ്റ് ജനസേവനകേന്ദ്രം ആരംഭിക്കുകയും വരുമാനം നേടുകയും ചെയ്യാം.

അക്ഷയ കേന്ദ്രങ്ങള്‍ക്ക് ബദലാണ് ഇ-നെറ്റ് ജനസേവന കേന്ദ്രമെന്ന് ലൂസിഫര്‍ പറയുന്നു. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ലാത്ത പൊതുസമൂഹത്തിനു വേണ്ടിയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അക്ഷയ കേന്ദ്രങ്ങളേക്കാളും മെച്ചപ്പെട്ട സേവനം ഇ- നെറ്റ് ഉറപ്പുനല്‍കുന്നു. അനുഭവ സമ്പത്തുള്ള ജീവനക്കാരാണ് ഇ-നെറ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

അക്ഷയകേന്ദ്രത്തില്‍ പത്തുവര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള ലൂസിഫര്‍ സ്വന്തമായി ഒരു സംരംഭം എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയത്തിലേയ്ക്ക് വരുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വഴിയാണ് ഇ- നെറ്റിന് സമൂഹത്തില്‍ പ്രചാരം നേടിക്കൊടുത്തത്.
ഒരു പഞ്ചായത്തില്‍ രണ്ടു മുതല്‍ നാലുവരെ കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിക്ക് ഇന്ന് കേരളത്തിലെമ്പാടുമായി 1900 കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ ഉണ്ട്. നാലായിരത്തോളം പേര്‍ക്ക് സ്ഥിരവരുമാനവും ലഭിക്കുന്നു. കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍, ഇന്റര്‍നെറ്റ് , 200 സ്‌ക്വയര്‍ ഫീറ്റ് ഓഫീസ് സ്പെയ്സ് എന്നിവയുള്ള ഒരാള്‍ക്ക് സ്വയം തൊഴില്‍ സംരംഭമായി ഇ-നെറ്റ് ജനസേവനകേന്ദ്രത്തിന്റെ കസ്റ്റമര്‍ സര്‍വീസ് പോയന്റ് (CSP) ആരംഭിക്കാം. സേവനങ്ങള്‍ക്കാവശ്യമായ ട്രെയിനിങ്, ബാക്ക് ഓഫീസ് സപ്പോര്‍ട്ട്, ബ്രാന്‍ഡിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സപ്പോര്‍ട്ട്, ലീഗല്‍ സപ്പോര്‍ട്ട് എന്നിവ ഇ-നെറ്റ് ലഭ്യമാക്കും.

സെന്‍ട്രല്‍ ഡാറ്റാ പ്രൊസസിങ് യൂണിറ്റുകള്‍ , ഡിസ്ട്രിക്റ്റ് പ്രൊജക്ട് ഓഫീസുകള്‍, മാര്‍ക്കറ്റ് റിസര്‍ച്ച് – ബിസിനസ് ഡെവലപ്പ്മെന്റ് & ട്രെയിനിങ്ങ് സെന്റര്‍, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ് എന്നിവയിലൂടെ ഇ-നെറ്റ് ജനസേവനകേന്ദ്രം അതുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രറിയുടെയും ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെയും മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിന്റെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഒരേയൊരു ഓണ്‍ലൈന്‍ സോഷ്യല്‍ സര്‍വീസ് നെറ്റ് വര്‍ക്ക് കൂടിയാണ് ഇ-നെറ്റ് ജനസേവനകേന്ദ്രം. നിലവില്‍ അക്ഷയ, സി എസ് സി, ഇന്റര്‍നെറ്റ് കഫെ, ഡിടിപി, ഫോട്ടോസ്റ്റാറ്റ് സെന്ററുകള്‍, ട്രാവല്‍സ്, സ്റ്റുഡിയോ, ചെറുകിട ബാങ്കിങ് സ്ഥാപനങ്ങള്‍, മറ്റു ഓണ്‍ലൈന്‍ സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്ക് ഇ-നെറ്റ് ജനസേവനകേന്ദ്രം ലഭ്യമാക്കുന്ന കൂടുതല്‍ സര്‍വീസുകള്‍ പൊതു ജനങ്ങള്‍ക്ക് നല്‍കാനുള്ള അവസരമുണ്ട്.

ചുരുങ്ങിയ ചിലവില്‍ വലിയ ബിസിനസ് എന്ന ആശയം പൂര്‍ണ വിജയമാക്കിയ ലൂസിഫറിലൂടെ നിരവധിപേര്‍ മികച്ച സംരംഭകരായി മാറുകയും ചെയ്തു. ഇ-നെറ്റ് ജനസേവനകേന്ദ്രം ആരംഭിച്ചിട്ട് ചുരുങ്ങിയകാലം മാത്രമേ ആയിട്ടുള്ളൂവെങ്കിലും അക്ഷയകേന്ദ്രങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് അവയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറയുന്നു.

ഐടി മേഖലയില്‍ രൂപീകൃതമായ ആദ്യത്തെ ട്രേഡ് യൂണിയന്‍ സംഘടനയായ അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസിന്റെ സ്ഥാപക നേതാവ് കൂടിയാണ് ലൂസിഫര്‍. ഇപ്പോള്‍ ഫെഡറേഷന്‍ ഓഫ് ഐടി എംപ്ലോയീസിന്റെ സംസ്ഥാന പ്രസിഡന്റ് ആയും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാരിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ മേഖലയിലെ തൊഴില്‍ സാധ്യതകളെ തങ്ങളുടെ വയറ്റിപ്പിഴപ്പിനായി മാത്രം ഉപയോഗിക്കാനുള്ള അക്ഷയ സംരംഭകരുടെ കുത്സിത ശ്രമങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിരോധങ്ങളാണ് ഫെഡറേഷന്‍ നടത്തിവരുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ അക്ഷയയിലൂടെ മാത്രമേ ആകാവൂ എന്നുള്ള 07-11-2019 ലെ സ.ഉ.(കൈ)നം.26/2019/വി.സ.വ. നമ്പര്‍
സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ വാങ്ങിക്കാന്‍ ആവശ്യമായ കോടതിവ്യവഹാരങ്ങള്‍ നടത്തിയത് ഫെഡറേഷനാണ്. പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത് അന്നത്തെ ഐ ടി സെക്രട്ടറി ആയിരുന്ന എം. ശിവശങ്കര്‍ ആയിരുന്നു.

ഇ-നെറ്റ് വാഷ്‌മേറ്റ്, ജനമിത്രം, ഇന്‍ഷുറന്‍സ് മാനേജ്‌മെന്റ് സിസ്റ്റം, ഇ-നെറ്റ് അഗ്രി, ഇ-നെറ്റ് മാട്രിമോണിയല്‍, കേരള ലൈവ് ടിവി, നിസ്സര്‍ഗ്ഗ ഓര്‍ഗാനിക്‌സ് ഇന്ത്യ, ഇ-നെറ്റ് ഹോംസ്, എന്റെ ടീച്ചര്‍, ഇ-നെറ്റ് എഡ്യുസെര്‍വ്, ഇ-നെറ്റ് കൊറിയര്‍, ഹാപ്പി കോഫി, ഈസി കാര്‍ട്ട് എന്നിവ ഇ-നെറ്റിന്റെ പുതിയ തൊഴില്‍ സംരംഭങ്ങളാണ്. ഇ-നെറ്റിലൂടെ 12000 തൊഴില്‍ അവസരങ്ങള്‍ കൂടി ഈ വര്‍ഷം നല്‍കുമെന്ന് ലൂസിഫര്‍ പറഞ്ഞു. 200 കോടിയുടെ നിക്ഷേപമാണ് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave comment

Your email address will not be published. Required fields are marked with *.