തലസ്ഥാനത്തെ ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം ആളുകള്‍, 20 ലക്ഷം വാഹനങ്ങള്‍

മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വര്‍ഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ മാളില്‍ തുറന്നിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൂടിയാണ് ഇത്. പതിനായിരത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും മാളില്‍ തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്ത് ആദ്യ മിഡ്‌നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ എന്നിങ്ങനെ നേട്ടങ്ങളും ലുലു സ്വന്തമാക്കി.

ലുലു മാളിന്റെ ഒന്നാം വാര്‍ഷികവും, ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങളോടുമനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെ നീളുന്ന ഷോപ്പ് ആന്‍ഡ് വിന്‍ ഉള്‍പ്പെടെ നിരവധി സമ്മാനപദ്ധതികളാണ് ഒരുക്കിയിരിയ്ക്കുന്നത്. ബംപര്‍ സമ്മാനമായ മഹീന്ദ്ര എക്‌സ് യു വി 700 കാറിന് പുറമെ സ്‌കൂട്ടര്‍, സ്വര്‍ണ്ണനാണയങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കമുള്ള സമ്മാനങ്ങളുമുണ്ട്. മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ ഔട്ട്ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും ആകര്‍ഷകമായ സമ്മാനങ്ങളും ലഭിയ്ക്കും. ഡിസംബര്‍ 16 മുതല്‍ 18വരെ മിഡ്‌നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിയ്ക്കുന്നതിനായി ഉപഭോക്കാക്കള്‍ക്ക് അന്‍പത് ശതമാനം ഇളവുകളോടെ മാള്‍ പുലര്‍ച്ചെ 2 മണിവരെ തുറന്ന് പ്രവര്‍ത്തിയ്ക്കും.

ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31 വരെ മാളില്‍ സുംബ നൈറ്റ്, സാന്റ ഡാന്‍സ് ഉള്‍പ്പെടെ വിവിധ കലാപരിപാടികളും, സംഗീത നിശയും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 19ന് ലുലു റീട്ടെയ്ല്‍ അവാര്‍ഡുകള്‍ സമ്മാനിയ്ക്കും. വൈകിട്ട് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിയ്ക്കുന്ന സംഗീത നിശയും അരങ്ങേറും.